ചെന്നൈ: ചൈനീസ് ശതകോടീശ്വരനും, ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജാക്ക് മാ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നത് നിര്‍മ്മിത ബുദ്ധി (എ ഐ) സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും അധികം സഹായിക്കുക ഇന്ത്യയെയായിരിക്കും എന്നായിരുന്നു. എ ഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം വൈവിധ്യമാര്‍ന്ന ഡാറ്റയാണ്. ഇത്രയും വൈവിധ്യമാര്‍ന്ന സംസ്‌കാരവും, ജീവിത രീതികളും, വിപുലമായ ഒരു ചരിത്രവുമുള്ള ഇന്ത്യയ്ക്കുള്ളത്ര ഡാറ്റ ലോകത്തില്‍ മറ്റൊരു രാജ്യത്തിനും ഇല്ല എന്നായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്. ഈ അഭിപ്രായത്തിന് അടിവരയിട്ടുകൊണ്ട് ബി ബി സി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കൈവരിക്കാനായ അസാധാരണമായ വളര്‍ച്ച ഇന്ത്യയെ ഡാറ്റാ സെന്ററുകളുടെ ആഗോള തലസ്ഥാനമായി അതിവേഗം മാറുകയാണെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പ്യൂട്ടര്‍ സെര്‍വറുകള്‍, ഐ ടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍, നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ എന്നിവ സ്ഥാപിച്ച്, വളര്‍ന്ന് വരുന്ന ഡിജിറ്റല്‍ അസ്തിത്വം കൂടുതല്‍ വിപുലമാക്കുന്ന കേന്ദ്രീകൃത ഭൗതിക സൗകര്യങ്ങളെയാണ് ഡാറ്റാ സെന്ററുകള്‍ എന്ന് വിളിക്കുന്നത്. ചാറ്റ് ജി പി റ്റിയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് മുതല്‍, ഇലക്ട്രിക് വാഹനങ്ങളും സ്ട്രീമിംഗ് സര്‍വ്വീസുകളുമെല്ലാം ഇന്ന് ഡാറ്റാ സെന്ററുകളെ ആശ്രയിക്കുന്നുണ്ട്.

നേരത്തേ 1990 കളുടെ അവസാന പകുതിയില്‍ ഐ ടി വിപ്ലവം ആരംഭിച്ചപ്പോള്‍, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന യുവാക്കളുടെ ഒരു വന്‍ സൈന്യത്തിന്റെ സഹായത്തോടെ അതില്‍ കുതിച്ചുയരാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യയിലെ തൊഴില്‍ സംസ്‌കാരത്തെയും, ജീവിത ശൈലിയേയും, വ്യക്തിഗത കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച ഒന്നാം ഐ ടി വിപ്ലവത്തിന് ശേഷം ഡാറ്റാ സെന്ററുകളുമായി ഇന്ത്യ രണ്ടാം ഐ ടി വിപ്ലവത്തില്‍ ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണെന്നാണ് ആഗോള മാധ്യമങ്ങള്‍ എഴുതുന്നത്.

കഴിഞ്ഞ മാസമായിരുന്നു ഗൂഗിള്‍ ഇന്ത്യയില്‍ ഒരു എ ഐ ഡാറ്റ സെന്റര്‍ തുറക്കുന്നതിനായി 15 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആന്ധ്രാപ്രദേശില്‍ നടത്തിയത്. ഒരു നിര ആഗോള ഭീമന്മാര്‍ ഇന്ത്യയെ തേടിയെത്തിയതില്‍ ഏറ്റവും അവസാനത്തേതായിരുന്നു അത്. നേരത്തെ ആമസോണ്‍ വെബ് സര്‍വീസ്, മെറ്റ് എന്നീ ആഗോള ഭീമന്മാരും, ആഭ്യന്തര വ്യവസായ പ്രമുഖരായ റിലയന്‍സിനെ പോലുള്ളവരും കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപങ്ങളാണ് ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ പടുത്തുയര്‍ത്തുന്നതിനായി പ്രഖ്യാപിച്ചത്. ഈ ആധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ വരെ രംഗത്തിറങ്ങിക്കഴിഞ്ഞതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള റിയല്‍ എസ്റ്റേറ്റ് അഡ്വൈസറിയായ ജെ എല്‍ എല്‍ പറയുന്നത് ഇന്ത്യ ഈ രംഗത്ത് സ്‌ഫോടനാത്മകമായ ഒരു വളര്‍ച്ച കൈവരിക്കും എന്നാണ്. 2027 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡാറ്റ സെന്റര്‍ കപ്പാസിറ്റി 77 ശതമാനത്തോളം വളര്‍ന്ന് 1.8 ജി ഡബ്ല്യുവില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. 2030 ഓടെ കപ്പാസിറ്റി വിപുലീകരണത്തിനായി 25 മുതല്‍ 30 ബില്യന്‍ ഡോളര്‍ വരെ നിക്ഷേപം ഇന്ത്യയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള തലത്തിലുള്ള വിവിധ നിക്ഷേപ കമ്പനികളുടെ കണക്കുകൂട്ടലുകളാണിത്.

ആഗോള തലത്തില്‍ ഡാറ്റാ ജനറേഷനില്‍ 20 ശതമാനം പങ്ക് നിര്‍വഹിക്കുന്നത് ഇന്ത്യയാണെങ്കിലും നിലവില്‍ ഡാറ്റ സെന്റര്‍ കപ്പാസിറ്റി 3 ശതമാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. 2028 ഓടെ ലോകത്ത് ഏറ്റവുമധികം ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അമേരിക്കയേയും, യൂറോപ്പിനെയും, എന്തിനധികം, ചൈനയേക്കാള്‍ ഏറെ ഡാറ്റ ഉപയോഗിക്കുന്നത് ഇന്ത്യയായിരിക്കും എന്ന് അവര്‍ പറയുന്നു. ഇത് ഇന്ത്യയില്‍ ഡാറ്റാ സെന്ററുകളുടെ ആവശ്യകത ഏറെ വര്‍ദ്ധിപ്പിക്കും. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണുകളുടെയും ഉപയോഗം വര്‍ദ്ധിക്കുന്നതിനാലാണിത്.

യൂസര്‍ ഡാറ്റകള്‍ രാജ്യത്ത് തന്നെ ശേഖരിച്ച് സൂക്ഷിക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയവും, എല്ലാ തലങ്ങളിലും നിര്‍മ്മിത ബുദ്ധി പ്രാവര്‍ത്തികമാക്കാനുള്ള ശ്രമവും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയാണ്. ഇന്ന് ചാറ്റ് ജി പി ടി പോലുള്ള എ ഐ ചാറ്റ്‌ബോട്ടുകള്‍ക്ക് ഏറ്റവും അധികം ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ നയങ്ങള്‍ രൂപീകരിക്കുന്നവരുടെ സമീപനവും ഇക്കാര്യത്തില്‍ രാജ്യത്തെ ഏറെ സഹായിക്കുന്നുണ്ട്. ഇതേ സമീപനം തന്നെയാണ് ഈ രംഗത്തുള്ള ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതും.

ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ വികസിപ്പിക്കുന്നത് വളരെ ചിലവ് കുറഞ്ഞ കാര്യമാണെന്ന് കൊട്ടാക്ക് റിസര്‍ച്ച് പറയുന്നു. ഒരുപക്ഷെ ചൈനയ്ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുമായി മത്സരിക്കാന്‍ കഴിയുക. മാത്രമല്ല, ഡാറ്റാ സെന്ററുകള്‍ക്ക് ഏറെ വൈദ്യുതി ആവശ്യമാണ്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങി പല രാജ്യങ്ങളേക്കാള്‍ വൈദ്യുത നിരക്ക് ഇന്ത്യയില്‍ കുറവാണ് താനും. അതിനേക്കാള്‍ ഉപരിയായി സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടത്തിന് ശക്തിയേകാന്‍ ആധുനിക സാങ്കേതിക വിദ്യയില്‍ അതീവ നൈപുണ്യം നേടിയ വലിയൊരു കൂട്ടം യുവാക്കള്‍ ഇന്ത്യയിലുണ്ട് എന്നതും ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.

തൊണ്ണൂറുകളിലേയും രണ്ടായിരങ്ങളിലേയും ഐ ടി ബൂം ഉപയോഗിച്ചത് പോലെ ഇത് ഇന്ത്യയ്ക്ക് മറ്റൊരു സുവര്‍ണ്ണാവസരം നല്‍കിയിരിക്കുകയാണെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി, ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അനാലിസിസിലെ സൗത്ത് ഏഷ്യന്‍ വിഭാഗം ഡയറക്റ്റര്‍ വിഭൂതി ഗര്‍ഗ് പറയുന്നത്. അതേസമയം, ഡാറ്റാ സെന്ററുകളിലെ കൂളിംഗ് സിസ്റ്റങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വലിയ തോതില്‍ ജലം ആവശ്യമാണെന്ന വസ്തുത ഉയര്‍ത്തിക്കാട്ടി, ചിലിയും മെക്സിക്കോയും മുതല്‍ ചില അമേരിക്കന്‍ സംസ്ഥാനങ്ങളും സ്‌കോട്ട്‌ലാന്‍ഡുമൊക്കെ അനുഭവിക്കുന്ന ജലക്ഷാമം ചൂണ്ടിക്കാട്ടി ഇതിനെതിരെ ചില നീക്കങ്ങളും നടക്കുന്നുണ്ട്.

ഹ്യുമന്‍ റൈറ്റ്‌സ് ഫോറം പോലുള്ള ചില സംഘടനകള്‍, ആന്ധ്രാപ്രദേശിലെ ഗൂഗിള്‍ പ്രൊജക്റ്റിനെതിരെ ആശങ്കയുമായി രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍, ഡാറ്റ പ്രൊട്ടക്ഷന്‍, ഡാറ്റ സെന്റര്‍ വികസനം, ഊര്‍ജ്ജോപഭോഗത്തിന്റെ നിയന്ത്രണം തുടങ്ങിയവയില്‍ ഇന്ത്യയ്ക്ക് വ്യക്തതയാര്‍ന്ന നയങ്ങള്‍ ഉള്ളതിനാല്‍, ജലോപഭോഗം വലിയ ചര്‍ച്ചയാവുകയില്ല എന്നാണ് വാട്ടര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പറയുന്നത്. അേേതമയം, നവി മുംബൈയിലേതു പോലെ, വീടുകളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന ഇന്നോവേറ്റീവ് പദ്ധതികള്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് സഹായകമാവുമെന്നും വിദഗ്ധര്‍ പറയുന്നു. നിരവധി പവര്‍, ടെക്‌സ്‌റ്റൈല്‍സ് വ്യവസായ ശാലകളും ഇത്തരത്തിലുള്ള ജലം ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബംഗലൂരുവിലെ വാട്ടര്‍ റീസൈക്ലിംഗ് വിദഗ്ധനായ പ്രവീണ്‍ രാമമൂര്‍ത്തിയും ഇതിനോട് യോജിക്കുന്നു. പാനയോഗ്യമല്ലാത്ത ജലം റീസൈക്ലിംഗ് ചെയ്ത് ഉപയോഗിക്കണം എന്നത് ഡാറ്റാ സെന്ററുകള്‍ക്ക് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറയുന്നു. അതേ സമയം ജലം ഉപയോഗിക്കാത്ത കൂളിംഗ് സാങ്കേതിക വിദ്യയുടെ രംഗത്തുണ്ടാകുന്ന പുരോഗതി അധികം താമസിയാതെ ഈ ആശങ്ക മാറ്റുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലും ഇത്തരം സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇപ്പോള്‍ ചിലയിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, കര്‍ണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ഡാറ്റാ സെന്ററുകളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പിലുള്ളത്. നേരത്തെ വിദേശ യൂണിവെഴ്സിറ്റികള്‍ ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ എത്തിയപ്പോഴും ഈ സംസ്ഥാനങ്ങള്‍ക്ക് തന്നെയായിരുന്നു മുന്‍തൂക്കം ലഭിച്ചതും. ഇന്ത്യയില്‍ ആദ്യമായി ടെക്നോപാര്‍ക്ക് നിര്‍മ്മിച്ചിട്ടും കേരളത്തിന് ഐ ടി മേഖലയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ ആകാതെ പപോയതുപോലെ ഈ ഡാറ്റാസെന്റര്‍ വിപ്ലവകാലത്തും പിന്‍തള്ളപ്പെട്ട് പോകാതിരിക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തിയെ തീരു.