നോയിഡ: ഉത്തർപ്രദേശ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഉത്തർപ്രദേശിലെ നോയിഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശിലയിടും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും ഗൗരവസംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചതു സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

'ഭാവി പ്രധാനമന്ത്രി' ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഉത്തർ പ്രദേശ് രാജ്ഭവനിൽവച്ച് യോഗിയുടെ തോളിൽ കയ്യിട്ടു സംസാരത്തിലേർപ്പെട്ട മോദിയുടെ രണ്ടു ചിത്രങ്ങളാണ് ട്വിറ്ററിൽ പങ്കുവച്ചത്. 'പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു' എന്നർഥമുള്ള ഹിന്ദി കവിതയും ഫോട്ടോകൾക്കൊപ്പം യോഗി പങ്കുവച്ചിരുന്നു. യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാഷ്ട്രീയ ചർച്ചകളും വിമർശനവും ഇത് സൃഷ്ടിച്ചു. ബിജെപിക്ക് ജനപിന്തുണ നഷ്ടമായതുകൊണ്ടുള്ള നീക്കമാണിതെന്നു സമാജ്വാദി പാർട്ടിയും കോൺഗ്രസും പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോവറിൽ വീണ്ടും ഇരു നേതാക്കളും ഒരുമിക്കുന്നത്. വികസനത്തിന്റെ പുത്തൻ സന്ദേശം നൽകി യുപിയിൽ വീണ്ടും യോഗി ഭരണമാണ് ബിജെപിയുടെ ലക്ഷ്യം.

മൊത്തം നിർമ്മാണപ്രവർത്തനം പൂർത്തിയാവുമ്പോൾ എട്ടു റൺവേകളുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജേവാർ മാറും. രണ്ടുവർഷത്തിനുള്ളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമ്മാണം പൂർത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യു.പി മാറും. ഈ വിമാനത്താവളം യു.പിയിലെ ടൂറിസം മേഖലയ്ക്കും ഉണർവേകും. താജ്മഹൽ സന്ദർശിക്കുന്നവർക്ക് ഡൽഹിയിൽ ഇറങ്ങാതെ, ജേവാർ വിമാനത്താവളം വഴി പോകാൻ സൗകര്യമൊരുങ്ങും.

ലഖ്നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന യു.പിയിൽ കഴിഞ്ഞ മാസം കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിലവിലുള്ള താജ് എക്സ്‌പ്രസ് വേ ജേവാർ വിമാനത്താവളവുമായി റോഡ് മാർഗം ബന്ധിപ്പിക്കും. അതും ഗുണം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ പദ്ധതിയും എത്തുന്നത്. നേരത്തെ എക്സ്‌പ്രസ് ഹൈവേയിൽ യാത്രാ വിമാനത്തിൽ വന്നിറങ്ങിയ മോദി യുപിക്ക് പുതിയ വികസന മുന്നേറ്റം ഉറപ്പ് നൽകിയിരുന്നു.

ജോവറിലേക്ക് സ്വപ്‌ന പദ്ധതിയാണ്. 10,500 കോടി രൂപ മുതൽമുടക്കിൽ 1300 ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം. വർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം. 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതൽമുടക്കും. വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിർമ്മിക്കുന്നുണ്ട്. സൂറിക് എയർപോർട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിർമ്മാണക്കരാർ. യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (നിയാൽ) എന്നിവയാണ് കരാർ പങ്കാളികൾ.

നോയിഡ, ഗ്രേറ്റർ നോയിഡ, ഗസ്സിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പദ്ധതി ഗുണം ചെയ്യും. ഗ്രേറ്റർ നോയിഡയിലേക്ക് 45 കിലോമീറ്ററാണ് ജേവാറിൽ നിന്നുള്ള ദൂരം. താജ് എക്സ്‌പ്രസ്വേയിലൂടെ സഞ്ചരിച്ചാൽ 45 മിനിറ്റാണ് യാത്രാദൂരം. വ്യവസായ വികസനത്തിനും ടൂറിസത്തിനും വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് ഈ വിമാനത്താവളം. ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ് വേയായി വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാക്കുന്നത്. വ്യാവസായിക ഉത്പന്നങ്ങളുടെ തടസ്സമില്ലാതെയുള്ള സഞ്ചാരം സാധ്യമാകും.

മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്, ഹൗസിങ് മെട്രോ, ഹൈ സ്പീഡ് റെയിൽ സ്റ്റേഷനുകൾ, ടാക്സി, ബസ് സർവീസുകൾ, സ്വകാര്യ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ സെന്ററും വിമാനത്താവളത്തിൽ വികസിപ്പിക്കുന്നുണ്ട്. റോഡ്, റെയിൽ, മെട്രോ എന്നിവയുമായി വിമാനത്താവളത്തിന്റെ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഇത് സാധ്യമാക്കും. നോയ്ഡയും ഡൽഹിയും മെട്രോ സർവീസ് വഴി വിമാനത്താവളവുമായി കണ്ണി ചേർക്കും. ഡൽഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും.

ടൂറിസത്തിനാണ് വലിയ സാധ്യത. ജേവാറിൽ നിന്ന് 140 കിലോമീറ്ററേ ആഗ്രയിലേക്കുള്ളൂ. താജ് എക്സ്‌പ്രസ് വേയിലൂടെ രണ്ടര മണിക്കൂറാണ് യാത്രാദൂരം. തീർത്ഥാടന കേന്ദ്രങ്ങളായ വൃന്ദാവൻ, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും വിമാനത്താവളം ഗുണം ചെയ്യും. ലക്നൗ, വാരാണസി, അലഹാബാദ്, ഗൊരഖ്പുർ എന്നീ വിമാനത്താവളങ്ങളെ ഉഡാൻ (രാജ്യത്തെ ചെറു വിമാനത്താവളങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതി) വഴി ജേവാറുമായി ബന്ധിപ്പിക്കും.