തൃശ്ശൂർ: ചാലക്കുടിയിൽ വൻ കഞ്ചാവു വേട്ട. ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തൃശ്ശൂർ എസ്‌പിയുടെ നേതൃത്വത്തിൽ ചാലക്കുടി പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ആന്ധ്രാ പ്രദേശിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ദേശീയ പാതയിൽ വിവിധയിടങ്ങളിലായി പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ സ്വിഫ്റ്റ് കാറിലെത്തിയ കൊച്ചി സ്വദേശികളായ യുവാക്കളെ പൊലീസ് പിടികൂടി. പരിശോധനയിൽ ഇവരുടെ കാറിൽ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു. എറണാകുളത്ത് വിവിധ ഇടങ്ങളിൽ വിൽപ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.