- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിലെ ലോറി ഡ്രൈവർ 20 വർഷം കൊണ്ട് കോടികൾ മൂല്യമുള്ള കെഎൻപി കമ്പനിയുടെ ഉടമയായി മാറി; ഉദ്യോഗസ്ഥരും വക്കീലന്മാരും പത്രക്കാരും അവരുടെ അതിഥികളായി: പാവപ്പെട്ട തമിഴരേയും മുതുവാന്മാരേയും കൂട്ടുപിടിച്ച് യൂക്കാലി എന്ന വിഷവൃക്ഷത്തിലൂടെ വട്ടവടയെയും കാന്തല്ലൂരിനേയും തകർത്തെറിഞ്ഞ കഥ
വട്ടവടയും കോവിലൂരും ഒരു കാലം 'കേരളത്തിന്റെ പഴക്കൂട' എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഊരുകൾ 1900 വരെ ധാന്യങ്ങളുടെ കാലവറകളായിരുന്നു. വെള്ളക്കാരാണ് ഊരുകാരെ ഉരുളക്കിഴങ്ങു് , ക്യാരറ്റ് , ബീട്രൂറ്റ്, കാബേജ് എന്നിവയൊക്കെ കൃഷി ചെയ്യാൻ പരിശീലിപ്പിച്ചത്. ഒപ്പം സ്‌ട്രോബെറി പോലുള്ള ശീതകാല പഴങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. കാലംപോകെ കൃഷി രീതിയിലെ അപാകതകൾ മൂലം മേൽമണ്ണിന്റെ ഗുണം കുറഞ്ഞു വന്നു. അക്കാലത്താണ് പുറത്തു നിന്നെത്തിയ (പ്രധാനമായും ഇടുക്കിയുടെ ലോറേഞ്ച്, എറണാകുളം) കുത്തക മുതലാളിമാർ ഈ കർഷക ഗ്രാമത്തിന്റെ മലകളിലും താഴ്‌വാരങ്ങളിലും ഗ്രാൻഡിസ് മരങ്ങൾ (യൂക്കാലി) നട്ടുവളർത്തി ലാഭം കൊയ്യാൻ തുടങ്ങിയത്. പച്ചക്കറികൃഷി തുടർച്ചയായി നഷ്ടടമായപ്പോൾ ഗ്രാമവാസികളും ആ ലാഭക്കൊയ്ത്തിന്റെ വഴി തേടി. കൃഷിയിടങ്ങൾ ഗ്രാൻഡിസ് മരത്തോട്ടങ്ങളായി. എന്നാൽ അമിതമായി മണ്ണിൽനിന്ന് ജലവും ജൈവാംശവും വലിച്ചെടുത്ത് തഴയ്ക്കുന്ന ഈ മരങ്ങൾ അവരുടെ മണ്ണിനേയും പ്രകൃതിയേയും ഊഷരമാക്കിയത് അറിയാൻ അവർ വീണ്ടും വൈകി. അമ്പത് ഏക്കർ ഉള്ളവൻ എങ്ങനെ 1500 ഏക്കർ
വട്ടവടയും കോവിലൂരും ഒരു കാലം 'കേരളത്തിന്റെ പഴക്കൂട' എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഊരുകൾ 1900 വരെ ധാന്യങ്ങളുടെ കാലവറകളായിരുന്നു. വെള്ളക്കാരാണ് ഊരുകാരെ ഉരുളക്കിഴങ്ങു് , ക്യാരറ്റ് , ബീട്രൂറ്റ്, കാബേജ് എന്നിവയൊക്കെ കൃഷി ചെയ്യാൻ പരിശീലിപ്പിച്ചത്.
ഒപ്പം സ്‌ട്രോബെറി പോലുള്ള ശീതകാല പഴങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. കാലംപോകെ കൃഷി രീതിയിലെ അപാകതകൾ മൂലം മേൽമണ്ണിന്റെ ഗുണം കുറഞ്ഞു വന്നു. അക്കാലത്താണ് പുറത്തു നിന്നെത്തിയ (പ്രധാനമായും ഇടുക്കിയുടെ ലോറേഞ്ച്, എറണാകുളം) കുത്തക മുതലാളിമാർ ഈ കർഷക ഗ്രാമത്തിന്റെ മലകളിലും താഴ്‌വാരങ്ങളിലും ഗ്രാൻഡിസ് മരങ്ങൾ (യൂക്കാലി) നട്ടുവളർത്തി ലാഭം കൊയ്യാൻ തുടങ്ങിയത്.
പച്ചക്കറികൃഷി തുടർച്ചയായി നഷ്ടടമായപ്പോൾ ഗ്രാമവാസികളും ആ ലാഭക്കൊയ്ത്തിന്റെ വഴി തേടി. കൃഷിയിടങ്ങൾ ഗ്രാൻഡിസ് മരത്തോട്ടങ്ങളായി. എന്നാൽ അമിതമായി മണ്ണിൽനിന്ന് ജലവും ജൈവാംശവും വലിച്ചെടുത്ത് തഴയ്ക്കുന്ന ഈ മരങ്ങൾ അവരുടെ മണ്ണിനേയും പ്രകൃതിയേയും ഊഷരമാക്കിയത് അറിയാൻ അവർ വീണ്ടും വൈകി.
- അമ്പത് ഏക്കർ ഉള്ളവൻ എങ്ങനെ 1500 ഏക്കർ സ്വന്തമാക്കി? നിയമം ലംഘിച്ച് പണിതുയർത്തിയ റിസോർട്ടുകളുടെ ഉടമകളാര്? വിഎസിന്റെ പുലിയും പൂച്ചയും മലയിറങ്ങിയ ശേഷം എങ്ങനെ കൊള്ള ഇരട്ടിയായി? പരിസ്ഥിതി കളങ്കപ്പെടുത്തുന്നത് കുമ്പസാരക്കുറ്റം ആക്കും മുമ്പ് ഒരുകൂട്ടം നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് മൂന്നാറിനെ വ്യഭിചരിക്കുന്നത് കണ്ടെത്താൻ ഇറങ്ങിയ വൈദികൻ പറയുന്ന കഥ
- 3000 രൂപ പാട്ടത്തിന് പൂഞ്ഞാർ രാജാവിനോട് മൺറോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കർ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയിൽ എത്തി? നേതാക്കൾക്ക് ബംഗ്ലാവുകളും അവരുടെ മക്കൾക്ക് ജോലിയും നൽകി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവർ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം
- കയ്യേറിയ 50 ഏക്കർ എംഎം മണിയുടെ സഹോദരന്റെ വക; അഞ്ചുസെന്റ് പട്ടയത്തിൽ 12 സെന്റ് നിറഞ്ഞ് സിപിഐയുടെ പഞ്ചനക്ഷത്ര റിസോർട്ട്; ചെങ്കുത്തായ മലയിലെ ബഹുനില മന്ദിരം ജോയിസ് ജോർജിന്റെ സഹോദരന്റെ; മാണിയുടെ മരുമക്കൾക്ക് കോടികളുടെ റിസോർട്ട്; പട്ടയമേളകൾ ഹർത്താൽ നടത്തി ഉഴപ്പുന്നതിന്റെ പിന്നിലും ഗൂഢാലോചന; മൂന്നാറിൽ വിഎസിന്റെ ഓപ്പറേഷൻ പൊളിഞ്ഞത് ഇങ്ങനെ
അജ്ഞരായ ഈ മനുഷ്യർ നാളെ അവരുടെ മണ്ണിനും ജീവിതത്തിനും സംഭവിക്കാൻ പോകുന്നതൊന്നും ഗൗരവമായി ചിന്തിക്കാതെ മുതലാളിമാർക്ക് ഒത്താശചെയ്ത് കൂടെനിന്നു. ഒരിക്കൽ വർഷം മുഴുവൻ കൃഷിചെയ്യാൻ മാത്രം ജലസമൃദ്ധമായിരുന്ന വട്ടവട, കോവിലൂർ ഗ്രാമങ്ങൾ ഇപ്പോൾ വരൾച്ചയുടെ പിടിയിലമരുന്നു. വർഷത്തിൽ ആറുമാസത്തിൽ കൂടുതൽ.
സമുദ്രനിരപ്പിൽ നിന്ന് 4000 അടിക്ക് മേലെ ഉയരമുള്ള മൂന്നാറിന്റെ മലകളിൽ യൂക്കാലി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അന്ന് ലോകം മുഴുവൻ കാർഷിക പരീക്ഷണങ്ങളുടെ കാലമായിരുന്നു. പ്ലാന്റേഷൻ മേഖലയിൽ വർദ്ധിച്ചുവന്ന വിറകിന്റെ ആവശ്യത്തിനായിരുന്നു യൂക്കാലി നട്ടു പിടിപ്പിച്ചത്. വളരെ വേഗത്തിൽ ഒരു ഒറ്റത്തടിയായി വളരുന്നു. മുറിച്ച് ശേഖരിക്കാൻ എളുപ്പം. വേഗത്തിൽ തീ പിടിക്കുന്നു ഇവയൊക്കെയാണ് അതിന് അവർ കണ്ട ഗുണങ്ങൾ.
വനസംരക്ഷണത്തെ നമ്മൾ ഗൗരവമായി എടുക്കുന്നത് എഴുപതുകളിലാണ്. പശ്ചിമഘട്ടത്തിന്റെ വനമേഖലയ്ക്ക് ഗണ്യമായി കുറവ് സംഭവിച്ചെന്നും ശേഷിക്കുന്ന വനഭൂമിയെങ്കിലും സംരക്ഷിക്കപ്പെടണമെങ്കിൽ ഇന്ധന ആവശ്യത്തിന് ജനങ്ങൾ സ്വാഭാവിക വനത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരണമെന്നുമുള്ള ചിന്തയിലാണ് സോഷ്യൽ ഫോറസ്ട്രി തന്നെ റവന്യൂ ഭൂമിയിൽ സ്റ്റേറ്റിന്റെ ഇന്ധന തടി ആവശ്യത്തിനായി വേഗത്തിൽ വളരുന്ന, വളർച്ചയ്ക്ക് അധികം സ്ഥലവിസ്തീർണ്ണം ആവശ്യമില്ലാത്ത യൂക്കാലി നട്ടുപിടിപ്പിക്കുന്നത്.
വേണ്ടത്ര പാരിസ്ഥിതിക പഠനങ്ങളൊന്നും നടത്തി ആരംഭിച്ച ഒന്നായിരുന്നില്ല അത്. കുറഞ്ഞ സ്ഥലത്ത്. കുറഞ്ഞ സമയത്ത്, കൂടുതൽ ലാഭം. അതായിരുന്നു യൂക്കാലിയുടെ വ്യാവസായിക സാധ്യത.
യൂക്കാലി മരങ്ങൾ വട്ടവട ഗ്രാമത്തിന്റെ കൃഷിയിടങ്ങളിലും ചെരിവുകളിലും മലമുകളിലും ചേക്കേറാൻ തുടങ്ങിയത് തൊണ്ണൂറുകൾക്ക് ശേഷമാണ്. വട്ടവടയുടെ ആദിമ നിവാസികൾ മുതുവാൻ ഗോത്ര വിഭാഗങ്ങളായിരുന്നു. അവിടെ പിന്നീട് കുടിയേറിപ്പാർത്തവരാണ് തമിഴ് സമൂഹങ്ങൾ.
1980കൾ വരെ ആദിമ ഗോത്ര വർഗ്ഗവും തമിഴ് കുടിയേറ്റക്കാരും മാത്രം അധിവസിച്ചിരുന്ന വട്ടവടയിൽ മലയാളി എത്തിപ്പെടുന്ന കാലത്ത് തുടങ്ങുന്നതാണ് വട്ടവടയുടെ പാരിസ്ഥിതിക അധോഗതി. വട്ടവടയിൽ 1990 കളിൽ ശക്തമായി ഭൂമി 'കയ്യേറി'യെത്തിയ മലയാളികൾക്ക് ലാഭക്കൊയ്ത്ത് മാത്രമായിരുന്നു ലക്ഷ്യം.
വട്ടവടയുടെ ഭൂമി കൈവശമാക്കുന്നതിൽ മലയാളി സമൂഹം തന്ത്രപൂർവ്വം തമിഴ് സമൂഹത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലമുകളിലെ കാടുകൾ വെട്ടിപ്പിടിച്ചെടുത്താൽ വാങ്ങിക്കൊള്ളാമെന്നുള്ള ഉറപ്പ് കട്ടിയപ്പോൾ തമിഴൻ ആ വഴി തിരഞ്ഞെടുത്തു. അവിടെ പണം കൊയ്യുന്ന യൂക്കാലി വ്യവസായത്തിന്റെ മാജിക്കും കൂടി കാട്ടിത്തരാമെന്നായപ്പോൾ അവർ ഒട്ടും മടിച്ചില്ല. മലയാളി തമിഴനിൽ നിന്ന് ഭൂമി ചുളുവിലയ്ക്ക് വാങ്ങി. രേഖകൾ ഉള്ളതും ഇല്ലാത്തതുമായ ഭൂമി. എങ്ങനെ ചെങ്കുത്തായ താഴ്‌വാരങ്ങളിലും മലമുകളിലും ഭൂമിക്ക് രേഖകൾ ഉണ്ടായി എന്ന് ചോദിക്കരുത്. പിന്നെ അവിടെ വ്യാപകമായ യൂക്കാലി നടീൽ അരങ്ങേറുകയായിരുന്നു.
മൂന്നാം വർഷം വെട്ടിപ്പോകുന്ന മരങ്ങൾ വീണ്ടും അതി ശക്തിയായി കുറ്റിയിൽ നിന്ന് മുളച്ചുവന്ന് തഴയ്ക്കും. വർഷം മുഴുവൻ തമിഴന് പണി, കൈ നിറയെ പണം. ആവേശം മൂത്ത് തമിഴർ തങ്ങളുടെ കൃഷിയിടത്തിലും നട്ടു പണം കായ്ക്കുന്ന ഈ മരം. കെ.എൻ.പി. മരക്കച്ചവടക്കമ്പനിയുടെ ജീപ്പുകളും ലോറികളും വട്ടവടയുടെ ചെങ്കുത്തായ കുന്നിൻ മുകളിലൊക്കെ ചീറി നടന്നു.
ഒരു അതിസാധാരണ അടിമാലിക്കാരൻ ലോറി ഡ്രൈവർ വെറും ഇരുപത് വർഷം കൊണ്ട് കോടികളുടെ അസ്തിയുള്ള കെ.എൻ.പി. കമ്പനിയുടെ ഉടമയായി. വട്ടവടയുടെ ഭൂമി പ്രശ്‌നം പഠിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും പത്രക്കാരും കെ.എൻ.പിയുടെ ഗസ്റ്റ് ഹൗസുകളിൽ ആതിഥ്യം സ്വീകരിച്ച് ആഘോഷിച്ച് പോയി. അതിനിടയിൽ വട്ടവട ഗ്രാമത്തിന് എന്തു സംഭവിച്ചു?
വർഷം മുഴുവൻ ജലസമൃദ്ധമായിരുന്ന വട്ടവട ഗ്രാമം വരൾച്ചയുടെ പിടിയിൽ പെട്ട് മണ്ണ് തരിശാകാൻ തുടങ്ങി. വെള്ളം കുടിച്ച് ചീർക്കുന്ന യൂക്കാലി മരങ്ങൾ മുമ്മൂന്ന് വർഷങ്ങളിൽ വെട്ടിയിറങ്ങിയപ്പോൾ മണ്ണ് ഊഷരമായി. ഈ ഏക വൃക്ഷത്തോട്ടം ജൈവ വൈവിദ്ധ്യത്തെ നശിപ്പിച്ചു. ഇന്നോളം ഒരു മലയാളിയും അവിടെ കൃഷി ചെയ്തിട്ടില്ല.
അവർ ചെയ്തത് യൂക്കാലി നട്ട് ലാഭം കൊയ്യുകയായിരുന്നു. ആർക്കാണ് ആത്യന്തികമായി നഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ വട്ടവടയിലെ പരമ്പരാഗത കർഷകർക്കാണ്. അവരുടെ മണ്ണാണ് തരിശായത്. അവരുടെ കുടിവെള്ളവും നീർച്ചാലുകളുമാണ് വറ്റിയത്. എന്നിട്ടിപ്പോൾ ഗവൺമെന്റ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു.
ഒരുനാൾ വർഷം മുഴുവൻ നീർച്ചാലുകൾ ഒഴുകി ഹരിതാഭമായിരുന്ന ഒരു ഗ്രാമം മുഴുവൻ കൃഷിക്കും മറ്റാവശ്യത്തിനുമായി പൈപ്പ് വെള്ളം എത്തിച്ചു കൊടുക്കാൻ അവിടെ മുഴുവൻ പൈപ്പുകൾ കഴിച്ചിടുന്നു. ആ പൈപ്പുകളിൽ വർഷം മുഴുവൻ ഇടതടവില്ലാതെ എവിടെ നിന്ന് വെള്ളം കിട്ടുമെന്ന് മാത്രം ചോദിക്കരുത്. ജൈവാംശം നഷ്ടപ്പെട്ട മണ്ണിന് വേണ്ടി സമൃദ്ധമായി രാസവളവും കീടനാശിനിയും കൊടുക്കുന്നു. ഇതാണ് കീഴ് മേൽ മറഞ്ഞ വികസനവും സംരക്ഷണവും.
വട്ടവടയുടെ പ്രശ്‌നങ്ങൾ പലതാണ്. ആദ്യ പ്രശ്‌നം ഭൂമി പ്രശ്‌നം തന്നെ. 1990ന് ശേഷം മലയാളി തമിഴനെ മറയാക്കി കൈയേറിയ ഭൂമി മുഴുവൻ ഒരു റീസർവ്വേ നടത്താതെ ഒരിക്കലും അത് പരിഹരിക്കപ്പെടാവുന്നതല്ല. ഇപ്പോഴത്തെ എംപി. ജോയ്‌സ് ജോർജിന് കൊട്ടക്കാമ്പൂർ ഉള്ള ഭൂമിയടക്കം പുറമേക്കാർ കൈവശം വച്ചിരിക്കുന്ന ഭൂമി ശരിയായ രേഖകളോടെയാണോ എന്ന ചോദ്യം ചോദിക്കാൻ ഏറെ രാഷ്ട്രീയ കടമ്പകൾ കടക്കണം.
ഏക വൃക്ഷത്തോട്ട വ്യവസായത്തിലൂടെ നശിച്ചുപോയ മണ്ണിനെ അതിന്റെ സ്വാഭാവികതയിലേ്ക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള നൈപുണ്യമൊന്നും നമ്മുടെ കൃഷി വകുപ്പിന്റെ കൈവശമില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. എന്തായാലും ഭൂമി ഇടപാടിൽ തീരുമാനമാകും വരെ യൂക്കാലി മരങ്ങൾ വട്ടവടയിൽ നിന്ന് മുറിക്കേണ്ടെന്ന് കഴിഞ്ഞ സർക്കാരിന്റെ ക്യാബിനറ്റ് തീരുമാനമുണ്ടായി.
വട്ടവട , കാന്തല്ലൂർ ഗ്രാമങ്ങളിൽ മാത്രമല്ല ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും യൂക്കാലി കൃഷിയുണ്ട്. മലഞ്ചെരിവുകളിൽ കൃഷി ചെയ്തിട്ടുള്ള യൂക്കാലി മുറിച്ചെടുത്തു കഴിഞ്ഞ് തീയിടുന്ന രീതി വ്യാപകമാണ്. മണ്ണിന്റെ അവശേഷിക്കുന്ന ജീവൻ നഷ്ടപ്പെടുത്തുന്ന ഈ രീതി കർശനമായി നിരോധിക്കപ്പെടേണ്ട ഒന്നാണ്. യൂക്കാലി മരങ്ങളുടെ കുറ്റികൾ യന്ത്ര സഹായത്താൽ വേരോടെ പിഴുതെടുക്കുമ്പോൾ മണ്ണൊലിപ്പ് വൻ തോതിലുണ്ടാകും.
ഇടനാട്ടിലെ കോണ്ടൂർ ലൈൻ രീതികൾ ഹൈറേഞ്ച് കർഷകർക്ക് പരിചയമുള്ള കാര്യമല്ല . കോണ്ടൂർ ലൈനുകൾ മഴവെള്ളം മണ്ണിൽ ഊർന്നിറങ്ങാനും ഉറവകൾ സജീവമാകാനും സഹായിക്കുന്നു . കോണ്ടൂർ ലൈനുകൾ നിർമ്മിക്കുന്ന രീതി കേരളത്തിലെ കാർഷിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശീലിപ്പിക്കുന്നില്ല എന്നത് ദുഃഖകരമായ കാര്യമാണ്. മണ്ണിലെ ജൈവ വൈവിധ്യം എങ്ങിനെ ഉണ്ടാകുന്നുവെന്നും അവ കൃഷിയെ എങ്ങിനെ സഹായിക്കുന്നുവെന്നും മലയോര കർഷകരെ പഠിപ്പിക്കുന്ന ഒരു ക്ലാസ് റൂം പോലും കേരളത്തിലില്ല.
മലകളും, വനങ്ങളും, പുൽമേടുകളും കർഷകർക്കും നാടിനും നൽകുന്ന സേവനങ്ങളെ തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനുണ്ടാക്കുന്ന പദ്ധതികളെ അവഗണിക്കുകയും എതിർക്കുകയും ചെയ്യുന്ന പ്രവണത എന്തെല്ലാം കെടുതികളാണ് കാർഷിക മേഖലയ്ക്ക് വരുത്തിയതെന്ന് ഇനിയെങ്കിലും ഇടുക്കിയിലെ യുവ കർഷകർ പഠിക്കാൻ ശ്രമിക്കേണ്ടതാണ്. അവരുടെ തന്നെ നിലനിൽപ്പിന് വേണ്ടിയെങ്കിലും.
ഇന്നല്ലെങ്കിൽ നാളെ മണ്ണിന്റെ ഊർവ്വരതയും ജലാംശവും ഊറ്റികുടിക്കുന്ന രാക്ഷസമരങ്ങളെ വെട്ടി നീക്കി മാത്രമേ കൃഷിയോഗ്യമായ പഴയ മണ്ണിലേയ്ക്ക് വട്ടവടയേയും ഇടുക്കിയുടെ മുഴുവൻ യൂക്കാലിവനം പിടിപ്പിച്ച ഹൈറേഞ്ചിനേയും സാവകാശമെങ്കിലും കൊണ്ടുവരാനാവൂ. ഇക്കോ റിസ്റ്റൊറേഷൻ പ്രോജക്റ്റ് എന്ന വിളിപ്പേരിൽ ചില സുഹൃത്തുക്കൾ ഇപ്പോൾ വട്ടവടയിൽ തന്നെ ആരംഭിച്ചിരിക്കുന്ന ജൈവ മണ്ണു സമ്പുഷ്ഠീകരണ പ്രവർത്തനങ്ങൾ അതാണ്. അത്തരം ശ്രമങ്ങളെ ഏറ്റെടുത്തും ഏകീകരിച്ചും കേരളത്തിന്റെ പഴക്കൂടയെ വീണ്ടും ഫലസമൃദ്ധമാക്കാൻ ഇറങ്ങിത്തിരിക്കണം. ഇടുക്കി സമഗ്രമായ ഒരു വിമോചനം കാത്തിരിക്കുന്നു.
(പരമ്പര അവസാനിച്ചു)