- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഎന്‍യു മുതല്‍ കേരളം വരെ; ചരിത്രഗവേഷണത്തിലെ അതികായന് ഡോ. കെ.എന്‍ പണിക്കര്‍ ഇനി ഓര്‍മ്മ; കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളും മതേതര നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച സമാനതകളില്ലാത്ത വ്യക്തിത്വം
ചരിത്രകാരന് ഡോ. കെ.എന്‍. പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ ചരിത്രരചനാ ലോകത്ത് തനതായ പാത വെട്ടിത്തുറന്ന പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗണ്‍സില്‍ (KCHR) സ്ഥാപക ചെയര്‍മാനുമായ ഡോ. കെ.എന്‍. പണിക്കര്‍ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടത്തുള്ള എസ്.യു.ടി. ആശുപത്രിയിലായിരുന്നു അന്ത്യം.
ചരിത്രരചനയില്‍ മാര്‍ക്‌സിസ്റ്റ് സമീപനം സ്വീകരിക്കുകയും മതേതരത്വത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്ത ഡോ. പണിക്കര്‍, ഇന്ത്യന്‍ ചരിത്രരചനയില്‍ ശാസ്ത്രീയവും പുരോഗമനപരവുമായ കാഴ്ചപ്പാടുകള്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നിലവില്‍ കേരള ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തില്‍ ദീര്‍ഘകാലം അധ്യാപകനായും വകുപ്പുമേധാവിയായും പ്രവര്‍ത്തിച്ച പണിക്കര്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീന്‍, ആര്‍ക്കൈവ്‌സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചു. വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായും കെ.എന്‍. പണിക്കര്‍ക്ക് സേവനാനുഭവമുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ സാംസ്‌കാരിക ഭൗതിക ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല. ഇന്ത്യന്‍ കൊളോണിയലിസത്തെയും ആധുനികതയെയും കുറിച്ചുള്ള ആഴത്തിലുള്ള വിശകലനങ്ങള്‍ അദ്ദേഹത്തിന്റെ പഠനങ്ങളുടെ പ്രത്യേകതയായിരുന്നു.
1936-ല്‍ ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി ജനിച്ച കെ.എന്‍. പണിക്കര്‍, ചാവക്കാട് ബോഡ് ഹൈസ്‌കൂള്‍, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, രാജസ്ഥാന്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 'കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ', 'എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്‌സ്', 'ഇന്റെറോഗേറ്റിങ് കൊളോണിയല്‍ മോഡേണിറ്റി', 'കമ്മ്യൂണല്‍ ത്രെട്ട് സെക്കുലര്‍ ചലഞ്ച്' തുടങ്ങിയ നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2017-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.


