തമിഴ്നാട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മുന്‍ ലോക ബില്യാര്‍ഡ്സ് ചാമ്പ്യന്‍ മനോജ് കോത്താരി (67) അന്തരിച്ചു. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ശ്വാസകോശ അണുബാധയുണ്ടായതായാണ് വിവരം. കൊല്‍ക്കത്തയില്‍ താമസിക്കുന്ന കോത്താരിക്ക് 10 ദിവസം മുമ്പ് ചെന്നൈയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള തിരുനെല്‍വേലിയിലെ കാവേരി ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു, മൂന്നാം ദിവസം അദ്ദേഹം ഇരുന്ന് സംസാരിച്ചിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കു ശേഷം ശ്വാസകോശ അണുബാധ ഉണ്ടായി. തിങ്കളാഴ്ച കാലത്ത് 7.30-ഓടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗം പറഞ്ഞു.

1990-ലാണ് അദ്ദേഹം ലോക ബില്യാര്‍ഡ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത്. അദ്ദേഹത്തിന്റെ മകന്‍ സൗരവ് കോത്താരിയും മുന്‍ ലോക ബില്യാര്‍ഡ്സ് ചാമ്പ്യനാണ്.