- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ നോട്ടു നിരോധനം ലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത പ്രശ്നങ്ങളുണ്ടാക്കി; അവസാനം ആ അമ്പേറ്റത് പിണറായിയ്ക്ക്; മുത്തങ്ങയേയും ആണവത്തേയും എതിര്‍ത്തു; രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിച്ചത് മാനുഷിക തലമുള്ളിടത്ത് മാത്രം; നിളയുടെ കഥാകാരന്‍ ഉയര്‍ത്തിയത് പാരിസ്ഥിതിക രാഷ്ട്രീയം; എംടിയും വാക്കുകളും ഇനിയില്ല
കോഴിക്കോട്: രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ നിരന്തരം അഭിപ്രായം പറയുമായിരുന്നില്ല എംടി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി, മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതിയോടുള്ള കരുതലിന്റെയും രാഷ്ട്രീയമായിരുന്നു ആ മനസ്സില്‍. ചിലപ്പോഴെല്ലാം എംടി പ്രതികരിച്ചു. ബാബറി മസ്ജിദ് , മുത്തങ്ങ നാടിനെ ഉലച്ച സംഭവങ്ങളില്‍ അഭിപ്രായം പറഞ്ഞു. ചാലിയാര്‍ സമരത്തിലും പെരിങ്ങോം ആണവനിലയവിരുദ്ധ സമരത്തിലും പങ്കെടുത്ത എം.ടി പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയവര്‍ക്ക് കരുത്ത് പകര്‍ന്നു. നിളയുടെ കഥാകാരനായിരുന്നു എംടി. ആ നദിയുടെ വഴി തെറ്റലും എംടിയെ വേദനിപ്പിച്ചിരുന്നു. നേതൃപൂജകളിലേക്ക് വഴിമാറിയ അധികാരരാഷ്ട്രീയത്തേയും വിമര്‍ശിച്ചു എംടി. എല്ലാറ്റിലും അഭിപ്രായം പറയേണ്ട ബാധ്യത തനിക്കില്ല എന്ന് എം.ടി കരുതി. പറഞ്ഞേ തീരൂ എന്ന ഉത്തമബോധ്യമുള്ള വിഷയങ്ങളില്‍ സംസാരിച്ചു. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ചെന്നു കൊണ്ടത് പിണറായിയിലേക്കായിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എംടി അധികാര രാഷ്ട്രീയത്തിലെ തെറ്റകുളെ ചൂണ്ടികാട്ടിയത്.
എം.ടി. വാസുദേവന്‍ നായരുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ സുകുമാര്‍ അഴീക്കോടിന്റെയോ സക്കറിയയുടെയോ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയോ വിളിച്ചുപറയലുകളല്ല; ധാര്‍മ്മികമായ രോഷം കൊള്ളലുകളുമല്ല. എല്ലാ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലോ നടപ്പുകാല സാംസ്‌കാരിക ദീനങ്ങളെക്കുറിച്ചോ എം.ടി. ഇടപെടുന്നില്ല. അഭിമുഖങ്ങള്‍ക്ക് പോലും അമിതമായ താല്പര്യം കാണിക്കാറില്ല. സഹൃദയപക്ഷത്തോടോ മാധ്യമപ്രവര്‍ത്തകരോടെ സൗഹൃദം വെച്ചുപുലര്‍ത്തുന്നയാളല്ല എം.ടി. അഭിമുഖക്കാരെത്തിയാല്‍ തന്നെ സ്വകാര്യങ്ങളിലേക്കോ വിവാദങ്ങളിലേക്കോ ആഴ്ന്ന് കേറാന്‍ എം.ടി. അവസരം കൊടുക്കാറില്ല. വ്യക്തിപരമായി അടുപ്പമുള്ള എം.എന്‍. കാരശ്ശേരിയോട് പോലും എം.വി. ദേവനുമായുള്ള അപകീര്‍ത്തികേസില്‍ അടിയടരുകള്‍ സ്പര്‍ശിക്കാന്‍ പോലും എം.ടി. അനുവദിക്കുന്നില്ല-എംടിയെ കുറിച്ച് എന്‍.പി. ഹാഫിസ് മുഹമ്മദ് കുറിച്ചത് ഇങ്ങനെയാണ്.
എന്നിട്ടും എം.ടി. വാസുദേവന്‍ നായരുടെ മുനയുള്ള വാക്കുകളില്‍ പൊള്ളി കേരളരാഷ്ട്രീയം പലമ്പോഴും അമ്പരന്നിട്ടുണ്ട്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നും രാഷ്ട്രീയപ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എംടി പറഞ്ഞു. അപൂര്‍വമായി മാത്രം രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുകയും, ചുരുക്കംഘട്ടങ്ങളില്‍മാത്രം എഴുതിതയ്യാറാക്കി പ്രസംഗിക്കുകയും ചെയ്യുന്നതാണ് എം.ടി.യുടെ രീതി. മുത്തങ്ങ വെടിവെപ്പ്, നോട്ട് നിരോധനം എന്നീഘട്ടങ്ങളിലും എംടി പരസ്യ വിമര്‍ശനം നടത്തി. വേദിയില്‍ മൗനിയായിരിക്കാനാണ് പൊതുവേ ഇഷ്ടം. അപൂര്‍വ്വം വ്യക്തികളോട് മാത്രമേ മനസ്സ് തുറന്നും വാതോരാതെയും സംസാരിക്കാറുള്ളൂ. അത് എം.ടിയുടെ തിരഞ്ഞെടുപ്പാണ്, അതൊക്കെയാണ് എം.ടിയെ എം.ടിയാക്കുന്നത്.
രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തിനോ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനുള്ള പരീക്ഷണത്തിനോ താന്‍ അനുയോജ്യനല്ലെന്ന് കണിശമായും ബോധവും അറിവുമുള്ളയാളാണ് എം.ടി. രാഷ്ട്രീയ കാര്യങ്ങളില്‍ പ്രകടമായ വിമര്‍ശനം നടത്താറില്ലെങ്കിലും അങ്ങിനെയൊന്ന് ഇല്ലാത്ത വ്യക്തിയല്ല എം.ടി. മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ഒരു പുസ്തക പ്രകാശനവേളയില്‍ (2020) വളച്ചൊടിക്കലുകളില്ലാതെ എം.ടി. അഭിപ്രായപ്പെട്ടു: ''നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം (2016) ലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്''. എണ്‍പത്തിയേഴാം വയസ്സിലായിരുന്നു എം.ടി.യുടെ ഈ പ്രതികരണം. എം.ടി. സാമ്പത്തികകാര്യ വിദഗ്ദ്ധനല്ല എന്ന് ഒരു കേന്ദ്രമന്ത്രി തന്നെ ആക്ഷേപിച്ചു. മനുഷ്യരുടെ വേദന അറിയാന്‍ വിദഗ്ദ്ധനായിരിക്കേണ്ട ആവശ്യമില്ലെന്ന മൗനത്തില്‍ തീര്‍ത്ത മറുപടിയാണ് വിമര്‍ശകര്‍ക്ക് അന്ന് എംടി നല്‍കിയത്.
എം.ടി. വാസുദേവന്‍ നായര്‍ പങ്കെടുത്ത രണ്ട് സമരങ്ങളാണ് പെരിങ്ങോം ആണവ വിരുദ്ധ റാലിയും മുത്തങ്ങ വെടിവെപ്പ് പ്രതിഷേധ സമരവും. കോഴിക്കോട് വെച്ച് നടന്ന ആണവ വിരുദ്ധ റാലിയില്‍ (1990) മുഖ്യാതിഥിയായിരുന്നു മുത്തങ്ങ ആദിവാസി സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പ് അഞ്ച് പേരുടെ മരണത്തിന് കാരണമായിരുന്നു. പ്രതിഷേധിച്ചവരുടെ മുന്‍നിരയില്‍ എം.ടിയുണ്ടായിരുന്നു (2003). താമരശ്ശേരിയില്‍ വെച്ചായിരുന്നു പ്രതിഷേധജാഥ. സമരവേദികളില്‍ പങ്കെടുത്തുള്ള നിലപാടു വ്യക്തമാക്കലുകളായിരുന്നു പെരിങ്ങോം ആണവനിലയ വിരുദ്ധ റാലിയും മുത്തങ്ങ വെടിവയ്പു പ്രതിഷേധ സമരവും സംബന്ധിച്ചുള്ളത്. 1990 ല്‍ കോഴിക്കോട്ടു നടന്ന ആണവനിലയ വിരുദ്ധ റാലിയില്‍ മുഖ്യാതിഥിയായി എംടി പങ്കെടുത്തു.
2003 ല്‍ മുത്തങ്ങയില്‍ പൊലീസ് വെടിവയ്പില്‍ ആദിവാസി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവരുടെ മുന്‍നിരയില്‍ എംടിയുണ്ടായിരുന്നു. താമരശ്ശേരിയിലെ ജാഥയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു 'മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണു പ്രധാനം. ചരിത്രം തിരുത്താന്‍ നാം തയാറാവണം. ഗോത്രവര്‍ഗക്കാരുടെ ഭൂമി തിരിച്ചുകൊടുക്കണം. സര്‍ക്കാര്‍ അത് ചെയ്‌തേ ഒക്കൂ'.-ഇതായിരുന്നു എംടിയുടെ വിമര്‍ശനം. എം.ടി. നല്‍കിയ ഒരഭിമുഖത്തില്‍ (മനുഷ്യപക്ഷത്ത് നിന്നും എം.ടി., എന്‍.പി. ഹാഫിസ് മുഹമ്മദ്, വര്‍ത്തമാനം ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 23, 2023) മുത്തങ്ങ സമരത്തില്‍ തന്റെ പക്ഷം എന്താണെന്ന് പറഞ്ഞിട്ടുണ്ട്.
ചോദ്യം: മുത്തങ്ങയില്‍ നിന്ന് എന്ത് വായിച്ചെടുക്കുന്നു?
എം.ടി: 'ഞാനും മുത്തങ്ങയില്‍ പോയി. ആദിവാസികളുടെ ഭീതി ഞെട്ടിക്കും. നമ്മള്‍ പോലീസുകാരല്ല എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അവര്‍ നമ്മെ നോക്കൂ.' ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ സ്ത്രീകളെയും കുട്ടികളെയും എം.ടി. കണ്ടിരുന്നു. 'ഇതിന്റെയൊക്കെ രാഷ്ട്രീയം വേറെ. ഞാനതിന്റെ ന്യായാന്യായങ്ങളെ ഇപ്പോള്‍ ആലോചിക്കുന്നില്ല. മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണ് പ്രാധാന്യം'.
ഗോത്രവര്‍ഗക്കാര്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ച് നല്‍കാത്ത കാര്യത്തില്‍ എം.ടി. ചോദിക്കുന്നു: ''ചരിത്രം തിരുത്താന്‍ നാം തയ്യാറാവണം. അവരുടെ ഭൂമി തിരിച്ചുകൊടുക്കണം. സര്‍ക്കാര്‍ അത് ചെയ്‌തേ ഒക്കൂ.'' സ്റ്റേറ്റിന്റെ കാര്യനിര്‍വ്വഹണ രീതി ശാസ്ത്രത്തെ എം.ടി. കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്നു: 'ഭരണകൂടങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ വിലപ്പെട്ടവരാണ്. കേരളത്തിലെ സമ്പന്നരായ തോട്ടമുടമകളെയും കുടിയേറ്റ കര്‍ഷകരും രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. അവര്‍ വോട്ടുബാങ്കാണ്. അവര്‍ക്ക് വേണ്ടിയാണ് സ്റ്റേറ്റ് എപ്പോഴും നിലകൊള്ളുക.'
നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന എം.ടി വാസുദേവന്‍ നായരുടെ രചനകളില്‍ നിറയെ പച്ചപ്പും പരിസ്ഥിതി ചിന്തയുമായിരുന്നു. എഴുത്തിനപ്പുറം നിലപാടുകളിലും എം.ടിയിലെ പരിസ്ഥിതിവാദിയെ കാണാം. നിളയും തന്റെ ബാല്യകാലത്തെ സജീവമാക്കിയ കുമരനെല്ലൂരിലെ കുളങ്ങളും കണ്മുന്നില്‍ ഇല്ലാതാവുന്നതിലെ കഥാകാരന്റെ വേദനയും ഉത്കണ്ഠയും രചനകളില്‍ നിറഞ്ഞു നിന്നു. തുഞ്ചന്‍ പറമ്പിലെ സാംസ്‌കാരിക ഇടപെടലുകളിലും എം.ടിക്കുള്ളിലെ പരിസ്ഥിതിവാദിയെ കാണാം.
കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.
രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്കു പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടികൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരുസ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി.
ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവനസിദ്ധാന്തം വിസ്മരിക്കപ്പെടുന്നു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയ്ഡിന്റെ ശിഷ്യനും മാര്‍ക്‌സിയന്‍ തത്വചിന്തകനുമായ വില്‍ഹെം റീഹ് 1944ല്‍ത്തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്നു സങ്കല്‍പിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്നു റീഹ് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. വ്യവസായം, സംസ്‌കാരം, ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജ്‌മെന്റുകളെ ഏല്‍പിക്കുമ്പോള്‍ അപചയത്തിന്റെ തുടക്കംകുറിക്കുമെന്ന് അദ്ദേഹം അപായസൂചന നല്‍കി.
വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം, പടയാളികളുമാക്കാം. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആര്‍ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്കു നിലനില്‍പുള്ളൂ എന്നും റീഹിനെക്കാള്‍ മുന്‍പു രണ്ടുപേര്‍ റഷ്യയില്‍ പ്രഖ്യാപിച്ചു: എഴുത്തുകാരായ ഗോര്‍ക്കിയും ചെക്കോവും.
തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെമേല്‍ കെട്ടിവച്ച് പൊള്ളയായ പ്രശംസകള്‍ നല്‍കിയും നേട്ടങ്ങളെ പെരുപ്പിച്ചുകാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യന്‍ സമൂഹമാണ് അവര്‍ സ്വപ്നം കണ്ടത്. ഭരണകൂടം കയ്യടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്നു മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.
സമൂഹമായി റഷ്യന്‍ ജനത മാറണമെങ്കിലോ? ചെക്കോവിന്റെ വാക്കുകള്‍ ഗോര്‍ക്കി ഉദ്ധരിക്കുന്നു: ''റഷ്യക്കാരന്‍ ഒരു വിചിത്രജീവിയാണ്. അവന്‍ ഒരീച്ച പോലെയാണ്. ഒന്നും അധികം പിടിച്ചുനിര്‍ത്താന്‍ അവനാവില്ല. ഒരാള്‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കില്‍ അവന്‍ അധ്വാനിക്കണം. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അതു നമുക്കു ചെയ്യാനറിയില്ല. വാസ്തുശില്‍പി രണ്ടോ മൂന്നോ നല്ല വീടുകള്‍ പണിതുകഴിഞ്ഞാല്‍ ശേഷിച്ച ജീവിതകാലം തിയറ്റര്‍ പരിസരത്ത് ചുറ്റിത്തിരിഞ്ഞുകഴിക്കുന്നു. ഡോക്ടര്‍ പ്രാക്ടിസ് ഉറപ്പിച്ചുകഴിഞ്ഞാല്‍ സയന്‍സുമായി ബന്ധം വിടര്‍ത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയും ഞാന്‍ കണ്ടിട്ടില്ല. വിജയകരമായ ഒരു ഡിഫന്‍സ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ സത്യത്തെ ഡിഫന്‍ഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്''.
1957ല്‍ ബാലറ്റുപെട്ടിയിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാകുന്നത്.
അധികാരവികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും അദ്ദേഹത്തിനു കേരളത്തെപ്പറ്റി, മലയാളികളുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിര്‍ത്തണമെന്നു ശഠിച്ചുകൊണ്ടിരുന്നത്.
സാഹിത്യസമീപനങ്ങളില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യസിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്കു യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, തെറ്റുപറ്റിയെന്നു തോന്നിയാല്‍ അതു സമ്മതിക്കുകയെന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല.
അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടയ്ക്കു സ്വന്തം വീക്ഷണം രൂപപ്പെടുത്തുന്നതിനു തുടക്കമിടാന്‍ കഴിഞ്ഞുവെന്ന് ഇഎംഎസ് പറയുമ്പോള്‍ ഞാന്‍ അദ്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്; രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇഎംഎസിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.
സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയുംപറ്റി എന്നോ രൂപംകൊണ്ട ചില പ്രമാണങ്ങളില്‍ത്തന്നെ മുറുകെപ്പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യസങ്കല്‍പങ്ങള്‍ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടിവരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനുംപേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെയാണ്.
കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച, എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍നിന്നു മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്കു ചിന്തയും പുതിയ ചക്രവാളങ്ങളിലേക്കു വീക്ഷണവും അയച്ചുകൊണ്ടേയിരിക്കണം. അപ്പോള്‍ ഒരു നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇഎംഎസ്. ഇതു കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയാറാകുമെന്നു പ്രത്യാശിക്കുന്നു.