ന്യൂഡല്‍ഹി: വിഖ്യാത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ മരണം സ്ഥിരീകരിച്ചുകുടുംബം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ അദ്ദേഹം മരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ചില ബന്ധുക്കള്‍ ഇത് നിഷേധിച്ചിരുന്നു. ഇതോടെ ഇതോടെ വാര്‍ത്താ വിനിമയ മന്ത്രാലയം വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കുടുംബം മരണം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സക്കീര്‍ ഹുസൈന്റെ കുടുംബത്തില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടാകാത്തതാണ് മരണവാര്‍ത്തയില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയാക്കിയത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റുള്ളവരും തബല വിദ്വാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ പ്രധാനിയാണ്. ബയാനില്‍ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാല്‍ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. മൂന്നാം വയസ്സ് മുതല്‍ സംഗീതത്തില്‍ അഭിരുചി പ്രകടമാക്കി. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛന്‍ അല്ലാ രഖായുടെ പാത പിന്തുടര്‍ന്ന സാക്കിര്‍ ഏഴാം വയസ്സില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു.

പന്ത്രണ്ടാം വയസ്സില്‍ പട്‌നയില്‍ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു.

തബലയിലെ മാന്ത്രികനെന്നു കഴിഞ്ഞകാലം വിലയിരുത്തിയ ആളായിരുന്നു ഉസ്താദ് അല്ല രഖ. അദ്ദേഹത്തിന്റെ പുത്രന്‍ സാക്കിര്‍ ഹുസൈനാകട്ടെ കൗമാരം വിടും മുന്‍പേ ഉസ്താദ് എന്ന് വാഴ്ത്തപ്പെട്ടു. പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിര്‍ ഹുസൈന്‍ കച്ചേരി വായിച്ചശേഷം രവിശങ്കര്‍ പറഞ്ഞു: ''ഇന്നു നമ്മള്‍ കേട്ടത് നാളെയുടെ തബല വാദനമാണ്!''. ആ പ്രവചനം നീണ്ടുനിന്നത് ഒരുപാട് നാളേക്കാണ്. ഏതാണ്ട് അഞ്ചര പതിറ്റാണ്ട്.

ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്‌ട്രോ എന്ന് അരനൂറ്റാണ്ട് മുന്‍പേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേര്‍തിരിവില്ലാതെ അദ്ദേഹം അംഗീകരിക്കപ്പെട്ടു; ആദരിക്കപ്പെട്ടു. വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസ്സില്‍ അസി.പ്രഫസര്‍ ആയി. മലയാളത്തിലെ 'വാനപ്രസ്ഥം' അടക്കമുള്ള ഏതാനും സിനിമകള്‍ക്കു സംഗീതം നല്‍കി. നാലു തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.