മറയൂർ: വൈകിട്ട് മുതൽ തോക്കുമെടുത്തുകൊലവിളിയുമായി ചൂറ്റിക്കറങ്ങിത് പാളത്തൊട്ടി ആദിവാസിക്കുടിയെ നടുക്കിയ കേസിൽ കൂടുക്കിയ ഫോറസ്റ്റ് വാച്ചറെ കൊല്ലാൻ. നീക്കം വിഫലമായപ്പോൾ കലിമൂത്ത് ഒറ്റുകാരിയെന്ന് സംശയിക്കുന്ന ചന്ദ്രികയെ വെടിവച്ചുവീഴ്‌ത്തി. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം അക്രമിസംഘത്തിലെ 3 പേർ പൊലീസ് കസ്റ്റഡിയിലുമായി.

ഇന്നലെ രാത്രി 9 മണിയോടടുത്താണ് മറയൂർ പാളപ്പെട്ടിക്കുടി ആദിവാസികോളനിവാസിയായ ചന്ദ്രിക വെടിയേറ്റ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ഇവരുടെ ബന്ധുക്കളായ കാളിയപ്പൻ, മണികണ്ഠൻ , ഇയാളുടെ പ്രായപൂർത്തിയാവാത്ത ബന്ധു എന്നിവർ മറയൂർ പൊലീസ് കസ്റ്റഡിയിലായി. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

ചന്ദ്രികയുടെ ചേച്ചിയുടെ മകൻ കാളിയപ്പനാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷിയിടത്തിൽ കാവൽ നിൽക്കുകയായിരുന്നു ചന്ദ്രിക. കള്ളത്തോക്കുമായെത്തിയ കാളിയപ്പൻ ചന്ദ്രികയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സമീപത്തെ കാട്ടിൽ ഒളിച്ച ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

നിരവധി ചന്ദന മോഷണക്കേസുകളിൽ പ്രതിയാണ് കാളിയപ്പനും മണികണ്ഠനും. ചന്ദനക്കടത്ത് വനംവകുപ്പിന് ഒറ്റിക്കൊടുത്തത് ചന്ദ്രികയാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കാളിയപ്പൻ ഇവരെ ഇല്ലാതാക്കാൻ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത മൂന്നുപേരേയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നുകൂടി പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തെക്കുറിച്ച് നടന്ന പ്രാഥമീക അന്വേണത്തിൽ പൊലീസിന് ലഭിച്ച വിവരങ്ങൾ ഇങ്ങനെ..

അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്ദനംമുറിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു. ഈ കേസിൽ റിമാന്റിലായിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി. ഇതിനായി തോക്കും സംഘടിപ്പിച്ചു.

ഇന്നലെ വൈകിട്ട് മണികണ്ഠനും ബന്ധുവായ കാളിയപ്പനും ഇരുവരുടെയും ബന്ധുവായ പ്രായപൂർത്തിയാവാത്ത ഒരാളും ഉൾപ്പെടുന്ന 3 അംഗസംഘം വനംവകുപ്പ് ജീവനക്കാരെത്തേടി ചന്ദന റിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി. എന്നാൽ ഇവരിലാരെയും കണ്ടെത്താനായില്ല. തുടർന്നാണ് കേസിലെ ഒറ്റുകാരിയെന്ന് സംശയിക്കുന്ന ചന്ദ്രികയെ വകവരുത്താൻ സംഘം പുറപ്പെടുന്നത്.

ഈ സമയം കൃഷിചെയ്തിരുന്ന പഞ്ഞപ്പുല്ലിന് കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്നു ചന്ദ്രിക. ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം ഓടിമറഞ്ഞു. കഴുത്തിന്റെ വലതുഭാഗത്ത് വെടിയേറ്റ ചന്ദ്രിക സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തി.

മറയൂരിൽ നിന്നും രണ്ട് മണിക്കൂറിലേറെ സമയം വേളം പാളപ്പെട്ടികുടിയിലെത്താൻ. ദുർഘടമായ പാതകളിലുടെ ജീപ്പിലും തുടർന്ന് കിലോമീറ്ററുകളോളം നടന്നുമാണ് പൊലീസ് സംഘം സംഭവം നടന്ന പുല്ലുകാട്ടിലെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ രാവിലെ ആരംഭിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത മൂവർസംഘത്തെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

തോക്ക് സംഭവനടന്ന സ്ഥലത്തിന് സമീപം വനത്തിലുപേക്ഷിച്ചെന്നാണ് പിടിയിലായവർ പൊലീസിന് മൊഴിനൽകിയിട്ടുള്ളത്.ഇത് കണ്ടെടുക്കുന്നതിന് പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.