പന്തളം: ഒപ്പം ഒരു മുറിയിൽ താമസിച്ചിരുന്ന സ്വന്തം നാട്ടുകാരനായ കൂട്ടുകാരനെ തലയ്ക്കടിച്ച് കൊന്ന് നാടുവിടാനുള്ള ശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മാൾഡ ഹരിഷ്ചന്ദ്രപൂർ ബോറൽ ഗ്രാമം സൺ പൂരം ഫനീന്ദ്രദാസ് (45) കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ ദക്ഷിൺ ദിനാജ്പൂർ സ്വദേശി ബിഥാൻ ചന്ദ്ര സർക്കാർ (35) ആണ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധൻ രാവിലെയുള്ള ട്രെയിനിനു ഹൈദരാബാദിനു പോകാൻ ടിക്കറ്റ് ബുക്കുചെയ്തിരുന്നെങ്കിലും കൊലപാതകം പുറത്തറിഞ്ഞ ഇന്നലെ രാവിലെ മുതൽ തന്നെ ഇയാൾ നിരീക്ഷണത്തിലായിരുന്നതിനാലാണു രക്ഷപ്പെടാൻ കഴിയാതിരുന്നത്.

ചൊവ്വാഴ്‌ച്ച പുലർച്ചെയോടെയാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ തെരച്ചിലിൽ ഫനീന്ദ്ര ദാസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ഏറെ നാളുകളായി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ അടുത്തുള്ള കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവും ശരീരമാസകലം ചതവും ഉണ്ടായിരുന്നു. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ഷൈൻസ് ബാർ ഹോട്ടലിന് പിന്നിലുള്ള അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് സംശയം തോന്നിയ അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ ടൗണിലെ ബാറിൽ നിന്നും ഫനീന്ദ്രദാസും മറ്റൊരാളും മദ്യപിച്ച് ഇറങ്ങി വരുന്ന രംഗം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന ആളിനെ കുറിച്ചുള്ള അന്വേഷണമാണ് ബിഥാൻ ചന്ദ്രതിൽ എത്തി നിന്നത്.

കായംകുളം, മാവേലിക്കര. ചെങ്ങന്നൂർ, തിരുവല്ല എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പന്തളം പൊലീസ് പ്രതിയേക്കുറിച്ചുള്ള സൂചന നല്കിയിരുന്നു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഒരേ കെട്ടിടത്തിൽ വ്യത്യസ്ത മുറികളിൽ താമസിക്കുന്ന ഇവർ തിങ്കളാഴ്ച രാത്രിയിൽ പന്തളത്തെ ബാറിൽ ഒരുമിച്ചു മദ്യപിച്ചു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് മദ്യത്തിനു പണം നല്കിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി.

തർക്കം അടിപിടിയിൽ കലാശിച്ചതോടെ പ്രതി അവിടെ കിടന്ന കല്ലെടുത്ത് ഫനീന്ദ്രദാസിന്റെ തലയ്ക്കടിച്ചു. തല പൊട്ടി ചോര ഒഴുകുന്നതു കണ്ടതോടെ ഫനീന്ദ്രദാസിന്റെ താഴെ വീണു കിടന്ന ഫോണുമെടുത്ത് ഇയാൾ താമസിക്കുന്ന മുറിയിലെത്തി. അവിടെ നിന്നും അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് തോന്നല്ലൂർ മൂലയിൽ ബന്ധു താമസിക്കുന്നിടത്തെത്തി കുളിച്ച് വസ്ത്രം മാറി പുലർച്ചെ തന്നെ ചെങ്ങന്നൂനൂർ റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു.

ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്ന സിസിടിവി ദൃശ്യവും സംഭവസ്ഥലത്തെ ദൃശ്യവും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദ്ദേശപ്രകാരം അഡീഷണൽ എസ്‌പി എൻ. രാജന്റെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്‌പി ആർ. ബിനു, പന്തളം എസ്.എച്ച്.ഓ എസ്. ശ്രീകുമാർ, എസ്‌ഐ ബി.എസ്. ശ്രീജിത്, എഎസ്ഐമാരായ സന്തോഷ്, ഉണ്ണിക്കൃഷ്ണൻ, സി.പി.ഓമാരായ ശരത്, അമീഷ്, ജയപ്രകാശ്, അഖിൽ, പ്രകാശ്, ഹോം ഗാർഡ് മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.