- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയും
കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പുകൾ കെ സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചപ്പോൾ അതിനെ തള്ളിപ്പറഞ്ഞ് മുതിർന്ന നേതാക്കൾ. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വിപ്ലവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അറുപത് ശതമാനം പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത ഒരു പാർട്ടിയും വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഗ്രൂപ്പ് പരിഗണനകൾ ഇല്ലായിരുന്നു, പടല പിണക്കങ്ങളുമില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കിൽ താനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്. എല്ലാവരും യോജിച്ചാണ് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.കെ സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
സുധാകരൻ കോൺഗ്രസിന്റെയൊരു പ്രധാന നേതാവാണ്. പിണറായി സർക്കാരിനെ താഴെയിറക്കി ഒരു സർക്കാർ വരികയെന്നുള്ളതാണ് പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാവരും അതിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കുമൊന്നും ഇനി സ്ഥാനമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അപ്പോഴേക്കും ചിത്രം വ്യക്തമാകുമെന്നും യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. സി പി എമ്മും ബിജെപിയും തമ്മിൽ വലിയ അന്തർധാര നിലവിലുണ്ട്.
രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത കേരളമാണ്. അതുകൊണ്ടാണ് മലമ്പുഴയിൽ ആരേയും അറിയാത്ത സ്ഥാനാർത്ഥിയെ ഇറക്കിയത്. മഞ്ചേശ്വരത്തും ഇതാണ് സ്ഥിതിയെന്നും ചെന്നിത്തല ആരോപിച്ചു.ലതികാസുഭാഷുമായി ഇനി ചർച്ച നടത്തില്ല. നിയോജക മണ്ഡലം കൺവെൻഷനുകളിൽ അത്യപൂർവമായ ആൾക്കൂട്ടമാണ് എത്തുന്നത്. ആവേശം യു ഡി എഫ് വിജയത്തിന്റെ സൂചനയാണെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
അതേസമയം സുധാകരൻ തന്റെ മുൻനിലപാട് ആവർത്തിച്ചു വീണ്ടും രംഗത്തെത്തി. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് കെ സുധാകരൻ തുറന്നുപറഞ്ഞു. പട്ടികയിൽ പോരായ്മയുണ്ട്. അക്കാര്യം തുറന്നു പറയുന്നതിൽ ഭയപ്പാടുമില്ല, മടിയുമില്ല. ആരുടെ മുന്നിലും തുറന്നുപറയും. പറഞ്ഞിട്ടുമുണ്ട്. പോരായ്മകളുണ്ടെങ്കിലും ഈ പട്ടിക വച്ച് മുന്നോട്ടുപോകാനേ നിവൃത്തിയുള്ളൂ. പ്രശ്നങ്ങളും പരാതികളും നേതാക്കളുമായി ചർച്ച ചെയ്ത് പരിഹാരം കാണുകയാണ് പാർട്ടിയുടെ ശൈലിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ മൽസരിക്കുന്ന ധർമ്മടത്ത് സ്ഥാനാർത്ഥിയാകാനില്ലെന്നും സുധാകരൻ പറഞ്ഞു. ധർമ്മടത്ത് മൽസരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. താനും ആരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു ചർച്ച ഇപ്പോഴില്ലെന്ന് സുധാകരൻ പറഞ്ഞു. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടി ആ ചലഞ്ച് ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ''നമുക്ക് ഇപ്പോൾ ഇവിടെ നിരവധി പേരുണ്ട്. അപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ. ഞാൻ ഇപ്പോൾ എംപിയാണ്.'' സുധാകരൻ പറഞ്ഞു. ധർമ്മടത്ത് യോഗ്യനായ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയത്തിൽ പ്രതീക്ഷ കുറവാണെങ്കിലും വിജയപ്രതീക്ഷയുണ്ട്. പ്രതീക്ഷയ്ക്ക് കാരണം ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയാണ്. സ്ഥാനാർത്ഥി പട്ടിക രണ്ടാമത്തെ കാര്യം മാത്രമെന്ന് സുധാകരൻ പറഞ്ഞു. എ ഗ്രൂപ്പിന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകുമോ എന്ന ചോദ്യത്തിന്, ഇതേക്കുറിച്ചൊന്നും ചർച്ചയുണ്ടായിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.
ഇരിക്കൂർ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എപ്പോഴും താൻ ശുഭാപ്തി വിശ്വാസിയാണ്. പ്രശ്നം തീരണം, തീർക്കണം. കെ സുധാകരൻ കാര്യങ്ങൾ അറിയാതെയാണ് പ്രതികരിക്കുന്നത് എന്നതു സംബന്ധിച്ച് രമേശ് ചെന്നിത്തലയുടെ പ്രസ്താവന താൻ കേട്ടില്ല. അങ്ങനെ ചെന്നിത്തല പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ തോന്നലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും വന്ന തെറ്റായ പ്രസ്താവനയുമാണെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം കേരളത്തിലേത് ഏറ്റവും മികച്ച സ്ഥാനാർത്ഥി പട്ടികയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി. ഇക്കാര്യത്തിൽ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എ കെ ആന്റണി നാളെ മുതൽ കേരളത്തിൽ ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലതിക സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മും ലതിക സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും ഓഖിയിൽ മുഖ്യമന്ത്രി പകച്ചു പോയി. പെട്ടിമുടിയിൽ ദുരന്തം ഉണ്ടായപ്പോൾ ആദ്യമെത്തിയത് കോൺഗ്രസുകാരാണ്. അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ മുദ്രാവാക്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞത് ഏറ്റവും അപകടരമായ പ്രസ്താവനയാണ്. ഫാസിസത്തിനെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രമാണ്. പ്രസ്താവന ന്യൂനപക്ഷങ്ങളെ നൊമ്പരപ്പെടുത്തി. നേമം ഗുജറാത്താകാനാക്കില്ല. അതുകൊണ്ടാണ് പ്രഗത്ഭരായ സ്ഥാനാർത്ഥിയെ നേമത്ത് കോൺഗ്രസ് നിർത്തിയത്. കുമ്മനത്തെ പരാജയപ്പെടുത്താൻ സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർത്ഥിയെയാണെന്നും അതിൽ നിന്നും അവരുടെ അന്തർധാര മനസിലാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.
ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ മക്കൾക്ക് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലി നൽകും. ഇന്ന് വൈകുന്നേരം സ്ഥാനാർത്ഥി പ്രഖ്യാപന പൂർത്തിയാക്കുമെന്നും കെ സുധാരകന്റെ വാക്കുകൾക്ക് എന്നും വില കൊടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം യുഡിഎഫ് ആലോചിച്ച് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ