തിരുവനന്തപുരം: ഗായകൻ എം.ജി.ശ്രീകുമാറിന് സംഗീത നാടക അക്കാദമി നഷ്ടമാകും. എംജി ശ്രീകുമാറിനെ ചെയർമാനായി നിയമിക്കാനുള്ള ധാരണ വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചർച്ച ചെയ്യുന്നു.

കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയർമാന്മാരാക്കാൻ ധാരണയായത്. എന്നാൽ എംജി ശ്രീകുമാറിനെതിരെ എതിർപ്പ് ശക്തമായി. എംജി ശ്രീകുമാർ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയർന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന വി.മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു. നാടക കലാകാരന്മാരുടെ സംഘടനയും വിയോജിപ്പു വ്യക്തമാക്കി. ഇതോടെയാണ് സിപിഎം മനസ്സുമാറ്റുന്നത്.

ഇടത് അനുഭാവികളടക്കം വിമർശനം ഉയർത്തുന്ന സാഹചര്യത്തിലാണു വിഷയം പാർട്ടി വീണ്ടും പരിശോധിക്കുന്നത്. നിർദ്ദേശം ചർച്ച ചെയ്തതേയുള്ളൂവെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇത് ശ്രീകുമാറിനെ മാറ്റുന്നതിന്റെ സൂചനയാണ്. സിനിമാക്കാരായ ഇടതുപക്ഷക്കാരും ഇതിനെ എതിർക്കുകയാണ്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പരസ്യമായി എൽഡിഎഫിനു പിന്തുണ നൽകിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കുന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

എന്നാൽ വിവാദത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ഇപ്പോഴുയരുന്ന വിവാദങ്ങൾ സംബന്ധിച്ചു കേട്ടുകേൾവി മാത്രമേ എനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാർട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ എനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല. കേട്ടുകേൾവി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകൾ കാണാൻ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല-ശ്രീകുമാർ വിശദീകരിച്ചു.

എം.ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കുന്നതിനെതിരെ നവമാധ്യമങ്ങളിൽ ഇടതുപക്ഷ അനുഭാവികളുടെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ശ്രീകുമാർ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെയുള്ളർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സർക്കാർ തലത്തിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ച വി. മുരളീധരന്റെ ഫേസ്‌ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ വീഡിയോയാണ് വിമർശകർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാൻ ആഗ്രഹിച്ച ഗായകനെത്തന്നെ ചെയർമാനാകാൻ തീരുമാനിച്ചത് ശരിയോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ഇടത് കൂട്ടായ്മയിലെ ഇപ്പോഴത്തെ ചർച്ച. പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ ചർച്ചകളിൽ ഭൂരിഭാഗവും സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ്. എങ്കിലും പാർട്ടി അനുഭാവികളായി തുടരുന്നവർ ഫേസ്‌ബുക്കിലും പ്രതികരിക്കുന്നുണ്ട്. തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത് എന്നാണ് വിമർശകർ പറയുന്നത്. പാർട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന പുതിയ വർഗത്തിലെ പ്രതിനിധികൾക്കാണ് ഇപ്പോൾ നിയമനം ലഭിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിശ്ചയിച്ചത്. ബിജെപി നേതാക്കളുമായി അടുപ്പം സൂക്ഷിക്കുന്ന എം.ജി ശ്രീകുമാറിന് നിയമനം ലഭിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർക്കാർ ആരേയും ചെയർമാനായി നിയമിച്ചിട്ടില്ലെന്നായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ മറുപടി.