അടൂർ: തുവയൂർ സൗത്ത് മാഞ്ഞാലി അരുവാൻകോട്ടു വിളയിൽ വൈക്കം മണിയെന്ന പേരിൽ അറിയപ്പെടുന്ന വിനോദ്കുമാറിന്റെ (27) കൊലപാതകവുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നവരിൽ ചിലർ നാടുവിട്ടതിൽ ദുരൂഹത. വിനോദിന്റെ മാതാവ് സുകുമാരിയമ്മയും സഹോദരൻ സന്തോഷും മറുനാടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന രണ്ടു പേരുടെ നാട്ടിലെ അസാന്നിധ്യമാണ് ചർച്ചയാകുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇവരിലേക്ക് അന്വേഷണം എത്തിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴിയിൽ നിന്ന് മനസിലാകുന്നത്.

2008 മാർച്ച് 11 ന് പുലർച്ചെയാണ് മണ്ണടി താഴത്ത് കോന്നോൻ ഏലായിൽ വിനോദിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിൽ ധാരാളം മുറിവും ചതവുമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മകനെ സിപിഎം അടൂർ ഏരിയാ സെക്രട്ടറിയും മുൻ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഡ്വ. എസ് മനോജിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയതാണെന്ന് മാതാവ് സുകുമാരിയമ്മയും സഹോദരൻ സന്തോഷും മറുനാടൻ ടിവിയോട് പറഞ്ഞിരുന്നു. ഇതിൽ ഇവർ മനോജിന് പുറമേ പറഞ്ഞ ഉണ്ണിപ്പിള്ള, മുൻ പഞ്ചായത്തംഗം അനില ജോർജ് എന്നിവരാണ് നാട്ടിലെ അസാന്നിധ്യം കൊണ്ട് ദുരൂഹത വർധിപ്പിക്കുന്നത്.

കൊല്ലപ്പെടുന്നതിന് തലേന്ന് വൈകിട്ട് 5.30 ന് മണ്ണടി താഴത്ത് ബാർബർ ഷോപ്പിൽ മുടിവെട്ടിക്കൊണ്ടിരുന്ന വിനോദിനെ വിളിച്ചു കൊണ്ടുപോയത് ഉണ്ണിപ്പിള്ളയായിരുന്നു. ബാർബർ ഷോപ്പിലെ ജോലിക്കാരനായ തമിഴൻ പയ്യൻ നൽകിയ സൂചനയിൽ നിന്നാണ് ഉണ്ണിപ്പിള്ള വിളിച്ചു കൊണ്ടു പോയെന്ന് സുകുമാരിയമ്മയ്ക്ക് വ്യക്തമായത്. സ്ത്രീകളുടെ ശബ്ദവും വിക്കുമൊക്കെയുള്ള ഒരാളാണ് കൂട്ടിക്കൊണ്ടു പോയത് എന്നാണ് തമിഴൻ പയ്യൻ പറഞ്ഞത്. ഈ ഉണ്ണിപ്പിള്ള വിനോദിന്റെ അയൽവാസിയാണ്. ഓട്ടോറിക്ഷയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. അതിലേക്കാണ് വിനോദിനെ ഉണ്ണിപ്പിള്ള വിളിച്ചു കയറ്റിക്കൊണ്ടു പോയത്.

വിനോദിന്റെ മരണ ശേഷം അധികനാൾ ഉണ്ണിപ്പിള്ള നാട്ടിലുണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങാറായപ്പോഴേക്കും ഇയാൾ നാട്ടിൽ നിന്ന് അപ്രത്യക്ഷനായെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വിവരം കിട്ടി. മാതാപിതാക്കൾ മരിച്ച ഉണ്ണിപ്പിള്ള വീട്ടിലെ ഏറ്റവും ഇളയ മകനാണ്. മൂത്ത സഹോദരൻ ജീവനൊടുക്കി. ഉദയൻ എന്നൊരു സഹോദരൻ മാത്രമാണിപ്പോഴുള്ളത്. ഇതു കാരണം ഉണ്ണിയുടെ തിരോധാനം ആരും ഗൗനിച്ചിട്ടില്ല. വിനോദിന്റെ മരണശേഷം ഏറെ നാൾ ആരും ഉണ്ണിയെ നാട്ടിൽ കണ്ടിട്ടില്ല. വിനോദിനെ കൊന്നവർ പ്രധാന സാക്ഷിയാകുമായിരുന്ന അല്ലെങ്കിൽ പ്രതികളിൽ ഒരാളാകുമായിരുന്ന ഉണ്ണിയെ കൊലപ്പെടുത്തിയതാകാമെന്ന സംശയം ഉയരുന്നുണ്ട്.

അതേ സമയം തന്നെ ഇയാൾ തിരുവനന്തപുരത്ത് എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നും ഹോട്ടൽ തൊഴിലാളിയാണെന്നും ചിലർ പറയുന്നു. എന്നാൽ, ഇവർക്കൊന്നും തന്നെ ഇതേപ്പറ്റി വ്യക്തമായ സൂചനയില്ല. തങ്ങളുടെ രഹസ്യം പുറത്തു വരാതിരിക്കാൻ വേണ്ടി ഉണ്ണിയെയും ഇവർ കൊന്നു കുഴിച്ചു മൂടിയെന്ന് വിശ്വസിക്കുന്നവർ ആണ് ഏറെയും. എന്തായാലും ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ടതും നിർണായകമായതുമായ കക്ഷികളിൽ ഒരാളായ ഉണ്ണിപ്പിള്ള ജീവിച്ചിരിപ്പുണ്ടോ എന്നതാണ് അടിയന്തരമായി അന്വേഷിക്കേണ്ട വിഷയം.

കൊലപ്പെട്ട വിനോദ് മനോജും സംഘവുമായി ഉരസിയതിന്റെ പേരിൽ മുൻ പഞ്ചായത്തംഗം അനില ജോർജ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സുകുമാരിയമ്മ പറഞ്ഞിരുന്നു. ഈ അനില ജോർജ് ഇളമണ്ണൂർ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. വിനോദിന്റെ കൊലപാതകത്തിന് ശേഷം ഇവരും നാടു വിട്ടു. ആഫ്രിക്കയിലാണ് ഇവർ ഇപ്പോൾ. അവിടെയും അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. മണ്ണടിയിലുള്ള ഇവരുടെ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇടയ്ക്ക് നാട്ടിലെത്താറുണ്ടെന്നും പറയുന്നു. പക്ഷേ, ഇവർ മണ്ണടിയിലേക്ക് വരാറില്ല. പാർട്ടി സംബന്ധമായ കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്.

വിനോദിന്റെ കൊലക്കേസിൽ രണ്ടു നിർണായകമായ തെളിവുകളാണ് അനിലയും ഉണ്ണിയും. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ ക്രൈംബ്രാഞ്ചിന് പ്രതികളിലേക്ക് എത്താൻ കഴിയും. അതിന് പക്ഷേ, അവർ മുതിരാത്തതാണ് സംശയത്തിന് ഇട നൽകുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം മരവിച്ചിരിക്കുന്നത്. തുടർ ഭരണം കൂടി വന്നതോടെ അട്ടിമറി പൂർണമായിരിക്കുകയാണ്.

മനോജ് അടക്കമുള്ള സിപിഎം നേതാക്കളുടെ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട വിനോദ്കുമാറെന്ന് ബന്ധുക്കൾ പറയുന്നു. സ്പിരിറ്റ് കടത്തിനും മറ്റും നേതാക്കൾ വിനോദിനെ ഉപയോഗിച്ചു. ഇതു കാരണം അബ്കാരി കേസുകളിൽ പ്രതിയുമായി. അന്നത്തെ ഏനാത്ത് എസ്‌ഐ ജോൺ ഇതൊരു കൊലപാതകമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ക്രൂരമായ കൊലപാതകമായിരുന്നിട്ടു കൂടി പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. വിനോദിന്റെ മാതാവ് സുകുമാരിയമ്മ, സഹോദരൻ സന്തോഷ്‌കുമാർ എന്നിവർ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

2007 ൽ മനോജിന്റെ നേതൃത്വത്തിൽ വിനോദിനെ ഒരു ഓമ്‌നി വാനിൽ തട്ടിക്കൊണ്ടു പോയി മണ്ണടി മുടിപ്പുര ക്ഷേത്രത്തിന് സമീപമുള്ള വായനശാലയുടെ മുന്നിലുള്ള പോസ്റ്റിൽ പിടിച്ചു കെട്ടി മർദിച്ചവശനാക്കിയെന്നും ബന്ധുക്കൾ പറയുന്നു. മൃതപ്രായനായ വിനോദിനെ അവിടെ ഉപേക്ഷിച്ചു മടങ്ങി. ഇതിന് ശേഷം വിനോദും സിപിഎം നേതാക്കളുമായി പരസ്യമായ വാക്കേറ്റം ഉണ്ടായി. കൊല്ലപ്പെടുന്നതിന് മൂന്നുമാസം മുൻപ് രണ്ടു തവണ മനോജിന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ വിനോദിനെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മാതാവിന്റെ പരാതിയിലുണ്ട്. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടിലെത്തിയ മനോജും സംഘവും തള്ളേ, നിന്റെ കണ്ണിൽ നിന്ന് ചോര ചാടിക്കുമെടീ നീ അവനെ നാടുകടത്തിയില്ലെങ്കിൽ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുകുമാരിയമ്മ പറയുന്നു.

പിന്നീടൊരിക്കൽ നിലമേൽ ജങ്ഷനിൽ വച്ച് വിനോദ് സിപിഎം നേതാക്കളെ പരസ്യമായി വെല്ലുവിളിച്ചു. തന്നെ അബ്കാരി കേസിൽ നിന്നൊഴിവാക്കിയില്ലെങ്കിൽ നേതാക്കളുടെ അവിഹിതകഥയും സ്പിരിറ്റ് മാഫിയ ബന്ധവും നാടുമുഴുവൻ വിളിച്ചു പറയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും വിനോദിന്റെ വീട്ടിലെത്തിയ നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു.