- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2016 ലെ യുഡിഎഫ് പരാജയത്തിന് കാരണം വി എം സുധീരനെന്ന് എംഎം ഹസൻ; സുധീരൻ രാജിവച്ചത് ഗ്രൂപ്പുകൾ നിസഹരണം പ്രഖ്യാപിച്ചപ്പോൾ; മക്കൾക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന പിണറായിയുടെ ആരോപണം ശരിയെന്നും യുഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; യുഡിഎഫ് കൺവിനറുടെ ആത്മകഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കും
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളുമായി യുഡിഎഫ് കൺവീനർ എംഎം ഹസന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ഡിസംബർ എട്ടിന് പ്രകാശനം ചെയ്യുന്ന ഓർമ്മചെപ്പ് എന്ന പുസ്തകത്തിലാണ് പാർട്ടിയെ വെട്ടിലാക്കുന്ന തുറന്നുപറച്ചിലുകളുള്ളത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മുൻ പ്രസിഡന്റ് വി എം സുധീരനേയും പ്രതികൂട്ടിൽ നിർത്തുന്ന അഭിപ്രായങ്ങളാണ് ഓർമച്ചെപ്പിൽ ഹസൻ പങ്കുവയ്ക്കുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണം അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളാണെന്ന് പുസ്തകത്തിൽ എംഎം ഹസ്സൻ തുറന്നടിക്കുന്നു. മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിലുള്ള തർക്കം വിശദീകരിച്ചാണ് അന്നത്തെ സംഭവങ്ങൾ ഹസ്സൻ തന്റെ ആത്മകഥയിൽ പറയുന്നത്. സുധീരന്റെ നിലപാട് സർക്കാരിന് കീറാമുട്ടിയായി. പാർട്ടി-സർക്കാർ ഏറ്റുമുട്ടൽ തുടങ്ങിയത് കെപിസിസി പ്രസിഡന്റാണ്. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലെ ഭിന്നതകൾ വീണ്ടും തലപൊക്കി.
കെപിസിസി പ്രസിഡന്റ് സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങളായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ഊർജ്ജം നൽകിയത് ഭരണ പക്ഷ നേതാവായിരുന്നുവെന്നാണ് ഹസ്സന്റെ ആരോപണം. പിന്നീട് ഗ്രൂപ്പുകളിൽ നിന്ന് സഹകരണം കിട്ടാതായതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധീരൻ രാജി വച്ചതെന്നും ഹസ്സൻ സമ്മതിക്കുന്നു.
പാമോലിൻ കേസിൽ കരുണാകരനല്ല ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും മക്കൾക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന പിണറായിയുടെ ആരോപണവും എംഎം ഹസ്സൻ തന്റെ പുസ്തകത്തിൽ ശരിവയ്ക്കുന്നു. കെ സുധാകരനുമായുണ്ടായ വാക്പോരിനിടെ തന്റെ മക്കൾക്ക് വധഭീഷണിയുണ്ടായിരുന്ന കാര്യം പിണറായി വെളിപ്പെടുത്തിയത് അടുത്തിടെ വിവാദമായിരുന്നു. പിണറായിയുടെ തള്ളൽ മാത്രമാണ് അതെന്നായിരുന്നു അതിനോട് കോൺഗ്രസ് പ്രതികരിച്ചത്. എന്നാൽ ഇക്കാര്യം തന്നോട് പിണറായി നേരത്തെ പറഞ്ഞിരുന്നുവെന്ന് ഹസ്സൻ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
നിയമസഭയിലെ പിയുസി കമ്മിറ്റിയിൽ അംഗമായിരിക്കുമ്പോഴാണ് മക്കളെ വധിക്കുമെന്ന ഊമക്കത്ത് കിട്ടിയ കാര്യം പിണറായി തന്നോട് പറഞ്ഞതെന്ന് ഹസൻ പറയുന്നു. എന്നാൽ ഒരു കോൺഗ്രസ് നേതാവ് വീട്ടിലെത്തി സുധാകരന്റെ ഗൂഢാലോചന വെളിപ്പെടുത്തുകയായിരുന്നെന്നാണ് പിണറായി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ചാരക്കേസിലും പാമൊലിൻ കേസിലും കെ കരുണാകരനെതിരെ ഗ്രൂപ്പ് യുദ്ധത്തിൽ പങ്കെടുത്ത ഹസ്സൻ ഇരുകേസുകളിലും കരുണാകരൻ കുറ്റക്കാരനല്ലെന്ന് വിശദീകരിക്കുന്നു. പാമൊലിൻ കേസിൽ ചീഫ് സെക്രട്ടറിയോട് പരിശോധിച്ച് നടപടി എടുക്കാൻ മാത്രമാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിലെ ഓർമ്മകളുമാണ് പുസ്തകത്തിൽപ്രതിപാദിക്കുന്നത്.
കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനകർമ്മം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാഹിത്യകാരനായ ടി.പത്മനാഭന് ആദ്യപ്രതി നല്കി നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.സുധാകരൻ, വി എം.സുധീരൻ, രമേശ് ചെന്നിത്തല, കാനം രാജേന്ദ്രൻ, ജി.സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.