കൊല്ലം: ഉത്രാട ദിനത്തില്‍ കേരളത്തെ നടുക്കി വാഹനാപകടങ്ങള്‍. ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടിയുടെ ആഘാതത്തില്‍ എസ്.യു.വി ശ്രേണിയില്‍പ്പെടുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്നു എസ്യുവിയുമാണ് അപകടത്തില്‍പ്പെട്ടത്. നെടുമ്പാശ്ശേരിയില്‍നിന്ന് മടങ്ങി വരികയായിരുന്നവരാണ് എസ്യുവിയിലുണ്ടായിരുന്നത്. അഞ്ച് പേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

കണ്ണൂര്‍ മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എരമം ഉള്ളൂരിലെ വിജയന്‍, രതീഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ശ്രീദുലിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

എരമം കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.