തിരുവനന്തപുരം: ജീവനക്കാര്‍ക്കുള്ള ശമ്പളം, ക്ഷേമപെന്‍ഷന്‍, മറ്റ് ചെലവുകള്‍ എന്നിവക്കായി കേരളം 1,225 കോടി രൂപ കൂടി കടമെടുക്കുന്നു. ആര്‍.ബി.ഐയുടെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ സംവിധാനം വഴിയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ ആകെ കടം 31,972 കോടി രൂപയായി വര്‍ധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് കടമെടുപ്പെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഡിസംബറുവരെ വരെ കടമെടുപ്പില്‍ ബാക്കിയുള്ളത് 740 കോടി! 17ന് റിസര്‍വ് ബാങ്ക് വഴിയാണു പൊതുവിപണിയില്‍ നിന്നു കടമെടുക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് കേരളം കടപത്രമിറക്കുന്നത്.

വകുപ്പുകളുടെ ബില്ലുകള്‍ മാറാനും മറ്റുമായാണ് 1,225 കോടി രൂപ കൂടി അടുത്തയാഴ്ച സര്‍ക്കാര്‍ കടമെടുക്കുന്നത്. ക്രിസ്മസിനു മുന്നോടിയായി രണ്ടോ മൂന്നോ മാസത്തെ ക്ഷേമ പെന്‍ഷനും നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3,000 കോടി കടമെടുക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നത്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് കമ്പനിയുമെടുത്ത വായ്പ സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കി കുറച്ചതോടെ ഈ പരിധി 28,512 കോടിയായി കുറഞ്ഞു. പിന്നീട് പക്ഷേ കേന്ദ്രം പരിധി കൂട്ടി. ഇനിയും കൂട്ടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിയുടെ നിലപാട് കേരളത്തിന് നിര്‍ണ്ണായകാണ്. അല്ലാത്ത പക്ഷം ഈ സാമ്പത്തിക വര്‍ഷം പിണറായി സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലേക്ക് പോകും.

ആദ്യം അനുവദിച്ച 28,512 കോടിയില്‍ 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്ത് തീര്‍ത്തു. എന്നാല്‍ ഓണക്കാലത്തെ ശമ്പളം, പെന്‍ഷന്‍ പോലുള്ള ചെലവുകളടക്കം പ്രതിസന്ധിയിലാകുമെന്ന് വന്നതോടെ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതത്തില്‍ നിന്നും കൂടുതല്‍ പണം കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതുഅക്കൗണ്ടിലെ ശരിയായ കണക്കുകള്‍ വിലയിരുത്തി കൂടുതല്‍ വായ്പയ്ക്ക് അര്‍ഹതയുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് 4,200 കോടി കൂടി കേന്ദ്രം അനുവദിച്ചു. ഇതോടെ കടമെടുപ്പ് പരിധി 32,712 കോടിയായി. ഇനി ഇതിലുള്ളത് 740 കോടിയും. ജനുവരിയില്‍ കുടുതല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാകും. ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം കടമെടുപ്പ് പരിധി 37,512 കോടി ആണെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതായത് ഇനിയുള്ള മൂന്ന് മാസത്തേക്ക് കേന്ദ്രം അനുവദിച്ചാല്‍ ആറായിരം കോടി കൂടി എടുക്കാം. പക്ഷേ അതുകൊണ്ട് പ്രശ്‌നം തീരില്ല.

ശമ്പളം, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ ഏറ്റുപോയ ചെലവുകള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി 15,000 കോടി രൂപ പ്രതിമാസം കേരളത്തിന് വേണം. പ്രതിമാസ വരവ് ശരാശരി 12,000 കോടി രൂപയാണ്. 3,000 രൂപയുടെ വ്യത്യാസം കടമെടുപ്പിലൂടെയും ചെലവ് വെട്ടിക്കുറച്ചുമാണ് കേരളം കണ്ടെത്തുന്നത്. കടമെടുപ്പ് പരിധിയില്‍ 740 കോടി മാത്രം ശേഷിക്കെ ഇനി മുമ്പിലുള്ളത് വലിയ പ്രതിസന്ധിയാണ്. ഇതിനെ മറികടക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനും സാധ്യതയുണ്ട്. അതായത് 9000 കോടിയെങ്കിലും അടുത്ത മൂന്ന് മാസം കേരളത്തിന് കടമെടുപ്പിലൂടെ സ്വരൂപിക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം മുടക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്ത് തീര്‍ത്തിരുന്നു. ബാക്കി തുക 2025 ജനുവരി മുതലുള്ള കാലയളവില്‍ എടുക്കാന്‍ സാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അധിക വായ്പ എടുക്കാന്‍ ജനുവരിക്ക് മുമ്പ് തന്നെ അനുമതി കിട്ടി. ഇതു പ്രകാരം ഇനി ജനുവരി മുതല്‍ എടുക്കനാകുക 5540 കോടിയാണ്. ഇതുകൊണ്ട് ഈ സാമ്പത്തിക വര്‍ഷത്തെ മൂന്ന് മാസം തള്ളി നീക്കുക അസാധ്യമാണ്.

ട്രഷറി നിയന്ത്രണം കടുത്ത നിലയില്‍ തുടരേണ്ട സാഹചര്യമം ഉണ്ടായാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പദ്ധതി നിര്‍വഹണം അവതാളത്തിലാകുകയും ചെയ്യും. ഈ രണ്ട് മാസങ്ങളിലായാണ് പദ്ധതി ചെലവിന്റെ ബില്ലുകള്‍ കൂട്ടത്തോടെ ട്രഷറിയിലേക്ക് എത്തുന്നത്. ക്രിസ്മസിനു മുന്‍പ് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ 3000 കോടി രൂപ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു കടമെടുക്കുമ്പോള്‍ പ്രതിസന്ധി കൂടും. നാലു മാസത്തെ ക്ഷേമ പെന്‍ഷനാണ് കുടിശികയുള്ളത്. 6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും ലഭിക്കാനുണ്ട്. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവക്ക് സെസ് ഏര്‍പ്പെടുത്തിയത് വഴി ഖജനാവിലേക്ക് ലഭിച്ചത് 1721.16 കോടി രൂപയാണ്. 2024 ഒക്ടോബര്‍ 8 വരെയുള്ള കണക്കാണിത്.

ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കുന്നതിന് വേണ്ടിയാണ് സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് കെ. എന്‍. ബാലഗോപാല്‍ 2023- 24 ലെ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നിട്ടും ക്ഷേമ പെന്‍ഷന്‍ കുടിശികയായി എന്നതാണ് വിരോധാഭാസം. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന ആള്‍ മരണപ്പെട്ടാല്‍ കുടിശിക അവകാശികള്‍ക്ക് ലഭിക്കില്ല. സെസിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ വരവ വയ്ക്കുകയും ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള ചെലവുകള്‍ ബജറ്റ് ശീര്‍ഷകങ്ങളില്‍ വകയിരുത്തിയ തുകയില്‍ നിന്നും അപ്രോപിയേഷന്‍ നിയന്ത്രണത്തിന് വിധേയമായി ചെലവഴിക്കുകയുമാണ് ചെയ്യുന്നത്.