- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കയറുപിരി ജോലി ചെയ്യുന്ന അമ്മയ്ക്ക് മുമ്പിൽ നിരാഹാരം കിടന്ന് വാങ്ങിയത് ഒന്നരലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക്; വാഹനം രൂപം മാറ്റം വരുത്താനും പെട്രോൾ അടിക്കാനും മാത്രം വല്ലപ്പോഴും ജോലിക്ക് പോകുന്നവർ; അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണെന്ന ട്രോൾ വീഡിയോയ്ക്ക് വേണ്ടി അപകടമുണ്ടാക്കിയ നങ്ങ്യാർകുളങ്ങരയിലെ നൈറ്റ് റൈഡേഴ്സിന്റെ കഥ
ആലപ്പുഴ: ട്രോൾ വീഡിയോ നിർമ്മിക്കാനായി വാഹനാപകടമുണ്ടാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്ത യുവാക്കളിലൊരാൾ ബൈക്ക് വാങ്ങാനായി നിരാഹാരം കിടന്നത് ദിവസങ്ങളോളം. വീട്ടിൽ നിരാഹാരം കിടന്ന് കയറുപിരി ജോലിക്ക് പോകുന്ന അമ്മയെ സമ്മർദ്ദത്തിലാക്കിയാണ് ഒന്നര ലക്ഷം രൂപ വിലയുള്ള സ്പോർട്സ് ബൈക്ക് സ്വന്തമാക്കിയത്.
ഇയാളുടെ വിവാഹം കഴിച്ചു പോയ സഹോദരിയും പണം നൽകിയിരുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ലോൺ വ്യവസ്ഥയിൽ വാങ്ങിയ ബൈക്കിന്റെ തിരിച്ചടവ് മാസം 5,000 രൂപയാണ്. കയറു പിരിച്ച് കിട്ടുന്ന പണം അമ്മയുടെ പക്കൽ നിന്നും വാങ്ങിയാണ് തിരിച്ചടച്ചു കൊണ്ടിരുന്നത്. കേസിൽ ഉൽപ്പെട്ട യുവാക്കളുടെ വീടുകളിലെ അവസ്ഥ സമാന രീതിയിൽ തന്നെയാണ്. വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത വീടുകളിലെ യുവാക്കളാണ് ഇവർ. ഇവർക്കൊന്നും സ്ഥിരമായി ഒരു ജോലിയുമില്ല. ചിലർ ദിവസക്കൂലിക്ക് വല്ലപ്പോഴും ജോലിക്ക് പോയി കിട്ടുന്ന പണം വാഹനങ്ങളിൽ പെട്രോൾ നിറക്കാനും രൂപമാറ്റം വരുത്താനുമാണ് ഉപയോഗിക്കുന്നത് എന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സംഘത്തിൽപെട്ട ഒരു യുവാവ് മൂന്ന് മാസം മുൻപ് ബൈക്ക് അപകടത്തിൽപെട്ട് കാലിന് സാരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു. പിന്നീട് ഭേദമായ ശേഷം വീണ്ടും നിരത്തിലിറങ്ങി അഭ്യാസം പ്രകടനം നടത്തുക പതിവാണ്. ഇയാളാണ് വയോധികൻ സഞ്ചരിച്ചിരുന്ന ടൂവീലറിന് പിന്നിൽ ഇടിച്ച് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അന്നേ ദിവസം ഇവർക്കൊപ്പം തന്നെയുണ്ടായിരുന്ന ഒരു ഡ്യൂക്ക് ബൈക്ക് വീഡിയോ ചിത്രീകരണത്തിന് ശേഷം ഹരിപ്പാട് 38 കാരിയെ ഇടിച്ചു തെറിപ്പിച്ച് കൊല ചെയ്തിരുന്നു.
ഈ കേസിൽ ബൈക്ക് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ച ആറു പേരിൽ അഞ്ചു പേർക്കും ശരീരത്തിൽ മുറിവ് പറ്റിയ പാടുകൾ ഉണ്ട്. ഇവരിൽ ഒരാൾ ബൈക്കപകടത്തിൽപെടുകയും ഇൻഷുറൻസ് ക്ലെയിം ചെയ്യാനായി പോയപ്പോൾ ഗിയർ ഇല്ലാത്ത വാഹനം ഓടിക്കാനുള്ള ലൈസൻസ് മാത്രമേയുള്ളൂ എന്നതിനാൽ ഇൻഷുറൻസ് തുക നിഷേധിച്ചിരുന്നു.
യുവാക്കൾ പരസ്പരം പണം പങ്കിട്ടാണ് പെട്രോൾ നിറച്ചിരുന്നത്. നൈറ്റ് റൈഡേഴ്സ് എന്നാണ് സംഘത്തിലെ ഒരാളുടെ മൊബൈൽ ഫോൺ നമ്പർ. സമീപ പ്രദേശങ്ങളിലും ദേശീയ പാതയിലും ബൈക്ക് റൈസിങ് നടത്തുന്നവരാണിവർ. കാര്യമായ ജോലിയില്ലാത്ത യുവാക്കൾ പലപ്പോഴും വീട്ടുകാരെ സമ്മർദ്ദത്തിലാക്കിയാണ് പണം വാങ്ങി അഭ്യാസങ്ങൾക്ക് ഉപയോഗിക്കുന്നത്. അമിത വേഗതയിൽ പോയി അപകടം ഉണ്ടാക്കിയതിന് പല സ്ഥലങ്ങളിൽ നിന്നും മർദ്ദനവും ആവശ്യത്തിന് കിട്ടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വൈറലാവാൻ വേണ്ടിയാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൽ കാട്ടിക്കൂട്ടുന്നത്. ഇത് പലപ്പോഴും മറ്റുള്ളവരുടെ ജീവൻ അപഹരിക്കാൻ ഇടയാകുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇവർ ഉൾപ്പെട്ട സംഘത്തിലെ യുവാവ് ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ 38 കാരിയായ വീട്ടമ്മ.
കഴിഞ്ഞ ദിവസമാണ് വയോധികൻ സഞ്ചരിക്കുന്ന ബൈക്കിന് പിന്നിൽ വാഹനം ഇടിപ്പിച്ച് ട്രോൾ ഉണ്ടാക്കിയ ഹരിപ്പാടിന് സമീപം കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശികളായ യുവാക്കളെ ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. തൃക്കുന്നപ്പുഴക്ക് സമീപം തോട്ടുകടവ് പാലത്തിനടുത്ത് വച്ചാണ് യുവാക്കൾ വാഹനാപകടം മനഃപൂർവ്വം സൃഷ്ടിച്ചത്. ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്ത വയോധികന്റെ കൈക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു.
പിന്നീട് ക്ഷമ പറഞ്ഞതിനെ തുടർന്ന് പരാതിയില്ലാത്തിനാൽ വയോധികനും ഒപ്പമുണ്ടായിരുന്നയാളും കടന്നു പോയി. പിന്നീട് ഈ രംഗങ്ങൾ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ സംഭാഷണവും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസിന്റെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്ത് പൊതു ജനങ്ങൾക്ക് ഉപദേശം നൽകിയത്. എന്നാൽ ഈ വീഡിയോ കണ്ട ചിലർ സത്യാവസ്ഥ പൊലീസിനെയും മോട്ടോർ വകുപ്പിനെയും അറിയിക്കുകയായിരുന്നു.
ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർ ഡി.എസ്.സജിത്ത്, എ.എം വിഐമാരായ കെ.ശ്രീകുമാർ, വി.വിനീത്, മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ വാഹന നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നങ്ങ്യാർകുളങ്ങരയിലുള്ള യുവാക്കളെ കണ്ടെത്തുകയായിരുന്നു. 6 പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെന്നും ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ ആണെന്നുമാണ് ലഭിക്കുന്ന വിവരം.
അമിത വേഗത, മനഃപൂർവ്വം അപകടമുണ്ടാക്കുക, വാഹനത്തിൽ രൂപമാറ്റം വരുത്തുക തുടങ്ങീ നിയമ ലംഘനം നടത്തിയതിനാൽ ഇവരുടെ ലൈസൻസും ആർ.സി ബുക്കും പിടിച്ചെടുത്ത് കായംകുളം ജോ.ആർ.ടി.ഒ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് കായംകുളം ജോ.ആർ.ടി.ഒ ബി. ശ്രീപ്രകാശ് അറിയിച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചതിനാൽ ചുമത്താൻ കഴിയുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ യുവാൾക്കെതിരെയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.