- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എവിടേയും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകുന്നില്ല; നമ്മൾ തകർച്ചയിലാണെന്ന് കോൺഗ്രസുകാർ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്; സോണിയക്ക് കത്തു നൽകിയ ശേഷം ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല; അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാൽ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനായി; നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പു ഫലത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉരുൾപൊട്ടൽ. കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നിടിച്ചു കൊണ്ട് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തെത്തി. കോൺഗ്രസിനുള്ളിലെ സംഘടനാ മിഷിണറി പ്രവർത്തിക്കുന്നില്ലെന്ന പരാതിയാണ് അദ്ദേഹം ഉന്നയിച്ചത്. ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കപിൽ തുറന്നിടിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബലിന്റെ അദ്ദേഹം സംഘടനയുടെ വീഴ്‌ച്ചകൾ തുറന്നു പറഞ്ഞത്.
'ബിഹാറിൽ മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബിജെപിക്ക് ബദലായി ജനങ്ങൾ കോൺഗ്രസിനെ കണക്കാക്കിയില്ല. ബിഹാറിൽ ആർജെഡിയെയാണ് ബദലായി കണ്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഞങ്ങൾ തോറ്റു. അവിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ഞങ്ങൾക്കായിരുന്നില്ല. ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ രണ്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. കനത്ത തോൽവിയുടെ പശ്ചാത്തലത്തിലും എന്റെ സഹപ്രവർത്തകനായ പ്രവർത്തക സമിതിയിലെ അംഗമായ ഒരാളുടെ പ്രസ്താവന കേട്ടു, കോൺഗ്രസ് ആത്മ പരിശോധന നടത്തുമെന്ന്' കപിൽ സിബൽ പറഞ്ഞു.
കഴിഞ്ഞ ആറ് വർഷം ആത്മ പരിശോധന നടത്തിയില്ലെങ്കിൽ ഇപ്പോൾ ആത്മപരിശോധന നടത്തുമെന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സംഘടനാപരമായി കോൺഗ്രസിന് എന്താണ് കുഴപ്പമെന്ന് നമുക്കറിയാം. എന്താണ് തെറ്റെന്ന് ഞങ്ങൾക്കറിയാം. എല്ലാത്തിനും ഉത്തരം ഞങ്ങളുടെ പക്കലുണ്ടെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ ഉത്തരങ്ങൾ തിരിച്ചറിയാൻ അവർ തയ്യാറല്ലെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉത്തരങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഗ്രാഫ് താഴുന്നത് തുടരും. അതാണ് കോൺഗ്രസിന്റെ സ്ഥിതി. അതിലാണ് തങ്ങൾക്ക് ആശങ്കയെന്നും നേതൃത്വത്തെ ഉന്നമിട്ടുകൊണ്ട് കപിൽ സിബൽ പറഞ്ഞു.
22 നേതാക്കൾ കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചതിന് ശേഷം യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.'ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല. നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലിനുള്ള ശ്രമവും ഉണ്ടായില്ല. എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറവും ഇല്ലാത്തതിനാൽ അവ പരസ്യമായി പ്രകടിപ്പിക്കാൻ ഞാൻ നിർബന്ധിതനായി. ഞാനൊരു കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രം നിലകൊള്ളുന്ന എല്ലാ മൂല്യങ്ങളേയും അട്ടിമറിച്ച ഒരു അധികാര ഘടനയ്ക്ക് ബദൽ കോൺഗ്രസ് നൽകുമെന്ന് പ്രത്യാശിക്കുകുയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും സിബൽ കൂട്ടിച്ചേർത്തു.
നമ്മൾ തകർച്ചയിലാണെന്ന് ആദ്യം തിരിച്ചറിയേണ്ടത് കോൺഗ്രസുകാർ തന്നെയാണ്. പോരായ്മകൾ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ല. നാമനിർദ്ദേശം ചെയ്യുന്ന സംസ്‌കാരം എടുത്തുകളയണം. നാമനിർദ്ദേശം ചെയ്യുന്ന രീതിയും തിരഞ്ഞെടുപ്പിൽ വേണ്ട ഫലം നൽകില്ല. തങ്ങൾ ചിലർ ഇക്കാര്യങ്ങൾ എഴുതി. എന്നാൽ അത് ഉൾക്കൊള്ളുന്നതിന് പകരം പിന്തിരിപ്പിക്കാനണ് ശ്രമിച്ചത്. ഫലം എന്താണെന്ന് എല്ലാവർക്കും കാണാനാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള വഴിയിലായിരിക്കും തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
'നാമെല്ലാവരും പ്രത്യയശാസ്ത്രപരമായി കോൺഗ്രസിനോട് പ്രതിജ്ഞാബദ്ധരാണ്. മറ്റുള്ളവരെപ്പോലെ ഞങ്ങൾ നല്ല കോൺഗ്രസുകാരാണ്. കോൺഗ്രസുകാരെന്ന നിലയിൽ ഞങ്ങളുടെ യോഗ്യതകളെ സംശയിക്കാനാവില്ല. മറ്റുള്ളവരുടെ യോഗ്യതകളെ ഞങ്ങൾ സംശയിക്കുന്നില്ല. ഞങ്ങൾ പറയുന്നത് ഓരോ സംഘടനയിലും ആശയവിനിമയം ആവശ്യമാണ് എന്നതാണ്. അതായത് മറ്റുള്ളവരെ ശ്രദ്ധിക്കുക. നിങ്ങൾ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുന്നത് നിർത്തുകയാണെങ്കിൽ, നിങ്ങൾക്ക് അവിടെ ആശയവിനിമയമുണ്ടാകില്ല. പരസ്പര സംഭാഷണത്തിന്റെ അഭാവത്തിൽ നമ്മുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിജയിക്കാനാവില്ല. പ്രശ്‌നം എന്താണെന്ന് ഗൗരവമായി തിരിച്ചറിയാത്ത സാഹചര്യത്തിൽ, ഞങ്ങൾക്ക് ഒരു പരിഹാരവും കൊണ്ടുവരാൻ കഴിയില്ല' കപിൽ സിബൽ അഭിമുഖത്തിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്