- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടവും ദാരിദ്ര്യവും; നന്ദൻകോട്ടെ സ്വർണ്ണപ്പണിക്കാരന്റെയും കുടുംബത്തിന്റെയും ആത്മഹത്യ കേരളത്തെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയോ? ലോക്ക് ഡൗണും കോവിഡ് നിയന്ത്രണങ്ങളും തകിടംമറിച്ചത് സാധാരണക്കാരുടെ ജീവിതതാളത്തെ; കിറ്റ് കൊണ്ടു മാത്രം ജീവിക്കാനാകില്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞില്ലെങ്കിൽ ആത്മഹത്യകൾ തുടർക്കഥയാകും
തിരുവനന്തപുരം: നന്ദൻകോട് സ്വർണപണിക്കാരനും കുടുംബവും ആത്മഹത്യ ചെയ്തതിന് പിന്നിൽ കടബാധ്യതയും ദാരിദ്ര്യവുമാണെന്ന് സൂചന. ചാലയിൽ സ്വർണപണിക്കാരനായ മനോജ് കുമാറിന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി പണി ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും ഇതുതന്നെയായിരുന്നു അവസ്ഥ. സ്വർണമെടുക്കുന്നതിനും വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി നിരവധി പേരിൽ നിന്നും വായ്പ വാങ്ങിയ മനോജിന് കഴിഞ്ഞ കുറച്ചുകാലമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വായ്പ നൽകിയവരിൽ നിന്നും നിരന്തരമായ ശല്യപ്പെടുത്തലുകൾ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. ഇതിന് പുറമെ രണ്ട് മാസത്തോളമായി വരുമാനമൊന്നും ഇല്ലാതായതും മനോജിനെയും ഭാര്യയേയും മാനസികമായി തളർത്തിയിരുന്നു. വീട്ടുവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
മനോജാണ് ആദ്യം ആത്മഹത്യ ചെയ്തത്. മനോജിന്റെ ശരീരം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിക്കഴിഞ്ഞാണ് ഭാര്യ രഞ്ജുവും മകൾ അമൃതയും വിഷം കഴിച്ചത്. ആശുപത്രിയിൽ നിന്നും ആളുകൾ മടങ്ങിയെത്തുമ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ മനോജിന്റെ ശരീരം കൊണ്ട് പോയി കഴിഞ്ഞ് കോവിഡ് ഭയന്ന് അയൽക്കാർ പോലും ആ വീട്ടിലേയ്ക്ക് പോയിരുന്നില്ല. മരണവീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ രണ്ട് മരണങ്ങളെങ്കിലും തടയാമായിരുന്നു എന്നും ആരോപണമുണ്ട്.
ക്ലിഫ് ഹൗസിന് തൊട്ടുപുറകിൽ മന്ത്രിമന്ദിരങ്ങൾക്ക് സമീപമാണ് മനോജ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്. കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോകുന്നവരെ കുറിച്ച് ഭരണകൂട സംവിധാനങ്ങൾ ഇനിയെങ്കിലും ഓർക്കണമെന്ന സന്ദേശമാണ് ഈ മരണങ്ങൾ നൽകുന്നത്. ഒരു കിറ്റ് കൊണ്ട് കേരളത്തിലെ മനുഷ്യർ ജീവിച്ചുപോകുമെന്നുള്ള ചിന്തകൾക്ക് മാറ്റമുണ്ടാകണം. പ്രത്യേകിച്ച് കോവിഡ് മൂലം കേരളത്തിലെ തൊഴിലില്ലാതാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുമ്പോൾ.
കോവിഡ് കാലത്തിന് മുമ്പ് കേരളത്തിന്റെ തൊഴിലില്ലായ്മനിരക്ക് 16.3 ശതമാനമായിരുന്നു. 2020 ജൂണിലെ കണക്കുപ്രകാരം ഇത് 27.3 ശതമാനമായി ഉയർന്നു.ദേശീയതലത്തിൽ ഇവ യഥാക്രമം 9.1 ശതമാനവും 20.8 ശതമാനവുമാണ്. കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിറ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ തൊഴിൽ സർവേപ്രകാരം കണ്ടെത്തിയ കണക്കാണിത്.
പ്രവാസികളുടെ മടങ്ങിവരവാണ് ഇതിൽ പ്രധാനം.സ്വയം തൊഴിൽ ചെയ്തിരുന്നവരുടെ തൊഴിൽ പോയത്, പിരിച്ചുവിടൽ എന്നിവയെല്ലാമാണ് കേരളത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 2020 മാർച്ചിൽ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തിരുന്നവർ 34.24 ലക്ഷം പേരാണ്. 2021 മെയ് 31-ലെ കണക്കുപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37.21 ലക്ഷമായി.
ഇതേ വരെ കോവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്തിയ പ്രവാസിമലയാളികൾ 8.43 ലക്ഷമാണ്. ഇതിൽ 5.52 ലക്ഷത്തിനും തൊഴിൽ നഷ്ടമായിയെന്നാണ് വിലയിരുത്തൽ. ഇവർക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്. കേരളത്തിൽ തന്നെ ജോലിചെയ്യുന്ന 127 ലക്ഷം തൊഴിലാളികളിൽ 48.10 ലക്ഷം പേർ സ്വയം തൊഴിലിലൂടെ തന്നെ ജീവിക്കുന്നവരാണ്. 35.2 ലക്ഷം പേർ താത്കാലിക തൊഴിലാളികളാണ്.ഇരു കൂട്ടരിലും അടച്ചിടൽ കാലത്ത് വ്യാപകമായി തൊഴിൽ നഷ്ടമുണ്ടായെന്ന് ഇതേക്കുറിച്ചുള്ള സർക്കാർ പഠനം കണ്ടെത്തിയിരുന്നു. 350 കോടി രൂപയാണ് ഇവരുടെ ആദ്യ അടച്ചിടൽകാലത്തെ വേതനനഷ്ടം. കേരളത്തിൽ 22.1 ശതമാനം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഇല്ലെന്നുള്ളതും പ്രയാസം വർധിപ്പിക്കുന്നതാണ്.
ജോലിയും കൂലിയുമില്ലാതെ ജനങ്ങൾ നിരാശയുടെയും ദാരിദ്ര്യത്തിന്റെയും കട ബാധ്യതകളുടെയും ഒറ്റപ്പെടലിന്റെയും കുഴികളിലേയ്ക്ക് വീണുപോകാവുന്ന നാളുകളാണ് വരാനിരിക്കുന്നത്. അതിന്റെ സൂചനയായി വേണം മനോജിന്റെയും കുടുംബത്തിന്റെയും മരണത്തെ കാണാൻ. അത്തരമൊരു സാഹചര്യത്തെ കിറ്റ് കൊണ്ടുമാത്രം നേരിടാനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രശ്നങ്ങൾ പഠിച്ച് യുക്തിസഹമായ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളായിരിക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു.