കോഴിക്കോട്: കേരളത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് പേന കൊണ്ട് യുദ്ധം നടത്തുകയായിരുന്നു എംടി വാസുദേവന്‍ നായര്‍. ആ എഴുത്തി കരുത്തില്‍ പല സാമൂഹിക തിന്മകളും തുറന്നു കാട്ടപ്പെട്ടു. ഒടുവില്‍ വാക്കു കൊണ്ട് തിരുത്തലുകള്‍ക്ക് നേതൃത്വം നല്‍കിയ എംടി ഈ വര്‍ഷം ആദ്യം ചിലത് വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചു. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയില്‍ ഇരുത്തിയായിരുന്നു. അധികാരം ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടികേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം തുറന്നടിച്ചു. ഇതിന് ശേഷം എംടി പിന്നീട് ചര്‍ച്ചകളിലേക്ക് എത്തിയ പൊതു വേദികളിലൊന്നും പ്രസംഗവുമായി എത്തിയില്ലെന്നതാണ് വസ്തുത.

നയിക്കാന്‍ ഏതാനുംപേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചെന്നും നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ എംടി പറഞ്ഞു. 'ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു' എന്ന വാക്കുകളോടെയാണ് പ്രസംഗം ആരംഭിച്ചത്. 'രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക്, പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍മറുപടി കൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്നു. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. തെറ്റുപറ്റിയെന്നു തോന്നിയാല്‍ അതു സമ്മതിക്കുന്ന പതിവ് നമ്മുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവിത മണ്ഡലങ്ങളിലെ മഹാരഥര്‍ക്കില്ലെന്നും ഇഎംഎസ് അങ്ങനെയായിരുന്നില്ലെന്നും എംടി പറഞ്ഞു. ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. അതേസമയം, നിമിത്തമല്ലാതെ ചരിത്രപരമായ ആവശ്യകതയായി മാറിയ നേതാവായിരുന്നു ഇഎംഎസ് എന്നും അദ്ദേഹം വിലയിരുത്തി. ഇത് രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചയാക്കി. എംടിയുടെ വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെതിരെയാണെന്നും ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവര്‍ അതു ദുര്‍വ്യാഖ്യാനം ചെയ്തതായും അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ.പി.ജയരാജന്‍ പറഞ്ഞു വച്ചു. പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയാണ്. എനിക്കും പലര്‍ക്കും പിണറായി മഹാനാണെന്നും ഇപി അന്ന് പ്രതികരിച്ചു. പക്ഷേ എംടി ഉദ്ദേശിച്ചത് ഏവര്‍ക്കും മനസ്സിലായി എന്നതാണ് വസ്തുത.

എംടിയുടെ വാക്കുകളുടെ ശക്തി അറിയാവുന്ന സിപിഎമ്മിന് ഇതൊരു വലിയ തലവേദനയുമായി. അവര്‍ ന്യായീകരണങ്ങള്‍ പലതിറക്കി. ഇതോടെ എംടി വിശദീകരണവും നല്‍കി. കെ എല്‍ എഫിന്റെ ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്നായിരുന്നു എം ടി വാസുദേവന്‍ നായര്‍ പിന്നീട് പ്രതികിച്ചത്. തന്റെ പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചര്‍ച്ചയിലും തനിക്ക് പങ്കില്ലെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നില്‍ സിപിഎമ്മിന്റെ നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും വാദങ്ങള്‍ അന്നെത്തിയിരുന്നു. 'എന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ല. റഷ്യയില്‍ അടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങള്‍ കല്‍പിച്ച് പറയുന്ന വിവാദത്തിനും ചര്‍ച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല,' എം ടി പറഞ്ഞു. ശുദ്ധമലയാളത്തിലാണ് താന്‍ പറഞ്ഞത് എന്നും അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ല എന്നും എം ടി വിശദീകരിച്ചു. അതിന് ശേഷവും ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു.

അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കുള്ള ഉപദേശമാണ് എംടി വാസുദേവന്‍ നായരുടേതെന്ന് സമ്മതിച്ച് ദേശാഭിമാനിയും രംഗത്തു വന്നിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത് അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടായിരുന്നു. ഇരുപത് വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തിലെ അതേവരികളാണ് തെല്ലും വ്യത്യാസമില്ലാതെ എം ടി ചൊവ്വാഴ്ച്ച ആവര്‍ത്തിച്ചത് എന്നാണ് ദേശാഭിമാനി പറയുന്നത്. ലേഖനത്തിന്റെ ഇമേജ് അടക്കമാണ് ദേശാഭിമാനിയിലെ വാര്‍ത്ത. എംടിയുടെ വാക്കുകള്‍ പിണറായിയെ ലക്ഷ്യമിട്ടല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ദേശാഭിമാനി ലക്ഷ്യമിട്ടത്. പക്ഷേ പറഞ്ഞു വന്നപ്പോള്‍ അത് അധികാരത്തിലുള്ളവര്‍ക്കുള്ള ഉപദേശമായി മാറി. സന്ദര്‍ഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് പ്രസംഗത്തില്‍ എം ടി കൂട്ടിച്ചേര്‍ത്തത്. ''ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു' എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. അവസാനിച്ചപ്പോള്‍ 'ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു' എന്ന വരിയും ഉള്‍പ്പെടുത്തിയെന്നും ദേശാഭിമാനി പറയുന്നു. ഈ അവസാന വാക്കാണ് സര്‍ക്കാരിനെതിരായ വിമര്‍ശനമായി മാറുന്നത്.

അന്ന് ഇതേ കുറിച്ച് മാതൃഭൂമിയില്‍ വഴി പോക്കന്‍ എഴുതിയത് നിരീക്ഷണത്തിലെ ചില സുപ്രധാന പരാമര്‍ശം ഇങ്ങനെ

1889 ഏപ്രില്‍ 16-നായിരുന്നു ലണ്ടനില്‍ ചാര്‍ളി ചാപ്ലിന്റെ പിറവി. നാല് ദിവസത്തിനപ്പുറം മറ്റൊരു ദേശത്ത്, ഓസ്ട്രിയയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിച്ചു. ഒരേ കൊല്ലം, ഒരേ മാസം, ഒരേ ആഴ്ചയില്‍ പിറന്നവര്‍. ചാപ്ലിനും ഹിറ്റ്ലര്‍ക്കുമുള്ള മുഖസാമ്യം നിസ്സാരമായിരുന്നില്ല. ചാപ്ലിന്റെ മീശയാണ് ഹിറ്റ്ലര്‍ അനുകരിച്ചതെന്ന് പറയുന്നവരുണ്ട്. സാമ്യം പക്ഷേ, പുറമേക്ക് മാത്രമായിരുന്നു. ഉള്ളില്‍ രണ്ടു പേരും രണ്ടു പേര്‍ തന്നെയായിരുന്നു. ഒരാള്‍ ലോകത്തെ ചിരിപ്പിച്ചപ്പോള്‍ മറ്റെയാള്‍ ലോകത്തെ പീഡിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ചാപ്ലിന്റെ ഏറ്റവും വലിയ ചിരി ഏകാധിപത്യത്തിന്റെ സമൂര്‍ത്ത ഭാവമായിരുന്ന ഹിറ്റ്ലര്‍ക്കെതിരെയായിരുന്നു. 1940-ല്‍ പുറത്തിറങ്ങിയ 'ദ ഗ്രേറ്റ് ഡിക്ടേറ്റര്‍' പോലെ നാസി ജര്‍മ്മനിയേയും ഹിറ്റ്ലറേയും ഉലച്ച മറ്റൊരു കലാസൃഷ്ടിയില്ല. 51-ാമത്തെ വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് ഹിറ്റ്ലറെ ചാപ്ലിന്‍ നേരിട്ടത്. അത് മൂലം ചാപ്ലിനു നേരിട്ട കഷ്ടനഷ്ടങ്ങള്‍ ചില്ലറയല്ല. ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ ഒര്‍ര്‍ത്ഥത്തില്‍ ചാപ്ലിന്‍ ലോകത്തിനായി ചുമന്ന കുരിശായിരുന്നു.

ചാപ്ലിനും ചാപ്ലിന്റെ സിനിമയും ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം എം.ടിയുടെ ്രപസംഗമാണ്. ജനുവരി 11-ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് കേരള സാഹിത്യ കലോത്സവ വേദിയില്‍ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ചരിത്രപരമാവുന്നത് അതിന്റെ ഉള്ളടക്കവും അത് മുന്നോട്ടുവെയ്ക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ രാഷ്ട്രീയവും കൊണ്ടാണ്. എം.ടിയുടെ പ്രസംഗം ആരെ ഉദ്ദേശിച്ചായിരുന്നുവെന്നതില്‍ സാധാരണ മനുഷ്യര്‍ക്ക് സംശയമുണ്ടാവില്ല. കവി സച്ചിദാനന്ദനും കഥാകാരന്‍ അശോകന്‍ ചരുവിലിനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും സംശയമുണ്ടാവും. അവര്‍ അധികാരകേന്ദ്രത്തോട് ഒട്ടി നില്‍ക്കുന്നവരാണ്. സ്ഥാനമാനങ്ങളില്‍ ആസക്തിയുള്ളവരും നഷ്ടപ്പെടലില്‍ താല്‍പര്യമില്ലാത്തവരുമാണ്. അവര്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കും. അടിമത്തം ആനന്ദമാകുന്നവരെ സ്വാതന്ത്ര്യം പേടിപ്പിക്കും. ഇരുട്ടിലേക്ക് ടോര്‍ച്ചടിക്കുന്നവരെ അവര്‍ക്ക് മനസ്സിലാവില്ല. അവര്‍ അപ്പോള്‍ കണ്ണുകള്‍ പൊത്തുകയും സ്വയം തീര്‍ക്കുന്ന ഇരുട്ടില്‍ തുടരുകയും ചെയ്യും.

ഒരു നിമിഷത്തിലെ പ്രകോപനത്തിലല്ല എം.ടി. പ്രസംഗിച്ചത്. 20 കൊല്ലം മുമ്പ് 2003-ല്‍ എഴുതിയ 'ചരിത്രപരമായ ആവശ്യം' എന്ന ലേഖനം ഈ പ്രസംഗത്തിനായി എം.ടി. തേടിപ്പിടിക്കുകയായിരുന്നു. അതായത് ഈ പ്രസംഗത്തിനായി എം.ടി. കാര്യമായി തന്നെ തയ്യാറെടുത്തിരുന്നുവെന്നര്‍ത്ഥം. പ്രസംഗത്തിന്റെ തുടക്കത്തിലും ഒുടക്കത്തിലുമുള്ള ഒന്നോ രണ്ടോ വാക്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം തന്നെ പഴയ ലേഖനത്തില്‍ നിന്നുള്ളതാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറത്തും സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികളോട് ആ ലേഖനം എത്ര കൃത്യമായാണ് പ്രതികരിക്കുന്നതെന്ന തിരിച്ചറിവിലയിരിക്കണം എം.ടി. അതിന്റെ ഉള്ളടക്കത്തില്‍ ഒരു മാറ്റവും വരുത്താതിരുന്നത്.

എഴുതിത്തയ്യാറാക്കിയ പ്രസംഗമാണ് എം.ടി. വായിച്ചത്. സാധാരണ ചെയ്യാത്ത കാര്യം. ഒരു വാക്ക് പോലും അനാവശ്യമായി കടന്നുകൂടരുതെന്ന എം.ടിയുടെ നിര്‍ബ്ബന്ധ ബുദ്ധിയായിരിക്കണം അതിനു പിന്നില്‍. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലുണ്ടായിരിക്കുമെന്ന് കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാവണം എം.ടി. ഈ പ്രസംഗം തയ്യാറാക്കിയത്. ശരിയായ രാഷ്ട്രീയം അധികാരത്തെ ചോദ്യം ചെയ്യലാണെന്ന് അടുത്തിടെ നമ്മളെ വിട്ടപോയ എം. കുഞ്ഞാമന്‍ പറയുമായിരുന്നു. ജനുവരി 11-ന് എം.ടി. ചെയ്തത് അതാണ്. അധികാരത്തോട് സത്യം വിളിച്ചുപറയുക മാത്രമായിരുന്നില്ല അത്, അധികാരത്തിന് മുന്നില്‍ മുഖാമുഖം നിന്നുകൊണ്ട് അതിനെ ചോദ്യം ചെയ്യുക കൂടിയായിരുന്നു. എന്നിട്ടുമെന്നിട്ടും ആരോടാണ് എം.ടി. സത്യം വിളിച്ചപറഞ്ഞതെന്ന് മറുചോദ്യമുയര്‍ത്തുന്നവര്‍ ഒരു കാര്യമോര്‍ത്താല്‍ നന്നാവും. മുഖ്യമന്ത്രി പിണറായിക്ക് എം.ടി. എന്താണ് പറഞ്ഞതെന്നും ഉദ്ദേശിച്ചതെന്നും നന്നായി മനസ്സിലായിട്ടുണ്ടാവും. മറ്റെന്താരോപണം ഉന്നയിച്ചാലും ബുദ്ധിയില്ല എന്നൊരാരോപണം പിണറായി ഒരിക്കലും നേരിടില്ല.

കൈരളിയുടെ വാര്‍ത്തയുടെ പിന്നാലെ എന്‍ഇ സുധീര്‍ എംടിയുടെ വിശദീകരണം ഫെയ്സ് ബുക്കിലും ഇട്ടു. അത് ചുവടെ

മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെ, നേതൃപൂജയ്‌ക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ എം.ടി.വാസുദേവന്‍ നായരുടെ വിശദീകരണം സാഹിത്യകാരന്‍ എന്‍.ഇ.സുധീര്‍ തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടേയും പങ്കുവച്ചിരുന്നു. ''ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിനു വഴിയൊരുക്കിയാല്‍ അത്രയും നല്ലത്'' എന്നും എംടിയുടെ വിശദീകരണത്തിന്റെ ഉള്ളടക്കമായി അപ്പോള്‍ മാറി.

എന്‍.ഇ.സുധീറിന്റെ കുറിപ്പില്‍നിന്ന്:

വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ കെഎല്‍എഫ് ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയാറാക്കി വച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട രാഷ്ട്രീയ വിമര്‍ശനമാവുമെന്നു ഞാനും കരുതിയിരുന്നില്ല. വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു.

എംടി എന്നോട് പറഞ്ഞത് ഇതാണ്: ''ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ഥ്യം പറയണമെന്നു തോന്നി, പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിനു വഴിയൊരുക്കിയാല്‍ അത്രയും നല്ലത്''. തന്റെ കാലത്തെ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.