തിരുവനന്തപുരം: എഴുപതുകളിലും എണ്‍പതുകളിലും മലയാളിയെ വിസ്മയിപ്പിച്ച ക്യാമറാമാന്‍. അരവിന്ദന്‍ എന്ന അത്ഭുത സംവിധായകന്റെ വിശ്വസ്തനായ ഛായാഗ്രാഹകന്‍. തൊട്ടതെല്ലാം പൊന്നക്കായി ക്യാമറാമാന്‍ സംവിധാനത്തിലേക്ക് പിന്നീട് തിരിഞ്ഞു. അത് മലയാള സിനിമയ്ക്ക് സമാനിച്ചത് മറ്റൊരു സുവര്‍ണ്ണ കാലഘട്ടമാണ്. അതിന് തുടക്കമായത് 'പിറവി' എന്ന ചിത്രമായിരുന്നു. 1989ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ക്യാമറ ഡി ഓര്‍ - പ്രത്യേക പരാമര്‍ശം ഉള്‍പ്പെടെ 31 അവാര്‍ഡുകള്‍ നേടുകയും അതെ വര്‍ഷം തന്നെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയ ഒരു മലയാള ചിത്രമാണ്. പിറവി. ഷാജി എന്‍. കരുണ് സംവിധാനം ചെയ്ത് 1989-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ അച്ഛന്‍ പ്രൊഫസര്‍ ടി.വി. ഈച്ചാര വാര്യരുടെ ജീവിതമാണ് പറഞ്ഞത്. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരന്‍ ജി അരവിന്ദന്റെ ഛായാ?ഗ്രാഹകന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നു നല്‍കി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. അങ്ങനെ വിശ്വചലച്ചിത്രകാരനായ മലയാളിയാണ് മായുന്നത്.

ക്യമറാമാന്‍ എന്ന നിലയില്‍ വിസ്മയിപ്പിക്കുന്നതായിരുന്നു ഫ്രെയിമുകള്‍. പഞ്ചവടിപാലവും ചിദംബരവും പോക്കുവെയില്‍, ഒരിടത്ത്, പഞ്ചാഗ്നി, നഖഷതങ്ങള്‍, കൂടെവിടെ, അരപ്പട്ടക്കെട്ടിയ ഗ്രാമം ഇങ്ങനെ പോകുന്നു ഷാജിയുടെ ഛായാഗ്രാഹണത്തില്‍ ചര്‍ച്ചയായ സിനിമകള്‍. അതിന് മുകളിലേക്ക് സിനിമാക്കാരനെന്ന നിലയില്‍ സംവിധായകനായ ഷാജി വളര്‍ന്നു. കലാകൗമുദിയുടെ മുന്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ആയിരുന്ന, കഴിഞ്ഞ ദിവസം അന്തരിച്ച എസ് ജയചന്ദ്രന്‍ നായരും, രഘുനാഥ് പാലേരിയും ചേര്‍ന്നാണ് പിറവിയുടെ കഥ ഒരുക്കിയത്. മലയാള സിനിമയുമായി നവതരംഗങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരനായിരുന്നു എസ് ജയചന്ദ്രന്‍ നായര്‍. പിറവിയ്ക്ക് കഥയെഴുതിയതും നിര്‍മ്മിച്ചതും എസ് ജയചന്ദ്രന്‍ നായരായിരുന്നു. രാഘവ ചാക്യാര്‍ക്കും ഭാര്യയ്ക്കും ജനിച്ച രണ്ട് മക്കളില്‍ ഒരാളാണ് രഘു. മാതാപിതാക്കളുടെ വിവാഹത്തില്‍ വളരെ വൈകി ജനിച്ച രഘു, പ്രായപൂര്‍ത്തിയാകുന്നതുവരെ അളവറ്റ ഭക്തിയോടും സ്‌നേഹത്തോടും കൂടിയാണ് വളര്‍ന്നത്.സ്‌കൂള്‍ വിദ്യാഭ്യാസംപൂര്‍ത്തിയാക്കിയ രഘു വീട്ടില്‍ നിന്ന് അകലെയുള്ള ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ഉപരി പഠനത്തിന് പോകുന്നു. തന്റെ സഹോദരിയുടെ അര്‍ച്ചനയുടെ വിവാഹ നിശ്ചയ പങ്കെടുക്കാന്‍ എത്താമെന്ന് പറഞ്ഞ രഘു പക്ഷേ എത്തിയില്ല . അച്ഛന്‍ രാഘവന്‍ തന്റെ മകന്‍ വരുന്നതിനായി കാത്തിരിക്കുന്നു. ബസ് സ്റ്റോപ്പിലേക്ക് മകന്റെ വരവ് നോക്കിയിരിക്കുന്ന അച്ഛന്‍ ഒടുവില്‍ രഘു വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ ദിവസം മുഴുവന്‍ കാത്തിരിക്കുന്നു. പിന്നീട് സംഭവിച്ചത് 'രാജന്‍ കേസില്‍' മലയാളി അറിഞ്ഞതായിരുന്നു. പ്രൊഫസര്‍ രാഘവ ചാക്യാര്‍ ആയി അഭിനയിച്ചത് എം . പി . ഭട്ടത്തിരിപ്പാട് എന്നറിയപ്പെടുന്ന പ്രേംജി ആയിരുന്നു. അര്‍ച്ചന , രാഹുല്‍ ലക്ഷ്മണ്‍, എം ചന്ദ്രന്‍ നായര്‍, മുല്ലനേഴി, സുരേന്ദ്രന്‍, വി കെ ശ്രീരാമന്‍, കെ ഗോപാല കൃഷ്ണന്‍, കൊട്ടാര ഗോപാലകൃഷ്ണന്‍ നായര്‍, ലക്ഷ്മി 'അമ്മ, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, സാന്താ രാമചന്ദ്രന്‍, ലീല അമ്മിണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പ്രേംജിയെന്ന നാടക നടന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും കിട്ടി. ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച മനസ്സാണ് ഷാജി എന്‍ കരുണിന്റേത്. പുരോഗമന ചിന്തയായിരുന്നു ആ മനസ്സ് നിറയെ. അതെല്ലാം പിറവിയില്‍ നിറഞ്ഞു നിന്നു.

കഥാപാത്രങ്ങള്‍ പോലെ തന്നെ പിറവിയില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം കൂടി ഉണ്ട്, മഴ. പല സീനുകളിലും മഴ ഒരു കഥാപാത്രമായി വന്നു പോകുകയും, അതൊരു രൂപകമായും പ്രവര്‍ത്തിക്കുകയും ചെയ്തു 'പിറവി'യില്‍ കഥാപാത്രങ്ങള്‍ കടന്നുപോകുന്ന ഒരു അടിയൊഴുക്ക് ആണ് മഴ കാണിച്ചു തരുന്നത്. ചാറ്റല്‍മഴ ആ അച്ഛന്റെ മനസ്സിന്റെ ഭാഗമാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച മഴ ഷോട്ടുകള്‍ ഒന്നെന്നു നിസ്സംശയം പറയാവുന്ന രംഗങ്ങള്‍ പിറവിയില്‍ ഉണ്ടെന്നാണ് നിരൂപകര്‍ വിലയിരുത്തിയത്. മഴക്കാലത്ത് തന്നെയാണ് പിറവി പൂര്‍ണ്ണമായും ചിത്രീകരിച്ചത് . സീനുകള്‍ എല്ലാം തയാറാക്കി അഭിനേതാക്കളെയും ഒരുക്കി മഴ വരാന്‍ കാത്തിരിക്കുന്ന കാര്യം ഒരു അഭിമുഖത്തില്‍ ഷാജി എന്‍ കരുണ്‍ തുറന്നു പറഞ്ഞിരുന്നു. മഴ നനഞ്ഞ ഗ്രാമത്തില്‍, രാഘവ ചാക്യാര്‍ ഒരിക്കലും തിരിച്ചുവരാത്ത മകനായ രഘുവിനായുള്ള കാത്തിരിപ്പ് തുടരുന്ന സീനില്‍ കാത്തിരിപ്പിന്റെ ബാക്കി പാത്രമായി ആണ് മഴയെ കാണിച്ചത്. അങ്ങനെ ദൃശ്യത്തിലൂടെ ആ മനസ്സ് വരച്ചു കാട്ടി സംവിധായകന്‍. സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട്. പിറവി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ വിസ്മയം സൃഷ്ടിച്ച മഹാനടനായിരുന്നു പ്രേംജി. മുഖത്തിന്റെ ഒരു പാതിയില്‍ വിഷാദവും ഒരു ഭാഗത്ത് സന്തോഷവും വരുത്തുന്ന ഏകലോചനം എന്ന അഭിനയത്തിലൂടെ പ്രേംജിയുടെ അവിസ്മരണീയ നിമിഷം മലയാളിയ്ക്ക് പകര്‍ന്ന് നല്‍കിയത് ഷാജി എന്‍ കരുണ്‍ എന്ന സംവിധായകന്റെ മികവായിരുന്നു.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ എന്‍ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാജി എന്‍ കരുണ്‍ ജനിച്ചത്. പള്ളിക്കര സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി അരവിന്ദനെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി. അരവിന്ദന്റെ കീഴില്‍ ഛായാഗ്രാഹകനായി നിരവധി സിനിമകള്‍ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോര്‍ജ്, എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്കൊപ്പവും ഷാജി എന്‍ കരുണ്‍ പ്രവര്‍ത്തിച്ചു. 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ അദ്ദേഹം നേടിത്തന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്', പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.