മുബൈ: പ്രശസ്ത ഗായിക ആശ ഭോസ്ലെ അന്തരിച്ചു,. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് ആശ ബോസ്ലെയെ ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ഭോസ്ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊച്ചുമകള്‍ സനായി ഭോസ്ലെ ആണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രതികരണം. ചികിത്സയില്‍ കഴിയവേ ഇന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. മകനാണ് ഇവരുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ബോളിവുഡ് സംഗീതത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിലെ അവശേഷിക്കുന്ന ഏറ്റവും വലിയ പ്രതിഭയാണ് ആശ ഭോസ്ലെ. ലതാ മങ്കേഷ്‌കര്‍, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ നയിച്ച വ്യക്തിത്വമാണ് ഇവര്‍. ഇരുപതിലധികം ഇന്ത്യന്‍-വിദേശ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ആശ ഭോസ്ലെ, ഗസലുകള്‍, ഭജനുകള്‍, ശാസ്ത്രീയ സംഗീതം, പോപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഗായിക ലത മങ്കേഷ്‌ക്കറുടെ സഹോദരിയാണ് ആശ. ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്ലെ. 2000ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശ പാടിയിട്ടുണ്ട്.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. ആശയ്ക്ക് ഒന്‍പത് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. സഹോദരി ലതയെ പിന്തുടര്‍ന്നാണ് ആശ പിന്നണി ഗാനരംഗത്ത് എത്തിയത്. 1943 ല്‍ മജാബാല്‍ എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

ഹിന്ദിയില്‍ 1945ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ല്‍ റിലീസായ 'ചുനാരിയ' ആണ് ഗായികയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്. ആശ ഹിന്ദിസിനിമാ പിന്നണിഗാന രംഗത്ത് എത്തിയപ്പോഴേക്കും ചേച്ചി ലത ഹിന്ദിസിനിമാ പിന്നണിഗാനരംഗത്തെ താരമായി മാറിയിരുന്നു. ഷംഷാദ് ബീഗവും ഗീത റോയിയും ലതാ മങ്കേഷ്‌കറും അരങ്ങുവാണിരുന്ന കാലത്ത് പിന്നണി ഗാനരംഗത്ത് ശ്രദ്ധപിടിച്ചുപറ്റുക ഏറെക്കുറെ അസാധ്യമായിരുന്നു. 1949 ല്‍ തന്റെ 16ാം വയസ്സില്‍ കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് 31 വയസ്സുള്ള ഗണ്‍പത്റാവു ഭോസ്ലെയെ വിവാഹം കഴിച്ചു. എന്നാല്‍ ആ വിവാഹം ഒരു പരാജയമായിരുന്നു.

1956ല്‍ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ സിഐഡി എന്ന ചിത്രത്തില്‍ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് 1974ല്‍ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീര്‍ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിര്‍ ഏക് ഹസീന, മേരെ സനം). ബിആര്‍ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ല്‍ പുറത്തിറങ്ങിയ തീസിരി മന്‍സിലില്‍ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്ലെ - ആര്‍.ഡി.ബര്‍മന്‍ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആര്‍.ഡി.ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആര്‍ഡി ബര്‍മന്റെ കീഴിലാണ് ആശ ഒരു സമ്പൂര്‍ണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി.

പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസല്‍, ക്ലാസ്സിക്കല്‍ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഒരു ഗായികയണ് താനെന്ന് ആശ ബര്‍മന്‍ ഗാനങ്ങളിലൂടെ തെളിയിച്ചു.1990 കളില്‍ സിനിമയില്‍നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ എ.ആര്‍.റഹ്‌മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ല്‍ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തില്‍ ഊര്‍മിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍, ലഗാന്‍ തുടങ്ങി നിരവധി റഹ്‌മാന്‍ ചിത്രങ്ങളില്‍ ആശ പാടിയിട്ടുണ്ട്.ഒ.പി.നയ്യാര്‍, ബോംബൈ രവി, എസ്.ഡി.ബര്‍മന്‍, ആര്‍.ഡി.ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങിയ ബോളിവുഡ് ലോകത്തെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം കീഴില്‍ ആശ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മങ്കേഷ്‌കര്‍-ഭോസ്ലെ കുടുംബത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സനായി ഭോസ്ലെയും സംഗീത-അഭിനയ രംഗത്ത് സജീവമാണ്. ഗായികയും നര്‍ത്തകിയും അഭിനേത്രിയുമായ സനായി, ഇതിനോടകം തന്നെ എ.ആര്‍. റഹ്‌മാനെപ്പോലെയുള്ള പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ദ പ്രൈഡ് ഓഫ് ഭാരത് ഛത്രപതി ശിവാജി മഹാരാജ്' എന്ന ചരിത്ര സിനിമയിലൂടെ തന്റെ അഭിനയ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സനായി.