- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യ സ്നേഹിയായ ശാസ്ത്രജ്ഞന്‍; പശ്ചിമഘട്ടത്തിന്റെ കാവലാള്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; വിടവാങ്ങിയത് പ്രകൃതിയുടെ ജനപക്ഷ പോരാളി; ഓര്‍മ്മയാകുന്നത് പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച പരിസ്ഥിതി വിപ്ലവകാരി
പൂനെ: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ കരുത്തായ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പൂനെയിലെ വസതിയിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗില്‍ മരണവിവരം സ്ഥിരീകരിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം അധ്യക്ഷനായ സമിതി 2011-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യയുടെ പരിസ്ഥിതി ചരിത്രത്തിലെ നാഴികക്കല്ലാണ്. പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നും അശാസ്ത്രീയമായ വികസനങ്ങള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഇന്നും വലിയ ചര്‍ച്ചാവിഷയമാണ്.
1942-ല്‍ പൂനെയില്‍ ജനിച്ച അദ്ദേഹം വിദേശത്തെ ഉപരിപഠനത്തിന് ശേഷം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. അവിടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. രാജ്യത്തെ ജൈവവൈവിധ്യ നിയമം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. ഏഴ് പുസ്തകങ്ങളും ഇരുന്നൂറിലധികം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'എ വാക്ക് അപ്പ് ദ ഹില്‍' എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്.
ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട അദ്ദേഹം പരിസ്ഥിതി സംരക്ഷണം താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തത്തോടെ വേണമെന്ന് വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതിയും നല്‍കി. അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചിരുന്നു.




