- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇനി കഷ്ടി മൂന്ന് മാസം കൂടി; രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു; എട്ടു സംസ്ഥാനങ്ങളിലും ഈ വർഷം തന്നെ തെരഞ്ഞെടുപ്പ്; മോദി പ്രഭാവം മങ്ങി രാഹുൽ തരംഗത്തിലേക്ക് രാജ്യം ചുവടുവെക്കുന്നതും വിശാല സഖ്യരൂപീകരണ ശ്രമങ്ങളും ബിജെപിക്ക് ഉയർത്തുന്നത് കടുത്ത ഭീഷണി; 2019 പിറക്കുമ്പോൾ രാഷ്ട്രീയ ഇന്ത്യയിൽ സംഭവിക്കാൻ അത്ഭുതങ്ങൾ ഏറെ കാത്തിപ്പുണ്ടോ?
ന്യൂഡൽഹി: 2019ന്റെ പുലരിയിലേക്ക് രാജ്യം ചുവടുവെച്ചു കഴിഞ്ഞു. രാഷ്ട്രീയ ഇന്ത്യയെ സംഭവിച്ചിടത്തോളം അതിനിർണായകമാണ് ഈ വർഷം. അഞ്ച് വർഷം മുമ്പുണ്ടായ മോദി തരംഗത്തിന്റെ തിളക്കം കുറഞ്ഞു വരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. പകരം രാഹുൽ ഗാന്ധിയെന്ന് നേതാവ് ഉയർന്നുവരികയും ചെയ്യുന്നു. അതുകൊണ്ട് ഏറെ രാഷ്ട്രീയ അത്ഭുതങ്ങൾ പ്രതീക്ഷിച്ചു കൊണ്ടാണ് രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്നത്. 17ാം ലോക്സഭയിലേക്ക് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ഇനി 100 ദിവസം തികച്ചില്ല. ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാലുടൻ തിരഞ്ഞെടുപ്പു കമ്മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇപ്പോഴുള്ള മോദി സർക്കാർ അധികാരം നിലനിർത്തുമോ? കോൺഗ്രസ് തിരിച്ചവരവ് നടത്തുമോ എന്നതാണ് ഇതിൽ പ്രധാനമായി കാര്യം. എന്തായാലും കോൺഗ്രസ് മുക്തഭാരതം എളുപ്പമല്ലെന്ന് അമിത്ഷായും കൂട്ടരും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും മനസ്സിലാക്കി കഴിഞ്ഞു.
അതേസമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മാത്രം വർഷമല്ല. 8 സംസ്ഥാന നിയമസഭകളിലേക്കും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനങ്ങൾ. ഇവിടങ്ങളെ രാഷ്ട്രീയ ഫലങ്ങളും ഏറെ നിർണായകമായതാകുമെന്നത് ഉറപ്പാണ്.
ഈ സംസ്ഥാനങ്ങളിൽ നാലിടത്ത് ബിജെപി ഭരണത്തിലാണ് മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ. ആന്ധ്രയിൽ തെലുങ്കുദേശവും ഒഡീഷയിൽ ബിജു ജനതാദളുമാണ് ഭരണത്തിൽ. സിക്കിമിൽ പവൻ കുമാർ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് കഴിഞ്ഞ 20 വർഷമായി അധികാരത്തിലാണ്. ജമ്മു കശ്മീർ ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും ആന്ധ്ര, ഒഡീഷ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകൾ ഒക്ടോബറിലോ നവംബറിലോ ആയിരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ കക്ഷികൾ അണിയറയിൽ തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബിഹാർ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മഹാ സഖ്യങ്ങൾ രൂപമെടുത്തിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും ചർച്ചകൾ പല ഘട്ടങ്ങളിലാണ്. 2018 പകുതി വരെ രാജ്യത്ത് നിലനിന്ന ഒരു പൊതുധാരണ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിൽ തിരിച്ചുവരുമെന്നും ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം തന്നെ ഇന്ത്യ ഭരിക്കുമെന്നുമാണ്. എന്നാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തത് 2018 കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിൽ ഒന്നായിരുന്നു. അതോടെ നരേന്ദ്ര മോദി അജയ്യനും അപ്രതിരോധ്യനുമാണെന്ന തോന്നലിന് ഇളക്കം തട്ടി. ഇപ്പോൾ രാഹുലാണ് താരമായി വളരുന്നത്.
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള െഎക്യ പുരോഗമന മുന്നണിയും തമ്മിലുള്ള ഒരേറ്റുമുട്ടൽ മാത്രമായിരിക്കില്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണുക. ബിജെപിയെ പരാജയപ്പെടുത്താൻ വിശാല മതനിരപേക്ഷ സഖ്യം ഉരുത്തിരിയാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒപ്പം ബിജെപി വിരുദ്ധ കോൺഗ്രസ് വിരുദ്ധ ഫെഡറൽ സഖ്യത്തിനുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.
മോദിയുടെ പ്രഭാവം മങ്ങുന്ന കാഴ്ചയാണ് ബിജെപിയിൽ കാണുന്നതെങ്കിൽ രാഹുൽ ഗാന്ധിയുടെ പ്രതിഛായ അപ്രതീക്ഷിതമായ വിധം തിളങ്ങുന്ന കാഴ്ചയാണ് കോൺഗ്രസിൽ കാണുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ചുവെങ്കിൽ ഇപ്പോൾ ബിജെപിക്ക് അങ്ങനെയൊരു മുൻതൂക്കമില്ല. അന്ന് ഓരോ സംസ്ഥാനത്തും നേടിയ സീറ്റുകൾ നിലനിർത്താൻ കഴിയുമെന്ന് ബിജെപി തന്നെ കരുതുന്നില്ല. കഴിഞ്ഞ തവണ ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിൽ ബിജെപിക്കു ലഭിച്ച സീറ്റുകൾ ഇങ്ങനെ ആയിരുന്നു ഉത്തർപ്രദേശ് 80ൽ 71, ബിഹാർ 40ൽ 22, രാജസ്ഥാൻ 25ൽ 25, ഹരിയാന 10ൽ 10, മധ്യപ്രദേശ് 29ൽ 16, ഛത്തീസ്ഗഡ് 11ൽ 10, ഡൽഹി ഏഴിൽ 7, ജാർഖണ്ഡ് 14ൽ 12, ഉത്തരാഖണ്ഡ് അഞ്ചിൽ 5. ഈ വിജയം ആവർത്തിക്കുക എളുപ്പമാവില്ല.
കോൺഗ്രസിന്റെ പിന്തുണയോടെ വിശാല മതനിരപേക്ഷ സഖ്യത്തിനായി പ്രവർത്തിക്കുന്നവരിൽ പ്രമുഖൻ എൻസിപിയുടെ ശരദ് പവാറാണ്. ഒരുപക്ഷേ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് ശരദ് പവാർ വരുന്നത് തള്ളിക്കളയാനാവില്ല. രാജ്യത്തെ രാഷ്ട്രീയം ഇപ്പോൾ പ്രവചനാതീതമാം വിധം കലങ്ങി മറിഞ്ഞ നിലയിലാണ്. വളരെ ശക്തമായ അടിയൊഴുക്കുകളാണ് പലയിടത്തും കാണുന്നത്. സാമ്പത്തിക മേഖലയിലെ തകർച്ച, കാർഷിക മേഖലയിൽ നിലനിൽക്കുന്ന വ്യാപകമായ അസംതൃപ്തി, നോട്ട് നിരോധനം അടിച്ചേൽപ്പിച്ച തളർച്ച, ചരക്ക്, സേവന നികുതി നടപ്പാക്കിയതിലെ അപാകതകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ബിജെപിക്കെതിരെ നീങ്ങുന്നുണ്ട്.