ന്യൂഡൽഹി: ഇന്ത്യയുടെ മസാല കിംഗും പ്രിയപ്പെട്ടവരുടെ മഹാശ,ദാദാജിയുമായിരുന്ന ധരംപാൽ ഗുലാത്തി അന്തരിച്ചു. 98 വയസ്സായിരുന്നു.ഡൽഹിയിലെ മാതാ ചനൻ ദേവി ആശുപത്രിയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണം സംഭവിച്ചത്.രാജ്യത്തെ പ്രമുഖ മസാലക്കൂട്ട് നിർമ്മാതാക്കളായ എംഡിഎച്ചിന്റെ ഉടമ മഹാശയ് ധരംപാൽ ഗുലാത്തി സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെട്ടത്.

പാക്കിസ്ഥാനിൽ നിന്നും കേവലം 1500 രൂപയുമായി ഇന്ത്യയിലെത്തി 2000 കോടിയിലേറെ സമ്പാദിച്ച ജീവിത വിജയത്തിന്റെ കഥ കൂടിയാണ് ധരംപാൽ ഗുലാത്തിയുടെ ജീവിതം.ലോകം മുഴുവൻ പരന്ന് കിടക്കുന്ന ഒരു ബിസിനസ് ശൃംഗല കെട്ടിപ്പടുത്തതിന് ശേഷമാണ് മഹാശയ് ധരംപാൽ ഗുലാത്തി വിടപറയുന്നത്.പാക്കിസ്ഥാന്റെ ഭാഗമായ സിലാൽകോട്ടിലാണ് 1923 ലായിരുന്നു ധരംപാലിന്റെ ജനനം. ഇന്ത്യ- പാക് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് കുടുംബത്തോടെ താമസം മാറ്റി.

പാക്കിസ്ഥാനിൽ നിന്ന് എത്തുമ്പോൾ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നത് 1500 രൂപ മാത്രമായിരുന്നു.അമൃത് സറിലെ കുടിയേറ്റ ക്യാമ്പിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഇന്ത്യയിലെ ജീവിതം തുടങ്ങുന്നത്.പിന്നീട് ധരംപാൽ തന്റെ ജീവിതം ഡൽഹിയിലേക്ക് പറിച്ചു നട്ടു. വെറും 1500 രൂപയിൽ നിന്നാണ് തന്റെ സ്‌പൈസസ് കമ്പനിക്ക് ധരംപാൽ ഉദയം നൽകിയത്. എംഡിഎച്ച് കമ്പനിയുടെ തായ്വേരുകളുള്ളതും പാക്കിസ്ഥാനിലാണ്. ധരംപാലിന്റെ അച്ഛനാണ് 1919ൽ 'മഹാശിയ ദി ഹത്തി' എന്ന ചെറിയ മസാലക്കട ആരംഭിച്ചത്. പിന്നീട് അത് 15000 കോടി ആസ്തിയുള്ള സ്ഥാപനമായി വളർത്തിയത് ധരംപാലാണ്.

ഇന്ത്യയിൽ എത്തിയതിന് ശേഷം ആദ്യം ഡൽഹിയിൽ അരിയും സോപ്പും തുണിത്തരങ്ങളും വിൽക്കുകയായിരുന്നു ജോലി. തുടർന്ന് കരോൾ ബാഗിൽ ഒരു കട തുടങ്ങി. അവിടെ നിന്നുമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മസാല നിർമ്മാണ കമ്പനിയുടെ തലപ്പത്തേക്ക് വളരുന്നത്. മാഹാശ്യൻ ഡി ഹാട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചുരുക്കപ്പേരാണ് എംഡിഎച്ച് എന്നത്.തന്റെ കമ്പനി പുറത്തിറക്കുന്ന സാധനങ്ങളുടെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാൻ ധരംപാൽ ഒരിക്കലും തയാറായിരുന്നില്ല.

കൂടാതെ സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിലാണ് എംഡിഎച്ചിന്റെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതും. ഇത് തന്നെയായിരുന്നു കമ്പനിയുടെ വിജയത്തിന്റെ സൂത്രവാക്യവും.2,000 കോടി മൂല്യമുള്ള എം ഡി എച്ച് എന്ന വൻകിട കമ്പനിക്ക് ഇന്ന് രാജ്യത്ത് 15 മാത്രം ഫാക്ടറികളുണ്ട്. ഇതിനു പുറമെ ദുബായിലും ലണ്ടനിലും കമ്പനിക്കിപ്പോൾ ഓഫീസ് ഉണ്ട്. 62 ഉത്പ്പന്നങ്ങളാണ് കമ്പനിയുടെതായി ഇപ്പോൾ വിപണിയിലെത്തുന്നത്. 100ഓളം രാജ്യങ്ങളിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്നത്.

തന്റെ ബ്രാൻഡിന്റെ മുഖവും ധരംപാൽ തന്നെയായിരുന്നു. ബ്രാൻഡിന്റെ പരസ്യങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു ഗുലാത്തി. പരസ്യങ്ങളിൽ അഭിനയിക്കുന്ന ലോകത്തിലെ തന്നെ പ്രായം കൂടിയ വ്യക്തികളിൽ ഒരാൾ ഇദ്ദേഹമായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തലയിൽ പരമ്പരാഗത രീതിയിൽ ടർബൻ ധരിച്ച പുഞ്ചിരിച്ചു നിൽക്കുന്ന ധരംപാലിന്റെ മുഖമാണ് എംഡിഎച്ചിന്റെ പരസ്യങ്ങളുടെ മുഖമുദ്രയായിരുന്നത്.ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റിയിരുന്ന സിഇഒമാരിൽ ഒരാളായിരുന്നു ഇദ്ദേഹം.

2017ൽ 21 കോടി രൂപയിലധികമാണ് ശമ്പളമായി ധരംപാൽ കൈപ്പറ്റിയിരുന്നത്. എങ്കിലും തന്റെ സമ്പാദ്യത്തിന്റെ 90 ശതമാനത്തോളം ധരംപാൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആണ് ചെലവഴിച്ചിരുന്നത്. തന്റെ തൊണ്ണൂറുകളിലും കമ്പനി നടത്തിപ്പിൽ ഒരു പടി പോലും ധരംപാൽ പിന്നോട്ട് പോയില്ല. കമ്പനിയുടെ ഫാക്ടറികളിലും മാർക്കറ്റുകളിലും തന്റെ സ്ഥിരം സന്ദർശനവും ഒഴിവാക്കിയിരുന്നില്ല. കമ്പനി ഇപ്പോൾ നോക്കി നടത്തുന്നത് ധരംപാലിന്റെ മക്കളാണ്. മകൻ കമ്പനിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നു. ആറ് പെൺമക്കൾ വിതരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2019ൽ പത്മഭൂഷൺ നൽകി രാജ്യം ഈ ബിസിനസ് സമ്രാട്ടിനെ ആദരിച്ചു.