കണ്ണൂർ: കൊച്ചിയിലെ പ്രശസ്ത ഡോക്ടറാണെന്ന് പറഞ്ഞ് ഗൾഫുകാരന്റെ ഭാര്യ ഉൾപ്പെടെ നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലെ പ്രതിയെയും കൊണ്ടു പൊലിസ് തെളിവെടുത്തു.പ്രതിയിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കോളിലൂടെ കൊച്ചിയിലെ ഒരു വൻകിട ആശുപത്രിയിലെ ഡോക്ടറെന്ന് പരിചയപ്പെടുത്തി പയ്യന്നൂർ കണ്ടങ്കാളിയിലെ ഗൾഫുകാരന്റെ ഭാര്യയും തൃക്കരിപ്പൂർ സ്വദേശിനിയുമായ യുവതിയുടെ ആറ് ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

ഇയാൾ തട്ടിപ്പിന് ഉപയോഗിച്ച മൂന്ന് മൊബെൽ ഫോണും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിലാത്തറ ടൗണിന് സമീപത്തെ സർവീസ് സ്റ്റേഷൻ ഉടമ നസ്രിയ വില്ലയിൽ കെ.നജീമി(38)നെയാണ് എസ്‌ഐ കെ.വി സതീശന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു തൃക്കരിപ്പൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. 2020 ഡിസമ്പറിലാണ് കേസിനാസ്പദമായ സംഭവത്തിന് തുടക്കം.

ഇന്റർനെറ്റ് കോളിലൂടെ എറണാകുളത്തെ പ്രശസ്ത ആശുപത്രിയിലെ ഡോ. അനൂപ് ആണെന്ന് പരിചയപ്പെടുത്തിയാണ് യുവതിയുമായി സൗഹൃദം തുടങ്ങിയത്. ഭർത്താവിന് ഗൾഫിൽ ജോലിയാണെന്ന് മനസിലാക്കിയ പ്രതി ദൗർബല്യങ്ങൾ മനസിലാക്കി അമ്മയുടെ ചികിത്സക്ക് പണം അത്യാവശ്യം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽ നിന്ന് പണമായി ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം രൂപ വാങ്ങിച്ചു ഇതിന് ഇടനിലക്കാരനായി ഉപയോഗിച്ചതാകട്ടെ മണ്ടൂരിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന പിലാത്തറ -മാതമംഗലം റോഡിൽ ചായക്കടയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ്.

യുവതി ഡോക്ടർക്ക് കൊടുക്കാനെന്ന് പറഞ്ഞ് ഒരു കവർ തരും വാങ്ങിച്ച ശേഷം തന്നെ ഏല്പിക്കണമെന്ന് വിശ്വസിപ്പിച്ച് കാര്യമറിയാതെ യുവാവിനെ ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു. മൂന്ന് തവണകളായി ആറ് ലക്ഷം രൂപ കൈപറ്റിയ ശേഷം മെല്ലെ ഇയാൾ യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ നിന്ന് അകലുകയായിരുന്നു.

ഫോൺവിളി നിന്നതോടെ സംശയം തോന്നിയ യുവതി പണം കൈമാറിയ യുവാവിനെ തേടി എത്തിയപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം മനസിലായത്. ഡോക്ടർ ആയും പുരോഹിതനായും ഇത്തരത്തിൽ നിരവധി പേരെ ഇയാൾ തട്ടിപ്പിനിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്.