ലണ്ടന്‍: യുകെ മലയാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ നോട്ടിങ്ങാമിലെ മാന്‍സ്ഫീല്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പഴങ്ങനാട് സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് (42) ആണ് വിടവാങ്ങിയത്. ഇന്ന് രാവിലെ യുകെ സമയം എട്ട് മണിയോടെയാണ് സെബിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാന്‍സ്ഫീല്‍ഡ് കിങ്സ് മില്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന സെബിന്‍ രാവിലെ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ അവധി കാരണം സെബിന്റെ ഭാര്യ റെയ്സയും രണ്ട് മക്കളും കുട്ടികള്‍ക്കായുള്ള സ്ലീപ്പോവറില്‍ പങ്കെടുക്കാന്‍ മറ്റൊരു വീട്ടില്‍ കഴിഞ്ഞിരുന്നതിനാലാണ് അപകടസമയം ഇവര്‍ വീട്ടിലില്ലാതിരുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വിളിച്ചിട്ട് കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ മരിച്ചുകിടക്കുന്ന സെബിനെ കണ്ടത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. മക്കള്‍: അനേയ സെബിന്‍, അലോസ സെബിന്‍.

2016-ലാണ് സെബിന്‍ രാജ് യുകെയില്‍ എത്തിയത്. മാന്‍സ്ഫീല്‍ഡ് വിക്ടോറിയസ് ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്ന അദ്ദേഹം മികച്ചൊരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു. സെബിന്റെ മരണവിവരം അറിഞ്ഞ് യുകെയിലെ വിവിധയിടങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും മാന്‍സ്ഫീല്‍ഡിലേക്ക് എത്തിയിട്ടുണ്ട്.

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കെ. പി. വര്‍ഗീസ് കൊടിയന്‍, പരേതയായ അല്‍ഫോന്‍സ വര്‍ഗീസ് എന്നിവരാണ് മാതാപിതാക്കള്‍. റവ. ഫാ. പോള്‍ രാജ് കൊടിയന്‍, ട്രീസ വര്‍ഗീസ് എന്നിവര്‍ സഹോദരങ്ങളാണ്. പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് സിറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചിലെ അംഗങ്ങളാണ് കുടുംബം. സംസ്‌കാരം പിന്നീട് നടത്തും.