- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആളിക്കത്തിയ വെപ്രാളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയ പാടുകളില്ല; തലയിലെ മുറിവും അസ്വാഭാവികത; മൃതദേഹത്തിന് അടുത്ത് കണ്ടെത്തിയ മണ്ണെണ്ണ പാത്രവും വീട്ടിൽ ഉള്ളതല്ല; അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് അച്ഛനെ അറിയിച്ചതും മകൾ; ഇപ്പോൾ വരാമെന്ന് അറിയിച്ച് ഓടിയെത്തിയ അമ്മ കണ്ടത് കത്തിക്കരിഞ്ഞ ആതിരയെ? മലയിൻകീഴിലെ പതിനാറുകാരിയുടെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: മലയിൻകീഴിന് സമീപം തുടുപ്പോട്ടുകോണത്ത് 16കാരി വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകി. തുടുപ്പോട്ട്കോണം ഹരീന്ദ്രനാഥ് - ജയന്തി ദമ്പതികളുടെ മകളായ ആരതി(16)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് പിതാവ് പരാതി നൽകിയത്. 13 ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് ആരതിയെ വീടിനുള്ളിൽ തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഹരീന്ദ്രനാഥ് മറുനാടനോട് പറഞ്ഞത്.
മണ്ണെണ്ണ ഒഴിച്ചാണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൃതദേഹത്തിന് സമീപം കിടന്നിരുന്ന മണ്ണെണ്ണ പാത്രം വീട്ടിലുണ്ടായിരുന്നതല്ല. റേഷൻ കടയിൽ നിന്നും വാങ്ങി വച്ചിരുന്ന മണ്ണെണ്ണ വീട്ടിൽ തന്നെ ഉണ്ട്. കൂടാതെ മൃതദേഹം അടുക്കളയിൽ നിലത്ത് കിടക്കുകയായിരുന്നു. തല മുതൽ കാൽമുട്ടുവരെ തീ പിടിച്ചിട്ടുണ്ട്. എന്നാൽ അടുക്കളയിൽ മറ്റൊരു ഭാഗത്തും തീ പിടിക്കുകയോ തറയിൽ മറ്റ് പാടുകളോ കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുകയാണെങ്കിൽ തീ പിട്ക്കുമ്പോൾ വെപ്രാളപ്പെട്ട് ഓടി നടക്കുകയോ എവിടെയെങ്കിലും പിടിക്കുകയോ ചെയ്യും.
എന്നാൽ അത്തരത്തിലുള്ള ഒരു പാടുകളും അടുക്കളയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ തലയിൽ മുറിവ് പറ്റിയിട്ടുമുണ്ട്. അടുക്കളഭാഗത്തെ വാതിൽ തുറന്ന് കിടക്കുകയുമായിരുന്നു. ഇതൊക്കെയാണ് ആരതിയുടെ മരണം ആത്മഹത്യ അല്ല എന്നാരോപിച്ച് പിതാവ് പരാതി നൽകാൻ കാരണം. ആരതി മരിക്കുന്നതിന് അരമണിക്കൂർ മുമ്പ് പിതാവുമായി ഫോണിൽ സംസാരിക്കുകയും ചെയ്തതാണ്. ആത്മഹത്യ ചെയ്യേണ്ടുന്ന യാതൊരു കാര്യങ്ങളും ഇല്ലാ എന്നും പിതാവ് മറുനാടനോട് പറഞ്ഞു.
ഹരീന്ദ്രനാഥ് ഫോർഡ് ഷോറൂമിലെ ഡ്രൈവറാണ്. മാതാവ് ജയന്തി വെള്ളയമ്പലത്തുള്ള ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച പതിവു പോലെ ഇരുവരും ജോലിക്ക് പോയി. എന്നത്തേയും പോലെ ആരതി വീട്ടിൽ തനിച്ചായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് അമ്മ ജയന്തി വീട്ടിലെത്തും. എന്നാൽ അന്നത്തെ ദിവസം ജയന്തി 12 മണിയായിട്ടും വീട്ടിലെത്തിയില്ല. അമ്മയെ കാണാതിരുന്നതോടെ ആരതി ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല.
തുടർന്ന് പിതാവിനെ വിളിച്ച് അമ്മ വീട്ടിലെത്തിയില്ലെന്നും വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും വിഷമത്തോടെ പറഞ്ഞു. ഉടൻ തന്നെ ഹരീന്ദ്രനാഥ് ജയന്തി ഫോണിൽ വിളിച്ചു. വീട്ടിലെത്താൻ താമസിക്കുന്നതെന്താണെന്നും മകൾ വിളിച്ചിട്ട് എടുക്കാതിരുന്നതെന്താണെന്നും ചോദിച്ചു. ട്രാവൽസിലെ പണം ബാങ്കിൽ അടക്കാൻ പോയതാണെന്നും വേഗം വീട്ടിലേക്ക് പോകുകയാണെന്നും ജയന്തി മറുപടി നൽകി.
ജയന്തി വീട്ടിലേക്ക് വിളിച്ച് ആരതിയോട് വേഗം വരാമെന്നും നാരങ്ങ വെള്ളം തയ്യാറാക്കി വെക്കാനും പറഞ്ഞു. തുടർന്ന് തിരുമലയിലെത്തി ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വീടിനുള്ളിൽ നിന്നും ആരതിയുടെ പ്രതികരണം ഇല്ലാതിരുന്നതോടെ അയൽക്കാരെ ജയന്തി വിളിച്ച് അന്വേഷിച്ചു. അയൽക്കാർ കൂടി വന്ന് വീടിന് പിൻഭാഗത്തെ അടുക്കള വാതിൽ തള്ളിതുറന്നു. വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ. വാതിൽ തുറന്നപ്പോഴാണ് ആരതി കത്തിക്കരിഞ്ഞു കിടക്കുന്നത് കണ്ടത്. പിന്നീട് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.
ഇവരുടെ വീടിന് തൊട്ടടുത്തായി നിരവധി വീടുകളുണ്ട്. എന്നാൽ വീട്ടിൽ നിന്നും യാതൊരു ശബ്ദവും ആരും കേട്ടില്ല. അതിനാൽ അയൽക്കാർക്കും നിരവധി സംശയങ്ങളുണ്ട്. വീട്ടിനുള്ളിലെ മണ്ണെണ്ണ പാത്രം അവിടെ തന്നെയുള്ളപ്പോൾ മറ്റൊരു മണ്ണെണഅണപാത്രം എങ്ങനെ അവിടെയെത്തി എന്നും സംശയം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും എന്നാണ് പൊലീസ് അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പെൺകുട്ടിക്ക് മറ്റേതെങ്കിലും തരത്തിലുള്ള ഉപദ്രവം ഏറ്റിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ.