- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൂടല്‍മഞ്ഞിന്‍ മൂവന്തിച്ചേലയൂര്‍ന്നിതേ ഓര്‍മ്മകള്‍ക്കു ചൂടുവാന്‍...' 45 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട സഹപാഠികളെ ഒരേ ബെഞ്ചിലിരുന്ന് കണ്ടുമുട്ടിയ സന്തോഷത്തില്‍ പാടി പാട്ട്; ആ സഹപാഠികള്‍ക്ക് ഈ വിയോഗം താങ്ങാനാകുന്നില്ല; പാതിവഴിയില്‍ നിലച്ച പാട്ടുമായി റാഫി മടങ്ങി; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് വേദനയായി ആ വിയോഗം; റാഫി ഇനി എടവിലങ്ങിന് കണ്ണീരോര്‍മ്മ

കൊടുങ്ങല്ലൂര്‍: 'മൂടല്‍മഞ്ഞിന്‍ മൂവന്തിച്ചേലയൂര്‍ന്നിതേ ഓര്‍മ്മകള്‍ക്കു ചൂടുവാന്‍...' 45 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട സഹപാഠികളെ ഒരേ ബെഞ്ചിലിരുന്ന് കണ്ടുമുട്ടിയ സന്തോഷത്തില്‍ എടവിലങ്ങ് മാതിയേഴത്ത് റാഫി (60) ആവേശത്തോടെ പാടിത്തുടങ്ങി. തന്റെ തലമുറയുടെ കൗമാരകാലത്തെ പ്രിയപ്പെട്ട ഈ ഉണ്ണിമേനോന്‍ ഗാനം പാടി മുഴുവനാക്കാന്‍ പക്ഷേ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. പഴയകാലത്തിന്റെ മധുരസ്മരണകള്‍ പങ്കുവെച്ച ആ സൗഹൃദവേദിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ട് പാട്ടിനിടയില്‍ റാഫി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആ അസാധാരണ മടക്കയാത്ര തടയാന്‍ ആര്‍ക്കുമായില്ല.
ഞായറാഴ്ച എടവിലങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 'ഓര്‍മ്മക്കൂട്' കൂട്ടായ്മയുടെ മൂന്നാമത് കുടുംബസംഗമത്തിനിടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. 1980-81 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒത്തുചേര്‍ന്നപ്പോള്‍ റാഫിയായിരുന്നു എല്ലാവരിലും ആവേശം നിറച്ചത്. മസ്‌കറ്റിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ ബിസിനസ് നടത്തിവരികയായിരുന്ന റാഫി, ഈ സംഗമം പ്രഖ്യാപിച്ച നാള്‍ മുതല്‍ പഴയ കൂട്ടുകാരെ കാണാനുള്ള വലിയ തയ്യാറെടുപ്പിലായിരുന്നു. രാവിലെ സ്‌കൂളിലെത്തി എല്ലാവരുമായും സന്തോഷം പങ്കിട്ട അദ്ദേഹം ഒരു പാട്ടുപാടുകയും ചെയ്തിരുന്നു.
ഭാര്യയ്ക്ക് സംഗമത്തിന് എത്താന്‍ കഴിയാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങിയ റാഫി, 'ഒരു പാട്ടുകൂടി പാടിയിട്ട് വരാം' എന്ന് കൂട്ടുകാരോട് പറഞ്ഞാണ് വീണ്ടും സ്‌കൂളിലേക്ക് തിരിച്ചെത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ്, 12.30 ഓടെ മൊബൈലില്‍ വരികള്‍ നോക്കി 'ആരോരുമറിയാതെ' എന്ന ചിത്രത്തിലെ വിഖ്യാത ഗാനം പാടിത്തുടങ്ങി. എന്നാല്‍ വരികള്‍ പകുതിയായപ്പോഴേക്കും അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ഈ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാന്‍ എടവിലങ്ങിലെ ആ സഹപാഠികള്‍ക്ക് ഇന്നും കഴിയുന്നില്ല.
റഹിയയാണ് റാഫിയുടെ ഭാര്യ. മക്കള്‍: റാഹില്‍, റിഹാന്‍, റാനിയ. സഹോദരങ്ങള്‍: ഫസല്‍ നജീബ്, ആസിഫ്, ഷഫീര്‍, ഹസീന. കബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാതിയാളം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. സൗഹൃദത്തിന്റെ ആഴം അടയാളപ്പെടുത്തിയ ആ പാട്ടുപോലെ തന്നെ റാഫിയുടെ ഓര്‍മ്മകളും ഇനി ആ സ്‌കൂള്‍മുറ്റത്ത് ബാക്കിയാകും.


