- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിന് ചോർച്ചയുണ്ട്, ഒരു മിനിറ്റിൽ ചോരുന്നത് 97.695 ലീറ്റർ വെള്ളം; കൃത്യമായ അളവു കണക്കാക്കി തിട്ടപ്പെടുത്താൻ കഴിയാതെ കേരളവും തമിഴ്നാടും; 126 വർഷം പഴക്കമുള്ള അണക്കെട്ടിൽ സീപ്പേജിലൂടെ മാത്രം വർഷം ഒഴുകി പോകുന്നത് 35 ടൺ സുർക്കി മിശ്രിതം; ചോർച്ച പ്രധാനമെന്ന കോടതി നിരീക്ഷണത്തിൽ കേരളത്തിനു പ്രതീക്ഷ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണിക്കെട്ടിലെ ബലക്ഷയം സംബന്ധിച്ചുള്ള ചർച്ചകൾ കൊഴുക്കുമ്പോഴും അണക്കെട്ടിൽ ചോർച്ചയുണ്ടന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സുപ്രീംകോടതിയിൽ തമിഴ്നാടിനും ഇക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഇതോടെ ചോർച്ചയുടെ തോത് പ്രധാനമാണെന്ന് കോടതിയും പറഞ്ഞു. ഇത് കേരളത്തിന് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. അണക്കെട്ടിലെ ചോർച്ചയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നു സുപ്രീം കോടതി ശനിയാഴ്ച തമിഴ്നാടിനോടു നിർദേശിച്ചെങ്കിലും പല വഴികളിലൂടെ വെള്ളം ചോരുന്നതിനാൽ ആധികാരികമായ കണക്ക് ശേഖരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
അണക്കെട്ടിലെ ചോർച്ചയുടെ അളവിനെക്കുറിച്ചുള്ള കൃത്യമായ കണക്കു തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ് കേരളവും തമിഴ്നാടും. അണക്കെട്ടിൽ നിന്നു ഗാലറിയിലേക്കു വരുന്ന വെള്ളത്തിന്റെ (സീപ്പേജ് വാട്ടർ) അളവ് പരിശോധിച്ചു രേഖപ്പെടുത്തുന്നതു തമിഴ്നാടാണ്. ഡാമിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനായതിനാൽ, ഇവർ നൽകുന്ന കണക്ക് രജിസ്റ്ററിൽ ചേർക്കുന്ന ജോലി മാത്രമാണു കേരളത്തിലെ ഉദ്യോഗസ്ഥർക്ക്. അതുകൊണ്ട് തന്നെ ചോർച്ചയുടെ യഥാർത്ഥ വിവരങ്ങൾ തമിഴ്നാടിന്റെ പക്കലാണുള്ളത്.
സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയും ഉപസമിതിയും അണക്കെട്ടിൽ പരിശോധന നടത്തുമ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തമിഴ്നാട് സീപ്പേജ് വാട്ടറിന്റെ കണക്കെടുക്കുക. അണക്കെട്ടിന്റെ ഉൾവശത്തുള്ള ഗാലറിയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളമാണു സീപ്പേജ് വാട്ടർ. ഡാമിലെ നിരപ്പ് ഉയരുമ്പോൾ സീപ്പേജ് കൂടുകയാണ് ചെയ്യുന്നത്. ഈ തോത് എത്രയെന്നത് വരും ദിവസങ്ങളിൽ കോടതി നടപടികളിലും നിർണായകമായി മാറും.
ഡാമിന്റെ അടിത്തട്ടിൽ നിന്നു 10 അടി ഉയരത്തിലും 45 അടി ഉയരത്തിലുമാണ് ഗാലറികളുള്ളത്. ഒരാഴ്ച മുൻപ് തമിഴ്നാട് കേരളത്തിനു നൽകിയ കണക്കനുസരിച്ച് 10 അടി ഉയരത്തിലുള്ള ഗാലറിയിൽ മിനിറ്റിൽ 97.695 ലീറ്റർ വെള്ളം എത്തുന്നു. 45 അടി ഉയരത്തിലുള്ള രണ്ടാമത്തെ ഗാലറിയിൽ 31.752 ലീറ്റർ വെള്ളമാണ് ചോർന്നെത്തുന്നത്. 5 വർഷം മുൻപുള്ള കണക്കിൽ മിനിറ്റിൽ 89 ലീറ്റർ ആയിരുന്നു ചോർച്ച. ഈ കണക്കു തെറ്റാണെന്നും ഇരട്ടിയിലേറെ വെള്ളം ഗാലറിയിൽ എത്തുന്നുണ്ടെന്നും കേരളം പറയുന്നു.
അതേസമമയം 126 വർഷം മുൻപു നിർമ്മിച്ച അണക്കെട്ടിൽ സീപ്പേജിലൂടെ മാത്രം വർഷം 35 ടൺ സുർക്കി മിശ്രിതം ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം ലൈം ഒഴുകിപ്പോകുമ്പോൾ അണക്കെട്ടിൽ ദ്വാരങ്ങൾ ഉണ്ടാക്കിയ ശേഷം ഉന്നത മർദത്തിൽ സിമന്റ് ചാന്ത് അടിച്ചുകയറ്റിയാണ് ചോർച്ച തടയുന്നത്. ഇത് തുടർന്നു വരുന്നതായായാണ് തമിഴ്നാടും വ്യക്തമാക്കുന്നത്.
ഇപ്പോഴത്തെ കോടതി നടപടികളുടെ പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി ചോർച്ച അടക്കമുള്ള പുതിയ വസ്തുതകൾ പരിഗണിക്കേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിതോടെ ജലനിരപ്പ് താഴ്ത്താൻ കോടതി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. 42 അടിയെന്ന 2014ലെ വിധി മറികടക്കാൻ കേരളം ആവർത്തിച്ച് ഹർജി നൽകി പ്രശ്നമുണ്ടാക്കുകയാണെന്ന തമിഴ്നാടിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
കേസ് ഈ മാസം 22ലേക്കു മാറ്റി. ജലനിരപ്പ് 139.5 അടിയായിരിക്കണമെന്ന ഒക്ടോബർ 28ലെ ഉത്തരവ് അതുവരെ പാലിക്കണം.സുർക്കി കൊണ്ട് നിർമ്മിച്ച 126 വർഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. പുതിയ ഡാമാണ് പരിഹാരം. ബേബി ഡാം ബലപ്പെടുത്തിയാൽ മതിയെന്നാണ് തമിഴ്നാട് പറയുന്നത്. ഇതു വ്യക്തമാക്കി അവർ ഇന്നലെ സത്യവാങ്മൂലം നൽകി. കേരളത്തിന്റെ മറുപടി അറിയാനാണ് കേസ് മാറ്റിയത്.ബേബി ഡാം ബലപ്പെടുത്താനായി മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് കൊടുത്ത അനുമതി റദ്ദാക്കിയെങ്കിലും തിരിച്ചടി ആകുമോ എന്ന ആശങ്കയിലായിരുന്നു കേരളം. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ചിലാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ