- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂനപക്ഷത്തിന് പുറമേ യുവജനകാര്യവും ഒഴിവാക്കി അബ്ദുൾ റഹ്മാനെ വെറും കടലാസു മന്ത്രിയാക്കി; അഹമ്മദിന്റെ വകുപ്പുകൾ ഒരു ക്ലാർക്കിന് നോക്കാൻ കഴിയുന്നതും; റിയാസാവട്ടെ ദൈവ വിശ്വാസമില്ലാത്ത മന്ത്രിയും; മുസ്ലിം വോട്ടു നേടി വിജയിച്ച പിണറായി മുസ്ലിം വിഭാഗത്തെ ചതിച്ചെന്ന പരാതി ശക്തം
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകൾ വിഭജിച്ചു കഴിഞ്ഞതോടെ പലയിടത്തും ആശയക്കുഴപ്പം ശക്തം. ഇക്കുറി മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണയിൽ വിജയിച്ചു കയറിയ ഇടതു സർക്കാർ സമുദായത്തിന് അർഹതപ്പെട്ട സ്ഥാനങ്ങൾ നൽകിയില്ലെന്ന വികാരമാണ് മുസ്ലിം സമൂഹത്തിൽ ശക്തമാകുന്നത്. കാലങ്ങളായി മുസ്ലിം മന്ത്രിമാർക്കു നൽകിയിരുന്ന ന്യൂനപക്ഷ ക്ഷേമം കൂടി മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയും ഈ വിമർശനം ശക്തമാക്കുന്നു.
അബ്ദുറഹിമാന് നൽകിയ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുക്കുകയായിരുന്നു. ഇേേതാട ആകെ 29 വകുപ്പുകളുടെ നാഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്ന കഴിഞ്ഞ ഭരണകാലയളവിലെ തന്റെ റെക്കോർഡ് പിണറായി സ്വയം തിരുത്തി. പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഐടി, വിമാനത്താവളം തുടങ്ങിയവയാണു മുഖ്യമന്ത്രിയുടെ മറ്റു പ്രധാന വകുപ്പുകൾ.
കെ.കെ.ശൈലജയ്ക്കു കീഴിലായിരുന്ന സാമൂഹിക നീതിയും വനിത, ശിശു വികസനവും എന്ന ഒറ്റ വകുപ്പിനെ രണ്ടായി വിഭജിച്ച് 'സാമൂഹിക നീതി'യെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനു നൽകി; വനിതാ, ശിശു വികസനം വീണാ ജോർജിനും. സ്പോർട്സും യുവജന കാര്യവും വകുപ്പിനെയും വിഭജിച്ച് മന്ത്രി വി. അബ്ദുറഹിമാന് സ്പോർട്സും ഫിഷറീസ് മന്ത്രി സജി ചെറിയാന് യുവജന കാര്യവും നൽകി.
ഇതുവരെ ഒന്നായിരുന്ന കായികയുവജന കാര്യ വകുപ്പ് വിഭജിച്ച് രണ്ടു മന്ത്രിമാർക്കു നൽകിയതോടെ ഭരണ നിർവഹണം എങ്ങനെയെന്നതിൽ ആശയക്കുഴപ്പം. ഒരു ഡയറക്ടറേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന വകുപ്പിൽ കായികം വി.അബ്ദു റഹ്മാനും യുവജന കാര്യം സജി ചെറിയാനുമാണ് പങ്കിട്ടു നൽകിയിരിക്കുന്നത്. വിഭജിച്ച വകുപ്പിനായി വ്യത്യസ്ത ഡയറക്ടറേറ്റുകളും നിലവിൽ വരുമോ എന്നതിലുൾപ്പെടെ അവ്യക്തതയുണ്ട്.
ഒറ്റ വകുപ്പായതിനാൽ എല്ലാ മന്ത്രിസഭകളിലും ഒരു മന്ത്രിക്കാണ് ഇതു നൽകിയിരുന്നത്. കായികയുവജനകാര്യ വകുപ്പിന്റെ കൂടുതൽ പ്രവർത്തനങ്ങളും സ്ഥാപനങ്ങളും ഫണ്ട് ചെലവഴിക്കലുമെല്ലാം കായിക മേഖലയുമായി ബന്ധപ്പെട്ടാണ്. 1986ൽ ആണ് വകുപ്പിന്റെ ഡയറക്ടറേറ്റ് നിലവിൽ വന്നത്.
ഡയറക്ടറേറ്റ് ആസ്ഥാനമായ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിനു പുറമേ ജി.വി.രാജ സ്കൂൾ, രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്റർ, വട്ടിയൂർകാവ് ഷൂട്ടിങ് അക്കാദമി, കുമാരപുരം ടെന്നിസ് അക്കാദമി, കണ്ണൂർ സ്പോർട്സ് ഡിവിഷൻ, തൃശൂരിലെയും കണ്ണൂരിലെയും റീജനൽ സ്പോർട്സ് സയൻസ് സെന്റർ എന്നിവയെല്ലാം ഡയറക്ടറേറ്റിനു കീഴിലെ സ്ഥാപനങ്ങളാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലും അനുബന്ധ സ്ഥാപനങ്ങളും വകുപ്പിനു കീഴിലാണ്.
സംസ്ഥാന യുവജനക്ഷേമ ബോർഡ്, യുവജന കമ്മിഷൻ എന്നിവയാണ് വകുപ്പിനു കീഴിൽ യുവജന കാര്യവുമായി ബന്ധപ്പെട്ടു വരുന്ന പ്രധാന സ്ഥാപനങ്ങൾ. തലപ്പത്തും ഭരണ സമിതിയിലും രാഷ്ട്രീയ പ്രതിനിധികൾ വരുന്ന ഈ സ്ഥാപനങ്ങളുടെ മാത്രം ചുമതല മറ്റൊരു മന്ത്രിക്കു കീഴിലാക്കാനാണ് വകുപ്പ് വിഭജനമെന്നാണു വലയിരുത്തൽ. വകുപ്പിന് അനുവദിക്കുന്ന ഫണ്ട് വിഭജനത്തിന്റെ കാര്യത്തിലുൾപ്പെടെ തീരുമാനമാകേണ്ടതുണ്ട്.
അതേസമയം സിപിഐയിലെ ഇ.ചന്ദ്രശേഖരൻ വഹിച്ച ദുരന്ത നിവാരണ വകുപ്പ് ഇത്തവണ ആർക്കാണെന്നു വിജ്ഞാപനത്തിലില്ല. അതിനാൽ, ഇതു മറ്റു വകുപ്പുകൾ എന്ന വിഭാഗത്തിൽ മുഖ്യമന്ത്രിക്കു കീഴിലായി. വി എസ് സർക്കാരിന്റെ കാലത്തു രൂപീകരിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ആദ്യത്തെ മന്ത്രി സിപിഎമ്മിൽ നിന്നുള്ള പാലോളി മുഹമ്മദ് കുട്ടിയായിരുന്നു. പിന്നീടു വന്ന ഉമ്മൻ ചാണ്ടി സർക്കാർ ലീഗിലെ മഞ്ഞളാംകുഴി അലിക്കും കഴിഞ്ഞ പിണറായി സർക്കാർ എൽഡിഎഫ് സ്വതന്ത്രനായ കെ.ടി. ജലീലിനും വകുപ്പു നൽകി.
ഇത്തവണ മലപ്പുറം ജില്ലയിലെ തിരൂരിൽനിന്നു ജയിച്ച എൽഡിഎഫ് സ്വതന്ത്രൻ വി. അബ്ദുറഹിമാന് വകുപ്പു നൽകുമെന്നായികുന്നു കരുതിയിരുന്നത്. വകുപ്പിലെ സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും ഒരു മത വിഭാഗത്തിൽപ്പെട്ടവർക്കു മാത്രം കൈമാറുന്നുവെന്ന ആക്ഷേപം കൂടി കണക്കിലെടുത്താണു പാർട്ടി തീരുമാനം അനുസരിച്ച് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, മൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപറേഷൻ എന്നിവയാണ് ന്യൂനപക്ഷ വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ.
ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഒരു മന്ത്രിയെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്ത നടപടി ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും സമുദായത്തെ അപമാനിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുസ്ലിം ലീഗ് ആരോപിച്ചു രംഗത്തെത്തി. ഇതോടെ സർക്കാറിന്റെ തുടക്കത്തിൽ തന്നെ എതിർപ്പ് ശക്തമായി. തുടക്കത്തിൽ മന്ത്രിമാരെ നിശ്ചയിച്ചപ്പോഴും സമുദായത്തിന് പ്രാതിനിധ്യം ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.
വി അബ്ദുറഹിമാന് കാര്യമായ വകുപ്പുകൾ നൽകാതിരുന്നപ്പോൾ അഹമ്മദ് ദേവർകോവിലിനാകട്ടെ കാര്യമായ വകുപ്പൊന്നുമില്ല താനും. കാര്യപ്പെട്ട വകുപ്പു കിട്ടിയ പി എ മുഹമ്മദ് റിയാസ് ആകട്ടെ അവിശ്വാസിയാണെന്നതുമാണ് മുസ്ലിം സമൂഹത്തിന്റെ പ്രശ്നം. ഈ ആക്ഷേപം നിലനിൽക്കേയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്.
മന്ത്രി ആരായാലും ഈ നടപടി അംഗീകരിക്കാനാവില്ല. ഇത് ഒരു സമുദായത്തെ ഒന്നടങ്കം അപമാനിച്ചതിന് തുല്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിക്കുകയും ചെയ്തു. ചില സമുദായങ്ങൾ ഒരേ വകുപ്പ് കൈകാര്യം ചെയ്യരുതെന്ന നിലപാട് ശരിയല്ല. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്ന കാര്യമല്ല ഇത്. വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരന്നു. ഇക്കാര്യത്തിൽ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്നും കോവിഡ് വാർത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
'മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗം ന്യൂനപക്ഷ വിഭാഗമാണ്. അവർക്ക് എന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരിൽ മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവായ ആലോചനക്കിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പൊതുവായ അഭിപ്രായം വന്നു. പ്രവാസി ക്ഷേമ വകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ വകുപ്പിനെപ്പറ്റി വലിയ പരാതിയൊന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. മുൻ മന്ത്രി കെ.ടി. ജലീൽ വകുപ്പ് നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നതാണ്. കെ.ടി ജലീൽ കാര്യങ്ങൾ ഫലപ്രദമായി നീക്കിയിരുന്നു. പരാതി ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ