- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ രാഹുൽ കത്തിക്കയറിയപ്പോഴും ഓഹരി വില ഉയർന്നു; അദാനി എന്റർപ്രൈസസും അദാനി പോർട്ടും നേട്ടത്തിൽ; അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ വിലക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജിയും
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തിയതോടെ ലോക്സഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അദാനി ഗ്രൂപ്പിനെതിരെ ഇന്ന് കത്തിക്കയറിയിരുന്നു. എന്നാൽ, ഇതിനിടെ ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ ചിലത് മികച്ച പ്രകടനം നടത്തി.
ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ ചൊവ്വാഴ്ച മികച്ച തിരിച്ചുവരവിന്റെ സൂചനകളാണ് കാട്ടിയത്. ഹിഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ഇടിഞ്ഞ അദാനി ഓഹരികളിൽ പലതും ചൊവ്വാഴ്ച മടങ്ങിവരവിന്റെ പാതയിലായി. ഗ്രൂപ്പ് ഓഹരികളിൽ അദാനി എന്റർപ്രൈസസ് ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യുട്ട് പരിധിയിൽ മികച്ച നേട്ടത്തിലായി. വിപണികളിൽ ലിസ്റ്റ് ചെയ്ത പത്ത് അദാനി ഓഹരികളിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം മുന്നേറ്റം കാട്ടി.
അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്‌സ്, അദാനി ട്രാൻസ്മിഷൻ എന്നീ മൂന്ന് പ്രധാന കമ്പനികളുടെ 110 കോടി ഡോളർ വായ്പ 2024 സെപ്റ്റംബർ മാസത്തെ തിരിച്ചടവ് കാലാവധിക്ക് മുൻപു തന്നെ അദാനി ഗ്രൂപ്പ് പ്രമോട്ടർമാർ മുൻകൂറായി അടയ്ക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി വില മുന്നേറിയതിന് കാരണമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
അതിനിടെ അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികൾക്കെതിരായ മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബിക്ക് മുമ്പിൽ ഇത്തരം റിപ്പോർട്ടുകൾ ഫയൽ ചെയ്ത്, ആരോപണങ്ങൾ സ്ഥിരീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കരുതെന്നാണ് ആവശ്യം. ഹിൻഡൻബെർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്സണിനെതിരായി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ്മ നൽകിയ ഹർജിയുടെ അനുബന്ധമായാണ് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ആൻഡേഴ്സൺ ഉൾപ്പെടെ ആരും അദാനിക്കെതിരായി സെബിക്ക് മുന്നിൽ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മാധ്യമങ്ങൾ നൽകുന്ന അമിതപ്രധാന്യം കണക്കിലെടുത്ത് ഷോർട്ട് സെല്ലർമാർ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ മാധ്യമങ്ങൾ വഴി ഉന്നയിക്കുകയാണ്. ഇത് ഇന്ത്യൻ വിപണിയെ മോശമായി ബാധിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
'മാധ്യമങ്ങൾ നൽകിയ അമിതപ്രധാന്യം ഇന്ത്യൻ ഓഹരി വിപണിയെ 50%ത്തിലേറെ തകർച്ചയിലേക്ക് നയിച്ചു. മാധ്യമങ്ങളിലെ തുടർച്ചയായ ആരോപണങ്ങളും പ്രസ്താവനകളും നിക്ഷേപകരിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. ഇതേത്തുടർന്ന് നിക്ഷേപകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാവുന്നു. സാധാരണ നിക്ഷേപകർ കശാപ്പ് ചെയ്യപ്പെടുകയാണ്. നീതി കണക്കിലെടുത്ത് ഇത് അവസാനിപ്പിക്കണം. ഇത്തരം ആരോപണങ്ങൾ ആപത്കരമാണെന്നും അവ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങളെ ഒരിക്കലും അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയില്ലെങ്കിൽ ലക്ഷക്കണക്കിന് നിക്ഷേപകർക്ക് മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നും ഇത് പണം കൊണ്ട് നികത്താൻ കഴിയാത്തതാവുമെന്നും ഹർജിക്കാരൻ പറയുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ