കണ്ണൂർ: കണ്ണൂർ കേന്ദ്രീകരിച്ചു മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നടന്ന മണി ചെയിൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ വെളിപ്പെടുന്നത് വൻ തട്ടിപ്പിന്റെ വിവരങ്ങൾ. മണിചെയിൻ തട്ടിപ്പ് 1265 കോടി രൂപയുടേത് ആണെന്നു സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെ (33) ഇന്നലെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

മുഹമ്മദ് റനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ കോടിക്കണക്കിനു രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ട എൽആർ ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ ഇതിനകം പിരിച്ച് എടുത്തത് 1265 കോടി രൂപയാണെന്നും ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്കു വിതരണം ചെയ്തതായും കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിച്ച 36 കോടി രൂപ മരവിപ്പിച്ചിരിക്കുകയാണ്.

അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമപ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടാൻ ആവശ്യപ്പെട്ട് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയതായും പൊലീസ് അറിയിച്ചു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദ് മലപ്പുറത്തു നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയിൽ നിന്നു ജാമ്യമെടുത്ത ശേഷം മുങ്ങിയിരിക്കുകയാണ്. ഇയാൾ സൗദി അറേബ്യയിലേക്കു കടന്നതായാണു വിവരം.

ബെംഗളൂരു ആസ്ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ നാല് പേർ അറസ്റ്റിലായി. ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മലപ്പുറം തൊട്ട് കാസർകോട് വരെയുള്ള ആളുകളെയാണ് സംഘം കബളിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ നൂറു കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ, ഇപ്പോൾ വെളിപ്പെടുന്ന കാര്യങ്ങൾ അനുസരിച്ചു വൻ തുക തന്നെ നഷ്ടമായിട്ടുണ്ടെന്നാണ് വ്യക്തമാകാനുന്നത്.

നിരോധിത വസ്തുക്കളുടെ വിപണനത്തിന് ഉപയോഗിച്ചു പോരുന്ന മോറിസ് കോയിൻ ഉപയോഗിച്ച് വൻ പലിശ വാഗ്ദാനം നടത്തിയാണ് ആളുകളെ കബളിപ്പിച്ചത്. മുമ്പ് മലപ്പുറത്ത് സമാനമായ നിക്ഷേപ തട്ടിപ്പ് നടന്നിരുന്നു. ഈ കേസിൽ അറസ്റ്റിലായ നൗഷാദിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് കൂടുതൽ വിവരങ്ങൾ കിട്ടിയത്.

ഇതിനിടെയാണ് കണ്ണൂർ സിറ്റി സ്വദേശിയായ യുവാവിന്റെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. പണം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇവർ പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന വൻ ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ബാംഗളൂരു ആസ്ഥാനമായ ലോങ് റിച്ച് ടെക്‌നോളജി എന്ന കമ്പനിയുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ വ്യാപാരം വെബ്‌സൈറ്റ് രൂപീകരിച്ചാണ് ഇവർ നടത്തിയത്.

രണ്ടുമുതൽ അഞ്ച് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് എസിപി പിപി സദാനന്ദൻ പറഞ്ഞു. അഞ്ച് വ്യത്യസ്ത നിഷേപ പദ്ധതികളാണ് ഇവർ രൂപപ്പെടുത്തിയത്.