- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം വിദ്യാർത്ഥികൾക്കായി ആറരകോടി തന്നെ സ്‌കോളർഷിപ്പ് ലഭിക്കും; ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയിൽ നിന്ന് നാലരക്കോടിയായി ഉയരും; ഹൈക്കോടതി വിധി അനുസരിച്ച് ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാ ആനുപാതികമാക്കുമ്പോൾ നേട്ടം ക്രൈസ്തവ വിദ്യാർത്ഥികൾക്ക്
തിരുവനന്തപുരം: ഹൈക്കോടതി വിധി പ്രകാരം സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ പുനർക്രമീകരിക്കുമ്പോൾ ക്രൈസ്തവ വിഭാഗം വിദ്യാർത്ഥികൾക്ക് അത് നേട്ടമായി തന്നെ മാറും. നിലവിൽ ഉണ്ടായിരുന്ന സ്‌കോളർഷിപ്പ് തുകയേക്കാൾ കൂടുതൽ മൂന്നിരട്ടിയിൽ അധികം പണം സ്‌കോളർഷിപ്പ് ഇനത്തിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ലഭിക്കും.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളർഷിപ്പുകളാണു നൽകുന്നത്. ഇതിനായി 17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായി സർക്കാർ ഉയർത്തി കൊണ്ടാണ് പുനർക്രമീകരണം നടത്തിയിരിക്കുന്നത്. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പാണ് ഇതിൽ പ്രധാനം. 80:20 അനുപാതത്തിൽ നൽകിയിരുന്നപ്പോൾ ആറരക്കോടിയോളം രൂപ മുസ്ലിം വിദ്യാർത്ഥികൾക്കും ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനുമാണ് ലഭിച്ചിരുന്നത്. മുസ്ലിം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സി.എച്ച്. സ്‌കോളർഷിപ്പ് എട്ടുകോടിയിൽനിന്ന് പത്തുകോടിയായി സർക്കാർ ഉയർത്തി. ഇതനുസരിച്ച് മുസ്ലിം വിദ്യാർത്ഥികൾക്ക് ആറരക്കോടി രൂപതന്നെ ലഭിക്കും. ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയിൽനിന്ന് നാലരക്കോടിയായി ഉയരും.
മുസ്ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രമാണ് നിലവിൽ പഠനം നടത്തിയിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ ജെ.ബി. കോശി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഇതേ രീതിയിൽ തുടരാനാണ് സർക്കാർ തീരുമാനം. റിപ്പോർട്ടിലെ ശുപാർശയ്ക്കനുസരിച്ചായിരിക്കാം മാറ്റം പരിഗണിക്കുക.
സച്ചാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ 2007-ൽ അന്നത്തെ എൽ.ഡി.എഫ്. സർക്കാർ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് നൽകാൻ തീരുമാനിച്ചത്. ഇതിൽ മുസ്ലിം പെൺകുട്ടികൾക്കായിരുന്നു മുൻഗണന.
സ്‌കോളർഷിപ്പിൽ 20 ശതമാനം 2011 ഫെബ്രുവരിയിൽ ഇടതുസർക്കാർ ക്രൈസ്തവ വിഭാഗങ്ങൾക്കുകൂടി ബാധകമാക്കി. പിന്നീടുവന്ന യു.ഡി.എഫ്. സർക്കാരും ഇത് തുടർന്നു. ക്രൈസ്തവർക്ക് 20 ശതമാനം നിശ്ചയിച്ചത് ജനസംഖ്യാനുപാതികമായല്ലെന്ന് 2021 മേയിൽ ഹൈക്കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഘടന സർക്കാർ ഇപ്പോൾ പുതുക്കിയത്. 2011-ലെ ന്യൂനപക്ഷ ജനസംഖ്യാ അനുപാതം അനുസരിച്ച് സംസ്ഥാനത്ത് ക്രിസ്ത്യൻ വിഭാഗക്കാകർ 18.38 ശതമാനമാണ്. മുസ്ലിം വിഭാഗം 26.56 ശതമാനവുമുണ്ട്. ബൗദ്ധർ വിഭാഗത്തിൽ പെട്ടവർ 0.01 ശതമാനവും ജൈൻ 0.01 ശതമാനവുമാണ്. സിഖ് 0.01 വിഭാഗമാണ്.
അതേസമയം ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുമായി മുസ്ലിം സംഘടനകൾ രംഗത്തുണ്ട്. തീരുമാനം സച്ചാർ സമിതി റിപ്പോർട്ടിനെ അട്ടിമറിക്കുന്നതാണെന്ന് കാന്തപുരവും സമസ്തയും സംവരണ സമിതിയും ആരോപിച്ചു. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൊണ്ടുവന്ന സച്ചാർ സമിതി റിപ്പോർട്ടിനെ അട്ടിമറിക്കുന്നതാണ് സർക്കാർ തീരുമാനമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ മുന്നാക്കക്കാർക്ക് അനധികൃതമായി നൽകുന്നത് ഭരണഘടനാ ലംഘനമാണ്. തൊഴിൽ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലുമൊന്നും ജനസംഖ്യ നോക്കുന്നില്ല. സച്ചാർ സമിതി ആനുകൂല്യങ്ങളിൽ മാത്രം ജനസംഖ്യ അടിസ്ഥാനമാക്കുന്നത് നീതികേടാണെന്ന് സമസ്ത സംവരണ സമിതി ആരോപിച്ചു.
80-20 അനുപാതം റദ്ദാക്കി ഹൈക്കോടതി വിധിവന്ന സാഹചര്യത്തിൽ സച്ചാർ സമിതി റിപ്പോർട്ടിൽ മുഴുവൻ ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് ലഭിക്കാൻ നിയമനിർമ്മാണം നടത്തണമെന്നായിരുന്നു സമസ്ത നിലപാട്. സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സമസ്തയുടെ നീക്കം.
മറുനാടന് മലയാളി ബ്യൂറോ