- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടിക്ക് പോയ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; ' അവനില്ലാത്ത ലോകത്ത് ഇനി ഞങ്ങളുമില്ല' എന്ന കുറിപ്പെഴുതി മാതാപിതാക്കള്‍ ജീവനൊടുക്കി; വേണുഗോപാലും സ്മിതയും യാത്രയായത് സ്മിതയുടെ അമ്മ വീട്ടിലേക്ക് പോയപ്പോള്‍; ആ അപകടം തകര്‍ത്തത് ഒരുകുടുംബത്തെയാകെ
മകന്റെ മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ ട്രെയിന്‍ തട്ടി മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകന്‍ എം. ശിവാനന്ദന്റെ (19) വിയോഗത്തിലുള്ള കടുത്ത ദുഃഖമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ശിവാനന്ദന്‍ കഴിഞ്ഞ ഡിസംബര്‍ 29ന് രാത്രിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്.
മകന്റെ മരണശേഷം വേണുഗോപാലന്‍ നായരും സ്മിതയും കടുത്ത നിരാശയിലായിരുന്നുവെന്ന് സമീപവാസികള്‍ മൊഴി നല്‍കി. ഇവര്‍ വല്ലപ്പോഴുമേ വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ എന്നും നാട്ടുകാര്‍ പറയുന്നു. ശിവാനന്ദന്റെ മരണശേഷം സ്മിതയുടെ അമ്മ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയതോടെ ദമ്പതികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീടിന്റെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിന്റെ ഹാളില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
സംഗീതപരിപാടി നടന്ന ബീച്ച് പാര്‍ക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാര്‍ക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.


