- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന് വരില്ല
തിരൂര്‍: ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമായിരുന്നു എംടി എന്ന രണ്ടക്ഷരം. മലയാളിയുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് എംടിക്കുള്ളത്. സാഹിത്യകാരന്‍, പത്രാധിപര്‍, ചലച്ചിത്രകാരന്‍ എന്ന നിലയിലെല്ലാം അനുപമായ സംഭാവനകള്‍ നല്‍കിയ എംടി. ജനമനസുകളെ യോജിപ്പിക്കാന്‍ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ മാധ്യമത്തിന്റെ കരുത്ത് അതിശക്തമായി തിരിച്ചറിഞ്ഞ എഴുത്തുകരാനായിരുന്നു എംടി. മലയാള ഭാഷയ്ക്ക് അടിത്തറയിട്ട എഴുത്തച്ഛന്റെ സ്മരണയാണ് തുഞ്ചന്‍പറമ്പ്. മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാംസ്‌കാരിക കേന്ദ്രം കൂടിയാണിത്. തുഞ്ചന്‍പറമ്പിനെ ഇന്നത്തെ നിലയിലേക്കു മാറ്റിയെടുത്തതില്‍ എം.ടി.വാസുദേവന്‍ നായര്‍ വഹിച്ച പങ്കു ചെറുതല്ല.
1933-ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമാണെന്നാണ് എംടി എഴുതിയത്. പഞ്ഞമാസമായ കര്‍ക്കടകത്തിലെ പിറന്നാള്‍ ആരും അറിയരുതെന്നായിരുന്നു കുട്ടിക്കാലത്തെ ആദ്യകാല പ്രാര്‍ത്ഥന. പക്ഷേ ആ പഞ്ഞമാസത്തമെത്താന്‍ എംടിയുടെ ആരാധകര്‍ കാത്തിരുന്നു. പക്ഷേ അദ്ദേഹം അപ്പോഴും ആഘോഷങ്ങളില്‍ പങ്കാളിയായില്ല. എന്നാല്‍ തന്റെ പ്രിയപ്പെട്ട തുഞ്ചന്‍ പറമ്പില്‍ നവതി ആഘോഷത്തിന് പുഞ്ചിരിച്ച മുഖവുമായി എംടി എത്തി. സാഹിത്യരചനയോടൊപ്പം കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ സജീവമാക്കാന്‍ എംടി തിരിഞ്ഞെടുത്തത് തുഞ്ചന്‍ സ്മാരകമായിരുന്നു. അതിന്റെ ഭാഗമായാണ് തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എംടിയുടെ നേതൃത്വത്തില്‍ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂര്‍ തുഞ്ചന്‍ പറമ്പ് ഇന്ത്യന്‍ സാഹിത്യഭൂപടത്തില്‍ത്തന്നെ ശ്രദ്ധാകേന്ദ്രമായി.
അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളില്‍ അടിയുറച്ചു നിന്നു. യാഥാസ്ഥിക മൂല്യങ്ങളേയും വര്‍ഗീയതയേയും എം ടി തന്റെ ജീവിതത്തിലുടനീളം കര്‍ക്കശബുദ്ധിയോടെ എതിര്‍ത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചന്‍ പറമ്പിന്റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചത് എംടി കാരണമായിരുന്നു. 1961 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണു തുഞ്ചന്‍ സ്മാരകത്തിനു തറക്കല്ലിട്ടത്. തുടര്‍ന്ന് തുഞ്ചന്‍പറമ്പിന്റെ നടത്തിപ്പിനായി 1964ല്‍ സര്‍ക്കാര്‍ 12 അംഗ സമിതി രൂപീകരിച്ചു. കെ.പി.കേശവമേനോനും പുന്നയ്ക്കല്‍ കുട്ടിശങ്കരന്‍ നായരുമായിരുന്നു ഭാരവാഹികള്‍. 1970ല്‍ എസ്.കെ.പൊറ്റെക്കാട്ടും 1984ല്‍ ടി.എന്‍.ജയചന്ദ്രനും 1987ല്‍ ഡോ. എം.എസ്.മേനോനും സമിതിയെ നയിച്ചു. 1992 ല്‍ ആണ് എം.ടി.വാസുദേവന്‍ നായര്‍ ചെയര്‍മാനാകുന്നത്. പിന്നീടാണ് തുഞ്ചന്‍പറമ്പ് ഇന്ന് കാണുന്ന നിലയിലേക്കു വളര്‍ന്നത്. 2001ല്‍ ഈ സമിതി തുഞ്ചന്‍ സ്മാരക ട്രസ്റ്റായപ്പോഴും എംടി തുടര്‍ന്നു.
തുഞ്ചന്‍ സ്മാരക ഗവേഷണ കേന്ദ്രം എന്നു പേരിട്ട സമഗ്ര വികസന പദ്ധതിക്കു തുടക്കമിട്ടത് എംടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. വിനോദങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയിരുന്ന തുഞ്ചന്‍ ഉത്സവത്തെ ഗൗരവമേറിയ സാംസ്‌കാരിക, സാഹിത്യ സംവാദ വേദികളാക്കി എംടി മാറ്റി. വലിയ ലൈബ്രറി, ഗവേഷണ കേന്ദ്രം, സാഹിത്യ മ്യൂസിയം, വിപുലീകരിച്ച ഓഡിറ്റോറിയം, പാചകപ്പുര, സരസ്വതീ മണ്ഡപം, ശില്‍പ മന്ദിരം, എഴുത്തു കളരി, വിശ്രമ മന്ദിരം, താമസ സൗകര്യങ്ങള്‍ എന്നിങ്ങനെ പലതും അവിടെ വന്നു. തുഞ്ചന്‍പറമ്പിലെ ഓരോ ഇടങ്ങളും എംടിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. എന്നാല്‍ എംടിയുടെ സാന്നിധ്യം ഏറ്റവുമധികം അറിഞ്ഞിരിക്കുക ലൈബ്രറിയോടു ചേര്‍ന്ന കോട്ടേജ് ആണ്. തുഞ്ചന്‍പറമ്പിലെത്തിയാല്‍ എം.ടി.വാസുദേവന്‍ നായര്‍ താമസിക്കുന്ന സ്ഥലമായിരുന്നു ഇത്. ഇവിടെ എത്തിയാല്‍ തുഞ്ചന്‍പറമ്പ് മുഴുവന്‍ ചുറ്റിക്കാണുകയാണ് എംടി ചെയ്തിരുന്നത്. ഇടക്കാലത്ത് നടത്തം പ്രയാസമായപ്പോഴാണ് കോട്ടേജില്‍ ഇരിക്കാന്‍ തുടങ്ങിയത്. 13 വര്‍ഷം മുന്‍പ് എംടിയോടുള്ള ആരാധന കാരണം കോട്ടയ്ക്കല്‍ സ്വദേശിയായ യു.അച്ചു അദ്ദേഹത്തിനു വേണ്ടി സൗജന്യമായി നിര്‍മിച്ചു നല്‍കിയതാണ് ഈ കെട്ടിടം.
എം.ടി. തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനമേറ്റശേഷമാണ് വിദ്യാരംഭച്ചടങ്ങുകള്‍ വിപുലമായത്. അക്കിത്തവും കുഞ്ഞുണ്ണിമാഷും ചേര്‍ന്ന് സരസ്വതീമണ്ഡപം സമര്‍പ്പിച്ചതുമുതല്‍ എഴുത്തിനിരുത്ത് അവിടെയായി. തുടക്കത്തില്‍ എം.ടി.ക്കൊപ്പം അഞ്ചോ ആറോ എഴുത്തുകാരാണ് ഉണ്ടായിരുന്നത്. പിന്നീട് എണ്ണം കൂടിക്കൂടി വന്നു. ആദ്യക്ഷരം കുറിക്കാന്‍ തുഞ്ചന്റെ മണ്ണിലേക്കെത്തുന്ന കുരുന്നുകളുടെ എണ്ണവും കൂടിവന്നു. എം.ടി. തുഞ്ചന്‍പറമ്പിന്റെ സാരഥ്യമേറ്റെടുത്തിട്ട് മൂന്നുപതിറ്റാണ്ടു തികയുന്ന വേളയില്‍ എഴുത്തുകാരന്റെ നവതിയും എത്തി. അതും തുഞ്ചന്‍ പറമ്പ് സമുചിതമായി ആഘോഷിച്ചു. ഇനി ആ അക്ഷര ലോകത്തിന് വഴി കാട്ടിയാകാന്‍ നായകനില്ല. എംടി മായുകയാണ്. തുഞ്ചന്റെ ലോകത്തേക്ക്.