കൊച്ചി: പുരാവസ്തു വിൽപ്പനക്കാരൻ എന്ന വ്യാജേന മോൻസൻ മാവുങ്കൽ കോടികൾ തട്ടിയെടുത്ത കേസിൽ പൊലീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. മോൻസൻ മാവുങ്കലിന്റെ വീടിന് സംരക്ഷണം നൽകിയത് നടപടിക്രമങ്ങൾ പാലിച്ചെന്നതടക്കം പൊലീസിന്റെ ഇടപെടലുകളെ ന്യായീകരിച്ച് ഡിജിപി അനിൽകാന്ത് നൽകിയ സത്യവാങ്മൂലം പരിശോധിച്ചാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.

ഡിജിപിയുടെ സത്യവാങ്മൂലം ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുവെന്ന് പറഞ്ഞ കോടതി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരുവഴിയാണ് മോൻസനെ പരിചയപ്പെട്ടതെന്ന് ചോദിച്ചു.മോൻസന്റെ വീട്ടിൽ പ്പോയവർ എന്തുകൊണ്ട് പുരാവസ്തു നിയമത്തെ കുറിച്ച് ചിന്തിച്ചില്ലെന്ന ചോദ്യവും ഉന്നയിച്ചു. നിയമപ്രകാരമാണോ പുരാവസ്തുക്കൾ സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് എന്തുകൊണ്ട് സംശയം തോന്നിയില്ല,ഐജി ലക്ഷ്്മണിന്റെ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മോൻസൻ മോൻസൻ എല്ലാ സംവിധാനങ്ങളും തന്നിഷ്ടത്തിന് ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. പുരാവസ്തുക്കൾ കാണാൻ മോൻസന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംശയം തോന്നിയ മുൻ ഡിജിപി അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് കത്ത് നൽകി. വീടിന് മുന്നിൽ ബീറ്റ് ബോക്സ്് സ്ഥാപിക്കാൻ നിർദേശിച്ച് മറ്റൊരു കത്തും ഇറങ്ങിയത് ഇക്കാലത്താണ്. ഇത് എന്തൊരു വിരോധാഭാസമാണെന്നും കോടതി ചോദിച്ചു.

അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപി കത്ത് നൽകി എട്ടുമാസത്തിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണ റിപ്പോർട്ട് നൽകാൻ എന്തുകൊണ്ട് കാലതാമസം വരുത്തി. മുൻ ഡിജിപിയും എഡിജിപിയും നൽകിയതടക്കം കേസുമായി ബന്ധപ്പെട്ട കത്തുകൾ ഹാജരാക്കാനും നിർദേശിച്ച് കേസ് പരിഗണിക്കുന്നത് നവംബർ 11ലേക്ക് മാറ്റി. നേരത്തെ അനിത വഴിയാണ് മോൻസനെ മുൻ ഡിജിപി ബെഹ്‌റ പരിചയപ്പെട്ടതെന്ന വാർത്തകൾ വന്നിരുന്നു.

അതേസമയം പ്രതി മോൻസൻ മാവുങ്കലിന്റെ വീടിന് സംരക്ഷണം നൽകിയത് നടപടിക്രമങ്ങൾ പാലിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. മോൻസന്റെ വീടിന്റെ പ്രദേശത്ത് ഏർപ്പെടുത്തിയത് പതിവു ബീറ്റ് പരിശോധന മാത്രമെന്ന് ഡിജിപി അനിൽകാന്ത് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അപേക്ഷ പരിഗണിച്ചാണ് ബീറ്റ് ബോക്സ് സ്ഥാപിച്ചത്. മോൻസന് ഒരു തരത്തിലുള്ള അധിക സുരക്ഷയും നൽകിയിട്ടില്ല. അപേക്ഷ ലഭിക്കുമ്പോൾ നൽകുന്ന പതിവ് പൊലീസ് നിരീക്ഷണം മാത്രമാണ് മോൻസനും നൽകിയത്.

മോൻസൻ മാവുങ്കലിന് എതിരായ പൊലീസ് അന്വേഷണം കാര്യക്ഷമമാണ്. അന്വേഷണത്തെ സംശയിക്കേണ്ട സാഹചര്യമില്ല. മോൻസനെതിരെ പോക്സോ ഉൾപ്പെടെ 10 കേസുകൾ രജിസ്റ്റർ ചെയ്തു. മോൻസന്റെ മ്യൂസിയത്തിൽ സന്ദർശനം നടത്തിയ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസനെതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. മോൻസന്റെ പുരാവസ്തുക്കൾ കാണാനായിരുന്നു സന്ദർശനമെന്നും ബെഹ്റ മൊഴി നൽകി. ബെഹ്റ മ്യൂസിയം സന്ദർശിക്കുമ്പോൾ മോൻസനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നില്ല. ബെഹ്റ ആവശ്യപ്പെട്ട പ്രകാരമാണ് എഡിജിപി മനോജ് എബ്രഹാം ഒപ്പം പോയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മോൻസനെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ഐജി ലക്ഷ്മണ ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ എഡിജിപി ഇടപെട്ട് ഈ നീക്കം തടയുകയും ലക്ഷ്മണയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. മോൻസന്റെ ഡ്രൈവർ അജിയെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് അജിയോട് ഹാജരാകാൻ നിർദേശിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തിയെന്ന അജിയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നും ഡിജിപിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.