ചെങ്ങന്നൂർ: വോൾവോ ബസിൽ യാത്രക്കാരുടെ വേഷം കെട്ടിയുള്ള കഞ്ചാവ് കടത്ത് ആലപ്പുഴ എസ്‌പി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം പിടികൂടി. ചെങ്ങന്നൂരിൽ ബസിറങ്ങിയ രണ്ടു പേരിൽ നിന്നായി 25 കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്. എസ്‌പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് സംഘം ഇവരെ കാത്തു നിൽക്കുകയായിരുന്നു. നേരെ അവരുടെ വലയിലേക്കാണ് പ്രതികൾ വന്നു വീണത്.

തിരുവല്ല ചുമത്ര സ്വദേശി സിയാദ്(27), മുളക്കുള പെരിങ്ങാല സ്വദേശി സാഗർ(22) എന്നിവരെയാണ് പിടികൂടിയത്. ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ. ജോസിന്റെ നേതൃത്വത്തിൽ മഹസർ തയാറാക്കി. ലോക്ഡൗണിന്റെ മറവിൽ ടൂറിസ്റ്റ് ബസുകളും അന്തർ സംസ്ഥാന ബസ് സർവീസുകളും കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് നടത്തിയിരുന്നത്. വലിയ ട്രാവൽ ബാഗുകളിലാക്കി കൊണ്ടു വന്നിരുന്നതിനാൽ ആരും സംശയിച്ചിരുന്നുമില്ല.

ഒഡീഷയിലെ ഏജന്റിൽ നിന്ന് വാങ്ങുന്ന സാധനം ബംഗളൂരുവിലെത്തിച്ചു നൽകും. അവിടെ നിന്ന് വോൾവോ ബസിൽ ചെങ്ങന്നൂരിൽ എത്തിക്കും. ഇവിടെ നിന്നാണ് ചില്ലറ കച്ചവടക്കാർക്ക് നൽകിപ്പോന്നിരുന്നത്.

കഞ്ചാവ് കടത്ത്, പൊലീസിന് നേരെ കൈയേറ്റം, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായിട്ടുള്ളവരെന്ന് ഡിവൈഎഎസ്‌പി ആർ ജോസ് പറഞ്ഞു.