നിരവധി രാജ്യാന്തരമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്‌ക്കാരം നേടുകയും ചെയ്ത, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്ന സിനിമയിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ വിശ്വനാഥ് അന്തരിച്ചു. 29 വയസ്സുള്ള ഈ യുവനടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് വിവരം. ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറും, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമാണ് ഫേസ്ബുക്കിലൂടെ അഖിലിന്റെ മരണവാര്‍ത്ത അറിയിച്ചത്.




ഫേസ്ബുക്കില്‍ സനല്‍കുമാര്‍ ശശിധരന്‍ ഇങ്ങനെ കുറിക്കുന്നു-'അഖില്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നില്ല. അയാള്‍ അടുത്തിടെ തൂടങ്ങാനിരിക്കുന്ന ഒ.ടി.ടി എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു.

സങ്കടം തോന്നുന്നു അഖില്‍. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയില്‍ നിന്റെയുള്‍പ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്. നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാന്‍ ഇടയാവട്ടെ.''- ഇങ്ങനെയാണ് സനല്‍കുമാര്‍ ശശിധരന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

മൊബൈല്‍ ഷോപ്പില്‍ നിന്ന് സിനിമയിലേക്ക്

ജോജു ജോര്‍ജും നിമിഷ സജയനും, പ്രധാന വേഷങ്ങളിലെത്തിയ ചോല എന്ന സിനിമ, വെനീസ്, ജനീവ, ടോക്കിയോ എന്നീ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു കൗമാരക്കാരിയായ സ്‌കൂള്‍ പെണ്‍കുട്ടിയും അവളുടെ കൗമാരക്കാരനായ കാമുകനും പട്ടണത്തിലേക്ക് ഒരു യാത്രപോവുന്നതും അവിടെവെച്ച് കാമുകന്റെ ആശാന്‍ എന്ന് വിളിക്കുന്നയാളെ കണ്ടുമുട്ടുന്നതും അയാള്‍ പെണ്‍കുട്ടിയെ സൂത്രത്തില്‍ റേപ്പ് ചെയ്യുന്നത് അടക്കമുള്ള അതിസങ്കീര്‍ണ്ണമായ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന ചിത്രമാണിത്. ഇതിലെ കാമുകന്റെ വേഷമാണ് അഖില്‍ ചെയ്തിരുന്നത്. ചിത്രത്തിന് നിരൂപകരില്‍നിന്ന് വലിയ ശ്രദ്ധകിട്ടിയതോടെ കേരളത്തിലെ പ്രമുഖമായ സിനിമാ മാഗസിനുകളിലൊക്കെ അഖിലുമായി അഭിമുഖം വരികയും, ഒരു ഭാവിയുള്ള നടന്‍ എന്ന് വിലയിരുത്തല്‍ ഉണ്ടാവുകയും ചെയ്തിരുന്നു.




ദ ക്യൂ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് അഞ്ചുവര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ തന്റെ ജീവിതം പറയുന്നത് ഇങ്ങനെയാണ്. തൃശുര്‍ ജില്ലയിലെ കോടാലിയാണ് വീട്. വീട്ടില്‍ അച്ഛനും അമ്മയും അനിയനുമുണ്ട്, അച്ഛന് കൂലിപ്പണിയാണ്, അമ്മ ചിട്ടി പിരിവിന് പോകുന്നു, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം പഠിപ്പിക്കാന്‍ വന്നതാണ് മനോജ്-വിനോദ് എന്നീ മാഷുമ്മാര്‍, ഞാനും അനിയനും (അരുണ്‍ വിശ്വനാഥ്) അതില്‍ അഭിനയിച്ചിരിന്നു, അന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന രതീഷ് (രതീഷ് കുമാര്‍)എന്ന ഒരു ചേട്ടന്‍ ഒരു ഷോര്‍ട്ട്ഫിലിം ചെയ്യുന്നുണ്ടായിരുന്നു, അതില്‍ ഞാനും അനിയനും പ്രധാന വേഷം ചെയ്തു. 'മാങ്ങാണ്ടി' എന്നായിരുന്നു അതിന്റെ പേര്, അതിലെ അഭിനയത്തിന് ഞങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡൊക്കെ ലഭിച്ചിരുന്നു, നാട്ടില്‍ പിന്നെ എല്ലാവരും മാങ്ങാണ്ടി എന്ന് വിളിക്കാനും തുടങ്ങി. അനിയനായിരിന്നു ശരിക്കും അതില്‍ പ്രധാന വേഷം, മനോജ്- വിനോദ് മാഷ് ഒരുക്കിയ ആല്‍ബങ്ങളിലും ഒരു തമിഴ് സിനിമയിലും പിന്നെ അനിയന്‍ അഭിനയിച്ചു.

ചെറിയ വേഷത്തില്‍ ഞാനും, പിന്നീട് ഐടിഐയും ഹോട്ടല്‍ മാനേജ്‌മെന്റുമെല്ലാം പഠിക്കാന്‍ നോക്കിയെങ്കിലും ഓരോ പ്രശ്‌നങ്ങള്‍ കാരണം നടന്നില്ല, അങ്ങനെ വീണ്ടും മനോജ് മാഷിന്റെ അടുത്തെത്തി, പിന്നെ മാഷ് സ്‌ക്രിപ്റ്റ് എഴുതുന്നിടത്ത് സഹായിയായും, നാടകങ്ങളില്‍ ആര്‍ട് അസിസ്റ്റന്റായുമെല്ലാം പോകാന്‍ തുടങ്ങി, രതീഷേട്ടന്‍ തന്നെ പിന്നീട് തൃശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമ ചെയ്തപ്പോള്‍ അതിലെ ഒരു സീനിലും അഭിനയിച്ചു. പിന്നീട് ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യവെയാണ് ചോലയിലേക്കെത്തുന്നത്.''- അഖില്‍ പറയുന്നു.

അഖില്‍ വിശ്വനാഥ് ചോലയിലേക്കു വരുന്നത് മുടിഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നുവെന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നത്. പതിനെട്ടിനും ഇരുപതിനും ഇടക്കു പ്രായമുള്ളവര്‍ അയച്ചാല്‍ മതി എന്നു നിഷ്‌കര്‍ഷിച്ച കാസ്റ്റിംഗ് കോളിലേക്കാണ് 24 വയസുള്ള അഖില്‍ അപേക്ഷ അയച്ചത്. അതൊരുതരം വേലിചാട്ടമായിരുന്നുവെന്നും ആ വേലിചാട്ടവും അച്ചടക്കമില്ലായ്മയും 'അറിവില്ലായ്മയും' ഒക്കെയാണ് കഥാപാത്രത്തിന് വേണ്ടതുമെന്നും തോന്നിയത് കൊണ്ടാണ് എഴുന്നൂറിലധികം അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റു ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളായി അഖില്‍ മാറിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

മുണ്ടുടുത്ത് വെനീസിലേക്ക്

അഖില്‍ ആദ്യമായിട്ടായിരുന്നു ഒരു ഓഡീഷന് അപേക്ഷ അയക്കുന്നത്, സെലക്ട് ആയപ്പോള്‍ പാതിരാത്രി തിരുവനന്തപുരത്തെത്തി നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കിടന്നുറങ്ങിയാണ് ഓഡിഷന്എത്തിയത്. അന്ന് സംസാരിച്ചിരുന്നത്. അതില്‍ വിജയിച്ചു.-''ജോജു ചേട്ടനോടും നിമിഷയോടുമൊക്കെ സംസാരിക്കാന്‍ എനിക്ക് ആദ്യം പേടി ആയിരുന്നു. പക്ഷെ അവര്‍ അത്രയും ഓപ്പണായിട്ടാണ് എന്നോട് സംസാരിച്ചതും സപ്പോര്‍ട്ട് തന്നതുമെല്ലാം, എന്തും ആരോടും തുറന്ന് പറയാം. ഞാന്‍ ചെയ്തത് നന്നായോ ഇല്ലയോ എന്ന് അറിയില്ല എന്നാലും പേടി ഇല്ലാതെയാണ് എല്ലാം ചെയ്യാന്‍ പറ്റിയത്, എല്ലാരും ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്. ഇത്ര ഫ്രീ ആയിട്ട് ചെയ്യാന്‍ പറ്റും എന്ന് കരുതി ഇരുന്നില്ല. ജോജു ചേട്ടനൊപ്പം ഒരു റൂമിലാണ് ഞാന്‍ കിടന്ന് ഉറങ്ങിയിരുന്നത്.. അത്ര അടിപൊളി ആയിരുന്നു എല്ലാരും... നായകന്‍ നായിക എന്നൊരു രീതി ഉള്ള സിനിമ ആണിതെന്ന് എനിക്ക് തോന്നുന്നില്ല''- അഖില്‍ പറയുന്നു.

ചോല വെനീസ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഖിലിന് അവിടെയും പോകന്‍ കഴിഞ്ഞു. ഒരാഴ്ച മുന്‍പാണ് പാസ്‌പോര്‍ട്ട് കിട്ടിയത്. 'ചോല പടം ആദ്യമായി കാണുന്നത് വെനീസില്‍ വച്ചാണ്, സത്യം പറഞ്ഞാല്‍ പടം കാണുമ്പോള്‍ മുഴുവന്‍ ഓര്‍മ്മ അത് ഷൂട്ട് ചെയ്തപ്പോള്‍ ഉള്ള അനുഭവങ്ങള്‍ ആയിരുന്നു.അവിടെ പ്രീമിയര്‍ കഴിഞ്ഞ് ഇന്റര്‍വ്യൂ എടുക്കാനെല്ലാം ആളുകള്‍ വന്നിരുന്നു, ആദ്യ ചിത്രം തന്നെ വെനീസിലെത്തിയതിനെക്കുറിച്ചാണ് എല്ലാരും ചോദിച്ചത്, പിന്നെ എക്‌സ്പീരിയന്‍സും. ചിത്രത്തില്‍ എന്റെ ആശാനേ എന്ന വിളിയെക്കുറിച്ചും ചോദിച്ചു. അത് എങ്ങനെയാണ് ഉണ്ടായതെന്ന്. ഫെസ്റ്റിവലില്‍ പോകുന്ന കാര്യം പറഞ്ഞു പക്ഷെ അത് നമ്മുടെ ഇവിടത്തെ പോലെ ഒരു സാധാരണ ഫെസ്റ്റിവല്‍ എന്നെ കരുതിയുള്ളൂ. പുതിയ രണ്ട് ഡ്രസ് ഒക്കെ വാങ്ങി സെറ്റാക്കിയാണ് പോയത്. അവിടെ ചെന്ന് എന്ത് ഡ്രസ് ആണ് ഇടുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ജീന്‍സും ഷര്‍ട്ടും ആണെന്ന്, അപ്പോള്‍ കോര്‍ഡിനെറ്റ് ചെയ്യുന്ന ആള്‍ പറഞ്ഞു ഇതൊക്കെ ഷോപ്പിംഗിന് പോകുമ്പോള്‍ ഉള്ളതാണ്, ഫെസ്റ്റിവലില്‍ പറ്റില്ല എന്ന്... ഒന്നുകില്‍ സ്യൂട്ട് അല്ലേല്‍ ഷര്‍വാണി പോലത്തെ എന്തെങ്കിലും വേണം... അങ്ങനെ പറഞ്ഞപ്പോ കിളി പോയി..പിന്നെ ജോജുച്ചേട്ടന്‍ പറഞ്ഞു ചേട്ടന്‍ മുണ്ട് ഉടുത്താണ് കേറുന്നതെന്ന്.. അത് ട്രഡീഷണല്‍ ആണല്ലോ.. ജോജു ചേട്ടന്റെ കയ്യില്‍ ഒരു കറുത്ത മുണ്ട് ഉണ്ടായിരുന്നു അതാണ് എനിക്ക് തന്നത്, കോട്ടാണെങ്കില്‍ ചിലപ്പോ വിറച്ചേനെ, മുണ്ടായത് കൊണ്ടും ജോജുവേട്ടനുള്ളത് കൊണ്ടും പേടിക്കാതെ കയറി''- അഖില്‍ പറയുന്നു.

പക്ഷേ 'ചോല' സിനിമക്കുശേഷം ചെറിയവേഷങ്ങളല്ലാതെ ബ്രേക്കിങ്ങായ സിനിമകള്‍ അദ്ദേഹത്തിന് ഉണ്ടായില്ല. പുതിയ ഒരുപാട് സിനിമകളുടെ ഡിസ്‌ക്കഷന്‍ നടക്കവെയാണ് അഖിലിന്റെ മരണവാര്‍ത്ത എത്തുന്നത്.