- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹായത്തിന് ആരുമില്ല.. എല്ലാ സഹിച്ച് ഇവിടെ കഴിയുന്നു; മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്തേനെ; മകനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്; ഇപ്പോൾ ഭർത്താവ് ജയിലിലുമായി; ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരന്റെ മാതാവ് കണ്ണീർവാർത്ത് മറുനാടനോട്
കൊച്ചി: നിരവധിപേർ വാടകയ്ക്ക് താമസിക്കുന്ന പൊട്ടിപ്പൊളിഞ്ഞ കെട്ടിടം. ഒരു മുറിയിൽ താമസിക്കുന്നത് മൂന്ന് കുട്ടികളും മാതാപിതാക്കളും. ഇവർ ഉപയോഗിക്കുന്ന ശൗചാലയത്തിന് അടച്ചുറപ്പുള്ള ഒരു വാതിലില്ല. ശൗചാലയം ഉപയോഗിക്കുമ്പോൾ ഇളകിമാറിയ വാതിൽ എടുത്തു വച്ച് അടക്കണം. ഒറ്റമുറിയിൽ കട്ടിലിലും നിലത്തുമായി ഉറക്കം. അക്രമാസക്തനാകുന്ന കുട്ടിയെ ഈ മുറിയിൽ തന്നെ പൂട്ടിയിടുന്നത് ചങ്ങലയിലും. ഭക്ഷമാവശിഷ്ടങ്ങളും മുഷിഞ്ഞ തുണിയും ഏതു സമയവും പൊട്ടി വീഴാവുന്ന കയറിൽ കെട്ടി തൂക്കിയ സീലിങ് ഫാനും ഒക്കെയായി ദയനീയമായ ജീവിതപരിസരം. പിതാവിൽ നിന്നും ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്ന ഭിന്ന ശേഷിക്കാരന്റെ വീട്ടിലേക്ക് മറുനാടൻ എത്തിയപ്പോൾ കണ്ട കാഴ്ച്ചയാണിത്.
4000 രൂപയാണ് ഇവിടെ മാസ വാടക. കുറഞ്ഞ തുകയ്ക്ക് വേറെ എവിടെയും താമസിക്കാൻ വീട് കിട്ടാത്തതിനാൽ ഇവിടെ താമസിക്കുന്നു. ഭർത്താവ് ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുശ്ചമായ വരുമാനത്തിൽ നിന്നാണ് വാടകയും വീട്ടുകാര്യങ്ങളും നോക്കുന്നത്. ഹോട്ടലിൽ എനിക്ക് ചെറിയ ജോലിയുണ്ടായിരുന്നു. ആ വരുമാനം കുറച്ചാശ്വാസമായിരുന്നു. ലോക്ക്ഡൗണായപ്പോൾ ഹോട്ടലടപ്പോൾ അതും നിലച്ചു. ഇപ്പോൾ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇനി മുന്നോട്ടെങ്ങനെ ജീവിക്കുമെന്ന് അറിയില്ല;- മർദ്ദനമേറ്റ പതിനെട്ടുകാരന്റെ മാതാവ് ഷീബ ഇതു പറയുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എനിക്ക് സഹായത്തിന് മാതാപിതാക്കളും സഹോദരങ്ങളുമില്ല. ഭർത്താവ് എന്നും എന്നോട് വഴക്കാണ്. പിന്നീട് മകനെ മർദ്ദിക്കും. എവിടേക്ക് പോകാനാണ് ഞങ്ങൾ. ഇതെല്ലാം സഹിച്ച് ഇവിടെ കഴിയുന്നു. മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്തേനെ.
വാടക കെട്ടിടത്തിൽ താമസിക്കുന്നവരെ ചേർത്ത് അവിഹിത കഥകൾ പറഞ്ഞാണ് എന്നെ എന്നും മർദ്ദിക്കുന്നത്. അയാൾ മദ്യപിക്കാറില്ല. എന്നാൽ ചുണ്ടിനടിയിൽ എന്തോ തിരുകി വയ്ക്കുന്നത് കാണാം. ചെലവിന് തരുന്നയാളാണ്. എന്ന് കരുതി എന്തും കാണിക്കാമെന്നുള്ള അഹങ്കാരം നല്ലതാണോ? മകനെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തപ്പോൾ അയാളുടെ സഹോദരൻ ഇപ്പോൾ പറഞ്ഞു നടക്കുന്നത് എന്റെ കുട്ടി കഞ്ചാവ് ഉപയോഗിച്ച് ഇങ്ങനെയായതാണെന്നാണ്. അവനെ ലേക്ഷോറിലും കളമശ്ശേരിയിലും തൃശൂരും ചികിത്സിച്ചതിന്റെ രേഖകൾ എന്റെ കയ്യിലുണ്ട്. എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ പറയാൻ? - ഷീബ വിങ്ങിപ്പൊട്ടി.
വളരെ ശോചനീയമായ അന്തരീക്ഷത്തിലാണ് ഇവർ കഴിയുന്നത്. സാമൂഹിക പ്രവർത്തകർ ഇവരുടെ അവസ്ഥ കണ്ട് വിവരങ്ങൾ അന്വേഷിച്ചു പോയെങ്കിലും സഹായം ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഭിന്നശേഷിക്കാരനായ കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയും ഇവർക്ക് അടിസ്ഥാന സൗകര്യമുള്ള പാർപ്പിടവും സജ്ജമാക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഈ അന്തരീക്ഷത്തിൽ കഴിഞ്ഞാൽ മറ്റുള്ളവർക്കു കൂടി ഏതെങ്കിലും പകർച്ച വ്യാധികൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ അടിയന്തിരമായി സർക്കാർ ഇടപെട്ട് വേണ്ട സഹായം ലഭ്യമാക്കേണ്ടതാണ്.
പെരുന്നാൾ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. രണ്ടു ദിവസമായി മകൻ വളരെ അസ്വസ്ഥനും അക്രമാസക്തനുമായിരുന്നു. ഈ സമയമാണ് ഭർത്താവ് സുധീർ മകനോട് ആക്രോശിച്ചുകൊണ്ട് മർദ്ദിച്ചത്. മർദ്ദനത്തിനിടെ മകനെ തലകുത്തി നിർത്തുകയും ചവിട്ടുകയും ചെയ്തു. ക്രൂര മർദ്ദനം ഭയന്നാണ് മകൻ തലകുത്തി നിന്നതെന്ന് ഷീബ പറയുന്നു. മകന് അസുഖമുള്ളതിനാലാണ് അവൻ അക്രമാസക്തനാകുന്നതെന്നും അവനെ ഇനി ഉപദ്രവിക്കരുതെന്നും കുറേ പറഞ്ഞു. എന്നാൽ സുധീർ ഇത് വകവയ്ക്കാതെ മർദ്ദനം തുടർന്നതോടെയാണ് മൊബൈൽ ഫോണിൽ മർദ്ദന രംഗം ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ എല്ലാവരെയും കാണിക്കുമെന്നും മർദ്ദനം നിർത്താനും ആവശ്യപ്പെട്ടു. എന്നാൽ സുധീർ മർദ്ദനം തുടരുകയാണ് ചെയ്തത്.
അരമണിക്കൂറുകളോളം മകനെ മർദ്ദിച്ച ശേഷമാണ് ഇയാൾ പിന്മാറാൻ തയ്യാറായത്. പിന്നീട് കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങൾ ഷീബ ബന്ധുവിന് കൈമാറുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഫോർട്ട കൊച്ചി പൊലീസ് കേസെടുക്കുകയും സുധീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാതാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ 15 വയസു മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകി.
വർഷങ്ങളായി കുട്ടിയെ സുധീർ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി ഒരു ഭാരമാണെന്ന് ഇയാൾ പറയാറുണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. അനുസരണക്കേട് കാട്ടിയപ്പോൾ ചട്ടം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് സുധീർ. തരം കിട്ടുമ്പോമ്പോഴെല്ലാം അരിശം തീർക്കുന്നത് കുട്ടിയെ ഉപദ്രവിച്ചാണെന്ന് പൊലീസ് പറയുന്നു. വധ ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമത്തിന് പുറമെ കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ മർദ്ദിച്ചെന്ന അമ്മയുടെ മൊഴി പ്രകാരമാണ് ജെ.ജെ ആക്ട് കൂടി ചേർത്തിരിക്കുന്നത്.
പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിക്ക് അസുഖം വരുന്നത്. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ നടത്തി വരികയാണ്. തലച്ചോറിൽ ചെറിയ മുഴ വന്നതിനെ തുടർന്നാണ് അസുഖമുണ്ടായതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മാതാവ് പറയുന്നു. കൃത്യമായി മരുന്ന് കഴിക്കുകയും നല്ല അന്തരീക്ഷമുള്ള സ്ഥലത്തെക്ക് കുട്ടിയെ മാറ്റുകയും ചെയ്താൽ അസുഖം മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചെറളായിലെ കുടുസുമുറിയിൽ തന്നെയാണ് ഇപ്പോഴും താമസം.
ഈ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കായി ചുവടേ അക്കൗണ്ട് നമ്പർ കൊടുക്കുന്നു.
Name : Sheeba Sudheer
Account Number : 32158299503
IFSC: SBIN0008643
Branch : SBI Mattanchery