ചെങ്ങന്നൂര്‍: ഗുജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. സൂറത്ത് മാണ്ഡവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിനി ബിന്‍സി റോബിന്‍ വര്‍ഗീസ് (41) ആണ് മരിച്ചത്. നാസിക്കില്‍ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ബിന്‍സിയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന ഭര്‍ത്താവ് പള്ളിപ്പാട് സ്വദേശി റോബിന്‍, മകന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാര്‍ഡോളിയിലുള്ള സര്‍ദാര്‍ സ്മാരക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മാണ്ഡവി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബിന്‍സിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. പാണ്ടനാട് ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ ഔദ്യോഗിക ശുശ്രൂഷകളോടെ സംസ്‌കാരം നടക്കും.

നാസിക്കിലെ സ്വകാര്യ നഴ്സിങ് കോളജിലെ അധ്യാപികയായിരുന്നു ബിന്‍സി. പാണ്ടനാട് മേടയില്‍ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ് ബിന്‍സി. ഖത്തറില്‍ ജോലി ചെയ്യുന്ന ബിന്‍സണാന് സഹോദരന്‍.