അബുദാബി: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് കീഴടക്കി ന്യൂസീലൻഡ് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമി ബർത്ത് ഉറപ്പിച്ചു. പാക്കിസ്ഥാനാണ് ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തിയ ആദ്യ ടീം. അഫ്ഗാൻ പരാജയപ്പെട്ടതോടെ ഇന്ത്യ ലോകകപ്പിന്റെ സെമി കാണാതെ പുറത്തായി.

അഫ്ഗാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം കിവീസ് 18.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഡാരിൽ മിച്ചൽ (17), മാർട്ടിൻ ഗപ്റ്റിൽ (17) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. മൂന്നാം വിക്കറ്റിൽ 68 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കെയ്ൻ വില്യംസൺ - ഡെവോൺ കോൺവെ സഖ്യമാണ് കിവീസിന്റെ ജയത്തിൽ നിർണായകമായത്. മുജീബ് ഉർ റഹ്്മാൻ, റാഷിദ് ഖാൻ എന്നിവരാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് പവർ പ്ലേയിൽ മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. എന്നാൽ സ്‌കോർ 26-ൽ നിൽക്കേ 12 പന്തിൽ 17 റൺസുമായി ഡാരിൽ മിച്ചൽ മടങ്ങി. 23 പന്തിൽ നിന്ന് നാലു ഫോറടക്കം 28 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ ഒമ്പതാം ഓവറിൽ റാഷിദ് ഖാൻ മടക്കി. മൂന്നാം വിക്കറ്റിൽ 68 റൺസ് ചേർത്ത കെയ്ൻ വില്യംസൺ - ഡെവോൺ കോൺവെ സഖ്യം അനായാസം കിവീസിന്റെ സെമി ബർത്ത് ഉറപ്പാക്കി. 42 പന്തുകൾ നേരിട്ട വില്യംസൺ 40 റൺസോടെ പുറത്താകാതെ നിന്നു. കോൺവെ 32 പന്തിൽ നിന്ന് 36 റൺസെടുത്തു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താനായത്. 48 പന്തുകൾ നേരിട്ട സദ്രാൻ മൂന്ന് സിക്സും ആറ് ഫോറുമടക്കം 73 റൺസെടുത്തു.

കിവീസ് പേസർമാരുടെ പ്രകടനമാണ് അഫ്ഗാനെ പിടിച്ചുനിർത്തിയത്. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ട്രെൻഡ് ബോൾട്ടാണ് കിവീസ് ബൗളിങ് നിരയിൽ തിളങ്ങിയത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ആഡം മിൽനെ, ജയിംസ് നീഷം, ഇഷ് സോഥി എന്നിവർ ഓരോ വിക്കറ്റുണ്ട്.

അഫ്ഗാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 5.1 ഓവറിൽ 19 റൺസെടുക്കുന്നതിനിടെ തന്നെ അവർക്ക് മുഹമ്മദ് ഷഹ്സാദ് (4), ഹസ്റത്തുള്ള സസായ് (2), റഹ്‌മാനുള്ള ഗുർബാസ് (6) എന്നിവരെ നഷ്ടമായി. ഗുൽബാദിൻ നയ്ബും നജിബുള്ള സദ്രാനും ചേർന്ന് ടീമിനെ 56 റൺസ് വരെയെത്തിച്ചു. 18 പന്തിൽ നിന്ന് 15 റൺസെടുത്ത നയ്ബിനെ പുറത്താക്കി ഇഷ് സോധി 10-ാം ഓവറിൽ ഈ കൂട്ടുകെട്ട് പൊളിച്ചു.

ക്രീസിൽ ഒന്നിച്ച സദ്രാൻ - മുഹമ്മദ് നബി സഖ്യമാണ് അഫ്ഗാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തിൽ നിന്ന് 14 റൺസെടുത്ത നബി 18-ാം ഓവറിലാണ് പുറത്തായത്. പിന്നാലെ സദ്രാനും മടങ്ങിയതോടെ ഡെത്ത് ഓവറുകളിൽ അഫ്ഗാന് സ്‌കോർ ഉയർത്താനായില്ല.

ഗുൽബാദിൻ നെയ്ബ് (15), മുഹമ്മദ് നബി (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാർ. കരിം ജനാത് (2), റാഷിദ് ഖാൻ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുജീബ് ഉർ റഹ്‌മാൻ (0) പുറത്താവാതെ നിന്നു.