കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് ഭീഷണി നേരിടുന്നു; ജോജുവിന്റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല; ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു മുകേഷ് എംഎൽഎ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ജോജു ജോർജ് വിഷയം നിയമസഭയിലുമെത്തി. ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ് ഭീഷണി നേരിടുന്നതായി നടനും കൊല്ലം എംഎൽഎയുമായ മുകേഷ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ജോജുവിന്റെ കുട്ടികൾക്കും മാതാപിതാക്കൾക്കും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നതായും മുകേഷ് പറഞ്ഞു. ഒരു പൗരൻ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവിൽ നിന്ന് ഉണ്ടായത്. എന്നാൽ ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു, തന്റെ വാഹനം ഉൾപ്പെടെ അക്രമിച്ച തകർത്തർക്ക് എതിരെ ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.
നേരത്തെ കടുവ, കീടം എന്നീ സിനിമകളുടെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. റോഡ് കൈയേറിയുള്ള ഷൂട്ടിങ്, സർക്കാർ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങൾ പറഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനെതിരെ ജോജു ജോർജ് പ്രതിഷേധിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
സിനിമാ ചിത്രീകരണങ്ങൾ തടയരുത് എന്നതാണ് കെപിസിസി ഇന്നലെ കൈക്കൊണ്ട തീരുമാനം കൈക്കൊണ്ടിരുന്നത്. എന്നൽ. സത്യൻ അന്തിക്കാട് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ രംഗത്തുവന്നിരുന്നു. വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിനു പിന്നാലെയാണ് കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഇവിടെ ചിത്രീകരണം വിലക്കിയത്. തൃക്കാക്കര ബസ് സ്റ്റാൻഡിലാണ് ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചെയ്യേണ്ടത്. ഇതിനുള്ള അനുമതി തേടിയ സിനിമാ പ്രവർത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു.
ചൊവ്വാഴ്ച പന്ത്രണ്ടരയോടെയാണ് സിനിമാ പ്രൊഡക്ഷൻ വിഭാഗത്തിലെ രണ്ടുപേർ ചിത്രീകരണത്തിന് അനുമതി വാങ്ങാൻ എത്തിയത്. ചെയർപേഴ്‌സന്റെ അനുമതി വാങ്ങാൻ എത്തിയപ്പോഴാണ് രൂക്ഷമായ ഡയലോഗുകളുമായി അജിത തങ്കപ്പൻ ഇവരെ നേരിട്ടത്. 'ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാൻ...' ചെയർപേഴ്സൺ പൊട്ടിത്തെറിച്ചു. ജോജു ജോർജ് തങ്ങളുടെ സിനിമയിൽ ഇല്ലെന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാർ പറഞ്ഞെങ്കിലും ചെയർപേഴ്‌സൺ അയഞ്ഞില്ല. സിനിമാ പ്രവർത്തകർ മടങ്ങി.
മറുനാടന് മലയാളി ബ്യൂറോ