- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മലയാളികളെ ഞെട്ടിച്ച് രണ്ട് യുവാക്കളുടെ മരണം; റോഥര്‍ഹാമില്‍ ആറ്റിങ്ങല്‍ സ്വദേശി വൈഷ്ണവിന്റെ മരണത്തിന് പിന്നാലെ റിപ്പോണില്‍ വാഹനാപകടത്തില്‍ മറ്റൊരു യുവാവിന്റെയും ജീവന്‍ പൊലിഞ്ഞു; മരണപ്പെട്ടത് വൈക്കം സ്വദേശികളുടെ മകന്
യുകെയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മലയാളികളെ ഞെട്ടിച്ച് രണ്ട് യുവാക്കളുടെ മരണം
കവന്‍ട്രി: യുകെയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മലയാളികള്‍ക്ക് കേള്‍ക്കേണ്ടി വന്നത് രണ്ടു യുവാക്കളുടെ മരണ വാര്‍ത്ത. പുലര്‍ച്ചയോടെ ദിവസങ്ങള്‍ക്ക് മുന്‍പ് യോര്‍ക്കിലെ റോഥര്‍ഹാമില്‍ ആത്മഹത്യ ചെയ്തെന്നു കരുതപ്പെടുന്ന നിലയില്‍ കണ്ടെത്തിയ യുവാവ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വൈഷ്ണവ് വേണുഗോപാല്‍ ( 26) ആണെന്ന് തിരിച്ചറിഞ്ഞു മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മറ്റൊരു മരണവാര്‍ത്ത കൂടി തേടിയെത്തിയത്. ഇന്നലെ രാത്രി യോര്‍ക്കില്‍ തന്നെ റിപ്പോണ്‍ എന്ന സ്ഥലത്തു ഉണ്ടായ കാര്‍ അപകടത്തില്‍ ന്യുകാസിലിനും മിഡില്‍സ്ബറയ്ക്കും അടുത്തുള്ള പട്ടണത്തില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ യുവാവാണ് മരിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെ മലയാളികളായ കുടുംബത്തിലെ യുവാവിന്റെ മരണം നാട്ടിലുള്ള പ്രായമായ ഉറ്റ ബന്ധുക്കളെ അറിയിക്കാന്‍ സാവകാശം ആവശ്യമായതിനാല്‍ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിട്ടിട്ടില്ല. പ്രദേശത്തെ മലയാളി സമൂഹത്തിനു പ്രിയപ്പെട്ട കുടുംബത്തില്‍ ഉണ്ടായ ദുരന്തം ഇപ്പോള്‍ ഏവരുടെയും ദുഃഖമായി മാറിയിരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ തുടര്‍ച്ചയായി മരണ വാര്‍ത്തകള്‍ എത്തിയതോടെ യുകെ മലയാളി സമൂഹത്തിലും കറുത്ത ശനിയാഴ്ചയായി മാറി.
നോര്‍ത്ത് യോര്‍ക്ഷറില്‍ ഇന്നലെ രാത്രി പത്തരയോടെ ഉണ്ടായ അപകടത്തില്‍ എ 1 റോഡ് ഏറെ നേരം അടച്ചതായി പോലീസ് റിപ്പോര്‍ട്ട് വ്യക്തമാകുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ രക്ഷയ്ക്കാനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ നിമിഷ നേരത്തില്‍ എത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല എന്ന വിവരമാണ് രാത്രി വൈകി കുടുംബത്തെ തേടി എത്തിയത്. വൈക്കം സ്വദേശികളായ ഈ കുടുംബത്തിന്റെ ഉറ്റ ബന്ധുക്കളെ ഇപ്പോഴും വിവരം അറിയിച്ചിട്ടില്ല.
ജോലിക്ക് പോയിട്ട് മടങ്ങി വരവേയാണ് യുവാവ് അപകടത്തില്‍ പെട്ടത്. യുവാവു സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുക ആയിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. രണ്ടു വാഹനങ്ങളും ഒരേ ദിശയില്‍ ആയിരുന്നു സഞ്ചരിച്ചത് എന്നാണ് അറിയാനാകുന്നത്. ഇന്ന് പുലര്‍ച്ചെ വരെ എ 1 ജംക്ഷന്‍ 50 മുതല്‍ 52 വരെയുള്ള ഭാഗം അടച്ചിട്ട പോലീസ് പിന്നീട് ഇരു ദിശകളിലും വാഹന ഗതാഗതത്തിനായി തുറന്നു നല്‍കുക ആയിരുന്നു. നീല സുസുക്കി കാറില്‍ ആയിരുന്നു മലയാളി യുവാവ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ യുവാവ് തല്‍ക്ഷണം മരണപെട്ടതായാണ് യോര്‍ക്ക് പോലീസ് വ്യക്തമാക്കുന്നത്. വലിയ സ്‌കാനിയ ലോറിയുമായി ഇടിച്ച യുവാവിന്റെ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിശദമായി അന്വേഷണത്തിനായി പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ഈ ഭാഗത്തു കൂടി അപകട സമയം യാത്ര ചെയ്തവര്‍ Mike.Halstead@northyorkshire.police.uk എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.