- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; നടപടിക്ക് ആധാരമായ എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു; ഇടക്കാല ഉത്തരവിറക്കുന്നത് ചൊവ്വാഴ്ച്ച പരിഗണിക്കും
ന്യൂഡൽഹി: മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി.ലൈസൻസ് പുതുക്കി നൽകാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാ്ൻ ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയുടെ കത്ത്. ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റർ പ്രമോദ് രാമൻ ഉൾപ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നൽകിയ ഹർജിയിൽ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹർജികളിലും സ്റ്റേ ആവശ്യത്തിലും അടുത്ത ചൊവ്വാഴ്ച്ച കോടതി വാദം കേൾക്കും.
ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും.ചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു.
മുന്നൂറിൽ അധികം ജീവനക്കാർക്ക് ശമ്പളം ഉൾപ്പടെ നൽകുന്നത് പ്രതിസന്ധിയിലാണ്. അതിനാൽ അടിയന്തിരമായി കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നു മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ച് വാദം കേൾക്കൽ പൂർത്തിയായി നാല് ആഴ്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത് എന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടി.
വിധി ഉടനെ ഉണ്ടാകുമെന്ന് കരുതിയാണ് ഇടക്കാല ഉത്തരവ് വേണ്ടെന്ന നിലപാട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സ്വീകരിച്ചത്. എന്നാൽ വാദം കേൾക്കൽ പൂർത്തിയായതിന് ശേഷം ഹർജിക്കാരായ തങ്ങൾ അറിയാതെ നോട്ടീസ് അയച്ച് സർക്കാർ ഫയലുകൾ വിളിച്ച് വരുത്തി ഡിവിഷൻ ബെഞ്ച് പരിശോധിക്കുക ആയിരുന്നുവെന്നും ദാവെ വാദിച്ചു.
തുടർന്നാണ് സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയത്. ഫയൽ പരിശോധിച്ച ശേഷം സ്റ്റേ ആവശ്യത്തിൽ ഉൾപ്പടെ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചാനൽ എഡിറ്റർ പ്രമോദ് രാമനും, മറ്റ് മുതിർന്ന രണ്ട് ജീവനക്കാർക്കും വേണ്ടി സീനിയർ അഭിഭാഷകൻ ഹുഫേസ അഹമ്മദിയും, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ