- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ: മരംമുറിക്കുള്ള അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ; അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമെന്ന് ഹർജിയിൽ; വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് കേരളത്തിന് നിർദ്ദേശം നൽകണമെന്നും ആവശ്യം
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാൻ അനുമതി നൽകാൻ കേരളത്തിന് നിർദ്ദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. വള്ളക്കടവ്- മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മരം മുറിക്ക് നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ് തമിഴ്നാട് ഇപ്പോൾ പുതിയ അപേക്ഷ നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തമിഴ്നാടിന്റെ സ്റ്റാന്റിങ് കോൺസൽ ഈ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്.
പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളാണ് തമിഴ്നാട് സുപ്രീം കോടതിക്ക് മുൻപിൽ വെച്ചിരിക്കുന്നത്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് തമിഴ്നാടിന്റെ ആദ്യത്തെ ആവശ്യം. വള്ളക്കടവ് മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്താൻ കേരളത്തിന് നിർദ്ദേശം നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു. അണക്കെട്ട് ശക്തിപ്പെടുക എന്ന സുപ്രീം കോടതി വിധിക്ക് ആവശ്യമായ കാര്യങ്ങളാണ് ഇവയെന്നും തമിഴ്നാട് വാദിക്കുന്നു.
അണക്കെട്ടിന് സമീപത്ത് മഴ അളക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് തമിഴ്നാടിന്റെ മൂന്നാമത്തെ ഈവശ്യം. തമിഴ്നാടിന്റെ ഈ ആവശ്യങ്ങളിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് കേരളത്തിന് നിർണായകമാകും.
മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും നേരത്തെ കേരളം നൽകിയ സത്യവാങ്മൂലത്തിന് തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകളുടെ പകർപ്പും തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയിരുന്നു. മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്റെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്നാട് നൽകിയ മറുപടിയിൽ ആരോപിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിന്റെ ജോയന്റ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും മറുപടിക്കൊപ്പം തമിഴ്നാട് ഹാജരാക്കിയിരുന്നു.
അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മരംമുറി ഉത്തരവിന് നന്ദി അറിയിച്ചുകൊണ്ട് എംകെ സ്റ്റാലിൻ കേരളത്തിന് പത്രകുറിപ്പ് പുറത്തിറക്കിയതോടെയായിരുന്നു മരംമുറി വിഷയം പുറത്തുവന്നത്. വനം വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പിന്നീട് മന്ത്രി വിശദീകരണം നൽകുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാൽ മരം മുറിക്കാൻ അനുമതി നൽകുന്നതിന് മുമ്പ് കേരളവും തമിഴ്നാടും നടത്തിയ സംയുക്ത പരിശോധനയുടെ തെളിവുകളടക്കം പിന്നീട് പുറത്തുവന്നിരുന്നു. എത്ര മരങ്ങൾ മുറിക്കണമെന്ന് ജൂൺ 11 ന് പരിശോധിക്കുകയും 15 മരങ്ങൾ മുറിക്കാമെന്ന് കണ്ടെത്തിയിരുന്നുവെന്നും തെളിയിക്കുന്നതായിരുന്നു മേൽനോട്ട സമിതി അധ്യക്ഷൻ സംസ്ഥാന ജല വിഭവ സെക്രട്ടറിക്ക് നൽകിയ കത്ത്.
മറുനാടന് മലയാളി ബ്യൂറോ