- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും രണ്ടു മക്കളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്തതെന്ന് സൂചന; പൊലീസ് സീലു വെച്ചു പോയ വീട് കുത്തി തുറക്കാൻ ശ്രമിച്ച് യുവാവ്; കടന്നു കളഞ്ഞയാൾക്കായി പൊലീസിന്റെ തിരച്ചിൽ
ആലപ്പുഴ: ആലപ്പുഴയിലെ മാരാരിക്കുളം തെക്കു പഞ്ചായത്തിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മക്കൾക്ക് വിഷം നൽകിയുള്ള ആത്മഹത്യയെന്ന് സൂചന. കോർത്തുശ്ശേരി കുന്നേൽവീട്ടിൽ ആനി രഞ്ജിത്ത് (54), മക്കളായ ലെനിൻ രഞ്ജിത്ത് (അനിൽ -36), സുനിൽ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് കുടുംബത്തിലെ പ്രശ്നങ്ങൾ പുറത്തുവന്നത്.
ആനിയെ വീടിന്റെ മുൻവശത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലിൽ മലർന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്. മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കിൽ മനംനൊന്ത് ഇരുവർക്കും വിഷംനൽകി ആനി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയിരിക്കുന്ന റിപ്പോർട്ട്.
ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കൾ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയിൽനിന്ന് ലെനിൻ വീട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടിൽ ചിട്ടിപ്പണം പിരിക്കാൻ ചെന്ന യുവാവാണ് ആനി തൂങ്ങിനിൽക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയിൽ കണ്ടത്. ആനിയുടെ ഭർത്താവ് രഞ്ജിത്ത് ഏഴുവർഷം മുമ്പ് ഹൃദ്രോഗം ബാധിച്ച് മരിച്ചിരുന്നു.
മക്കളുടെ മദ്യപാനവും വഴക്കും മൂലം സ്വസ്ഥത നശിച്ചപ്പോൾ, ഇവന്മാർക്ക് വിഷം കലക്കിക്കൊടുത്തു താൻ തൂങ്ങി മരിക്കുമെന്ന് കഴിഞ്ഞയിടെ ആനി പറഞ്ഞതായി പരിസരവാസികൾ സൂചിപ്പിച്ചു. പ്രായമേറെ ചെന്നെങ്കിലും മക്കൾ ആരും വിവാഹവും കഴിക്കാത്തതിലും ആനി വിഷമത്തിലായിരുന്നു. സുനിലിന്റെ കാതിൽനിന്ന് ഹെഡ്ഫോൺ ഊരി കിടന്നിരുന്നു.
അതിനിടെ, അമ്മയും രണ്ട് മക്കളും മരിച്ചനിലയിൽ കണ്ടെത്തിയ വീട് പൊലീസ് പൂട്ടിപ്പോയ ശേഷം കതക് തകർത്ത് അകത്തു കയറാൻ ശ്രമം നടന്നു. അയൽവാസികൾ കണ്ട് ഒച്ച വെച്ചപ്പോൾ യുവാവ് കടന്നുകളയുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച പുലർച്ചേ ഒന്നരയോടെ ലെനിൻ ആരെയോ ഫോണിൽ വിളിച്ചിരുന്നെങ്കിലും കോൾ സ്വീകരിച്ചിട്ടില്ല. ഈ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ