- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയോധികൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത് മനപ്പൂർവ്വം; ക്ഷമ പറഞ്ഞ് എല്ലാം കോപ്രമൈസാക്കിയത് വിഡിയോ ഉണ്ടാക്കാൻ; ഇൻ ഹരിഹർ നഗറിലെ അപകടത്തിന് സമാനമായി എല്ലാത്തിനും വ്യക്തമായ പ്ലാനിങ്; അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണ് എന്ന തലക്കെട്ടിൽ താരമാകാൻ ശ്രമിച്ചത് നങ്ങ്യാർകുളങ്ങരക്കാർ; ട്രോളിലെ വില്ലന്മാർ കുടുങ്ങി
ആലപ്പുഴ: അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണ് എന്ന തലക്കെട്ടോടെ പൊലീസ് ഔദ്യോഗിക പേജിൽ ഷെയർ ചെയ്ത വീഡിയോ ദൃശ്യങ്ങൾ കരുതിക്കൂട്ടി പകർത്തിയതെന്ന് കണ്ടെത്തി. ട്രോൾ ഉണ്ടാക്കാനായി മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് മനഃപൂർവ്വം അപകടം സൃഷ്ടിച്ചതിന് രണ്ട് ബൈക്കുകൾ പിടിച്ചെടുക്കുകയും അഞ്ച് യുവാക്കൾക്കെതിരെ നടപടി എടുക്കുകയും ചെയ്തു.
കായംകുളം നങ്ങ്യാർകുളങ്ങര സ്വദേശികളായ യുവാക്കളെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. വയോധികൻ സഞ്ചരിക്കുന്ന ബൈക്കിന് പിന്നിൽ വാഹനം ഇടിപ്പിച്ച് ട്രോൾ ഉണ്ടാക്കാനായാണ് യുവാക്കൾ ശ്രമിച്ചത്. തൃക്കുന്നപ്പുഴക്ക് സമീപം തോട്ടുകടവ് പാലത്തിനടുത്ത് വച്ചാണ് യുവാക്കൾ വാഹനാപകടം മനഃപൂർവ്വം സൃഷ്ടിച്ചത്. ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്ത വയോധികന്റെ കൈക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു.
പിന്നീട് ക്ഷമ പറഞ്ഞതിനെ തുടർന്ന് പരാതിയില്ലാത്തിനാൽ വയോധികനും ഒപ്പമുണ്ടായിരുന്നയാളും കടന്നു പോയി. പിന്നീട് ഈ രംഗങ്ങൾ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ സംഭാഷണവും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസിന്റെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്ത് പൊതു ജനങ്ങൾക്ക് ഉപദേശം നൽകിയത്. എന്നാൽ ഈ വീഡിയോ കണ്ട ചിലർ സത്യാവസ്ഥ പൊലീസിനെയും മോട്ടോർ വകുപ്പിനെയും അറിയിക്കുകയായിരുന്നു.
ആലപ്പുഴ എൻഫോഴ്സ്മെന്റ് വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്.സജിത്ത്, എ.എം വിഐമാരായ കെ.ശ്രീകുമാർ, വി.വിനീത്, മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ വാഹന നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നങ്ങ്യാർകുളങ്ങരയിലുള്ള യുവാക്കളെ കണ്ടെത്തുകയായിരുന്നു. 6 പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെന്നും ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ ആണെന്നുമാണ് ലഭിക്കുന്ന വിവരം.
അമിത വേഗത, മനഃപൂർവ്വം അപകടമുണ്ടാക്കിുക, വാഹനത്തിൽ രൂപമാറ്റം വരുത്തുക തുടങ്ങീ നിയമ ലംഘനം നടത്തിയതിനാൽ ഇവരുടെ ലൈസൻസ് പിടിച്ചെടുത്ത് കായംകുളം ജോ.ആർ.ടി.ഒയ്ക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകി. വീഡിയോയിൽ അമിത വേഗതയിൽ അപകടമുണ്ടാക്കിയ ഡ്യൂക്ക് എന്ന ബൈക്ക് നിലവിൽ മറ്റൊരു വയോധികൻ വാഹനം ഇടിച്ച് മരണപ്പെട്ട കേസിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
നൂറു കിലോമീറ്ററിലധികം സ്പീഡിലാണ് യുവാക്കൾ ബൈക്കിൽ യാത്ര ചെയ്തത്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ഇവർ വാഹനം ഓടിച്ചത്. അതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകി എന്ന് വെഹിക്കിൾ ഇൻസ്പെക്ടർ ഡി സജിത്ത് മറുനാടനോട് പറഞ്ഞു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ദേശീയ പാതയിൽ അപകടകരമായി വാഹനം ഓടിച്ച ഇതേ സ്ഥലത്ത് തന്നെയുള്ള പതിനെട്ടുകാരന്റെ ലൈസൻസും സസ്പെന്റ് ചെയ്തിരുന്നു.
ദേശീയപാതയിൽ നങ്യാർകുളങ്ങരയിൽ നിന്നും ഹരിപ്പാട് ഭാഗത്തേക്ക് ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച് ടൂവീലറിൽ യാത്ര ചെയ്താണ് ഇയാൾ അഭ്യാസ പ്രകടനം നടത്തിയത്. കെ.എൽ 29 ആർ 8257 എന്ന നമ്പരിലുള്ള യമഹ ആർ15 വാഹനത്തിൽ ഇയാൾ ഇരുകൈകളും വിട്ട് വാഹനം ഓടിക്കുകയും മുൻ ടയർ മുകളിലേക്ക് ഉയർത്തി അപകടകരമായ രീതിയിൽ പോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.