- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമയെ കൊലപ്പെടുത്തിയ ആദം അലി മൃതദേഹം കിണറ്റിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്ത്; നീല ഷർട്ടും ജീൻസും ധരിച്ചും മൃതദേഹം കിണറ്റരികിൽ കൊണ്ടുവന്നത് വലിച്ചിഴച്ച്; പ്രതി ലഹരിക്കും ഓൺലൈൻ ഗെയിമുകൾക്കും അടിമ; കൊലപാതകം മോഷണത്തിനായി; നഷ്ടമായ ആറ് പവൻ കണ്ടെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ് കമ്മീഷണർ
തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തെ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി ലഹരിക്കും വീഡിയോ ഗെയിമുകൾക്കും അടിമയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി പോകുന്നതുകൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു.
കൊലപാതകത്തിന് ശേഷം, മൃതദേഹം കിണറ്റിലിട്ടത് ആദം അലി തന്നെയാണെന്നും മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. പ്രതി മൃതദേഹം കിണറ്റിൽ തള്ളുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നീല ഷർട്ടും ജീൻസും ധരിച്ചെത്തിയ പ്രതി മൃതദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന് കിണറ്റിൽ തള്ളുകയായിരുന്നു.
അതേ സമയം, നഷ്ടപെട്ട സ്വർണത്തെ കുറിച്ച് ഇതുവരെയും വിവരം കിട്ടിയിട്ടില്ല. മനോരമയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 6 പവൻ സ്വർണമാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്നതിലടക്കം അന്വേഷണം തുടരുകയാണെന്നും ആദം അലിയുടെ മറ്റ് ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. ആദം അലിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർച്ചയായ കൊലപാതകങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായും സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിച്ചു.
മോഷണത്തിനായാണ് പ്രതി കൊലപാതകം നടത്തിയതെന്നും ആദം അലിയുടെ സുഹൃത്തുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും തിരുവനന്തപുരം പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കല്യാണവുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു വീട്ടുടമസ്ഥൻ പുറത്തുപോയത് അവസരമാക്കിയാണ് പ്രതി വീട്ടിൽ വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കഴുത്തിൽ കുത്തിയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കിണറ്റിൽ ഇട്ടശേഷം മുറിയിലേക്ക് പോയി. അതിനിടെ ആറുപവൻ സ്വർണം മോഷ്ടിച്ചു. മുറിയിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആദം അലി നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടതെന്നും കമ്മീഷണർ പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ ചെന്നൈ ട്രെയിനിൽ കയറി പോയി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചെന്നൈയിലേക്കുള്ള ട്രെയിനിലാണ് ആദം അലി കയറിപോയതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ചെന്നൈയിലെ സ്പെഷ്യൽ പൊലീസാണ് പ്രതിയെ പിടികൂടിയതെന്നും സ്പർജൻ കുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ