റ്റെതൊരു മാധ്യമത്തേക്കാൾ ജനമനസ്സിൽ സ്ഥാനം പിടിച്ച ഒന്നാണ് സമൂഹ മാധ്യമങ്ങൾ. എഴുതിയത് വായിക്കുകയും, കാണിക്കുന്നത് കാണുകയും, പറയുന്നത് കേൾക്കുകയും മാത്രം ചെയ്യാതെ, തക്കസമയത്ത് ജനങ്ങൾക്ക് പ്രതികരിക്കാനും ഉള്ള അവസരം നൽകുന്നു എന്നതാണ് ഇതിനെ മറ്റ് മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, മാധ്യമസ്ഥാപനങ്ങളുടെയും മറ്റും സ്വകാര്യ താത്പര്യങ്ങൾ തെല്ലും ബാധിക്കാതെ സ്വന്തം ആശയവും ആഗ്രഹവും പ്രസിദ്ധീകരിക്കാൻ സൗകര്യം നൽകുന്നു എന്നതും ഈ മാധ്യമത്തെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ സഹായിച്ചു.

രാഷ്ട്രീയ രംഗത്ത്, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലത്ത് ഇന്നത്തെ ലോകത്തിൽ മറ്റേതു മാധ്യമങ്ങളേക്കാൾ സ്വാധീനം സമൂഹ മാധ്യമങ്ങൾക്ക് തന്നെയാണ്. അതുപോലെത്തന്നെയാണ് ഭരണകൂടങ്ങളുടെ വീഴ്‌ച്ചകൾ പുറത്തുകൊണ്ടുവരുന്ന കാര്യത്തിലും. ഒരു പക്ഷെ സമൂഹമാധ്യമങ്ങൾ ജനങ്ങൾക്ക് നൽകുന്ന അതിയായ സ്വാതന്ത്ര്യമായിരിക്കാം ഇവയെ ഭരണകൂടങ്ങളുടെ കണ്ണിലെ കരടാക്കിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും സമൂഹ മാധ്യമങ്ങളും ഭരണകൂടങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടാകുന്നുമുണ്ട്.

അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഏറ്റുമുട്ടലാണ് ആസ്ട്രേലിയൻ സർക്കാരും സമൂഹ മാധ്യമങ്ങളും തമ്മിൽ നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമോ വിമർശനങ്ങളോ അല്ല ഇവിടെ പ്രശ്നം. ഈ ഏറ്റുമുട്ടലിനുള്ള പ്രധാന കാരണം സാമ്പത്തികമാണ്. കൊറോണാ പ്രതിസന്ധിയിൽ ഉഴറുന്ന ആസ്ട്രേലിയൻ മീഡിയ കമ്പനികൾക്ക് സഹായമാകുവാനാണ് ആസ്ട്രേലിയൻ സർക്കാർ പുതിയ നിയമവുമായി എത്തിയിരിക്കുന്നത്. ഇതനുസരിച്ച ഫേസ്‌ബുക്കിന്റെ ടൈം ലൈനിൽ ആസ്ട്രേലിയക്കാർ ഷെയർ ചെയ്യുന്ന വാർത്തകൾക്ക് അതാത് ഏജൻസികൾക്ക് പ്രതിഫലം നൽകണം.

ഈ നിയമം ഗൂഗിൾ, ഇൻസ്റ്റാഗ്രാം തുടങ്ങിയ മറ്റ് സമൂഹമാധ്യമങ്ങൾക്കും ബാധകമാണ്. ഇത് നൽകുന്നതിൽ പ്രാജയപ്പെട്ടാൽ ലക്ഷക്കണക്കിനാ ഡോളർ പിഴയൊടുക്കേണ്ടതായി വരും. ഈ നിയമം ഇപ്പോൾ സർക്കാർ പരിഗണനയിലാണ്. ഇത് നടപ്പാക്കിയാൽ ആസ്ട്രേലിയക്കാരെ ടൈംലൈനിൽ പുതിയ ന്യുസ് സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും വിലക്കുമെന്ന് ഫേസ്‌ബുക്ക് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മീഡിയ കമ്പനികളെ സഹായിക്കുവാനായി ആസ്ട്രേലിയ ആരംഭിച്ച നടപടിയെ തുരങ്കം വയ്ക്കാനാണ് ഫേസ്‌ബുക്ക് ശ്രമിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ നിയമം നടപ്പിലായാൽ തങ്ങൾക്ക് പരിധിയില്ലാത്ത ചെലവുകൾ നേരിടേണ്ടി വരും എന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. അതുകൊണ്ടുതന്നെ ഇത് നിയമമാക്കുവാനുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

അതേസമയം, യാതൊരുവിധ സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ആസ്ട്രേലിയൻ സർക്കാരും വ്യക്തമാക്കി. ഇത് നിയമമാക്കുക തന്നെ ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഗൂഗിളും ഈ നടപടിക്കെതിരെ പ്രചാരണവുമായി രംഗത്തുണ്ട്. ഈ പുതിയ നിയമം ഗൂഗിളിനെ പ്രതിസന്ധിയിലാക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ ഫേസ്‌ബുക്കിനെ പോലെ ആസ്ട്രേലിയയെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുവാൻ അവർ തയ്യാറായിട്ടില്ല.

ഗൂഗിൾ സെർച്ച് റിസൽട്ടിലും ഫേസ്‌ബുക്കിന്റെ ന്യുസ് ഫീഡിലും, ന്യുസ് ഏജൻസികൾക്ക് പണം നൽകാതെ പ്രത്യക്ഷപ്പെടുന്ന വാർത്തകളെയാണ് സർക്കാർ ഉന്നം വയ്ക്കുന്നത്. ഇത്തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുക വഴി, പരസ്യത്തിൽ നിന്നുള്ള വരുമാനം ആസ്ട്രേലിയൻ മീഡിയ കമ്പനികൾക്ക് ലഭിക്കാതെ ഈ സമൂഹ മാധ്യമങ്ങൾക്ക് ലഭിക്കുന്നു എന്നാണ് ആസ്ട്രേലിയൻ സർക്കാർ പറയുന്നത്.2019-ൽ പ്രാദേശികപരസ്യകമ്പനികൾ ഫേസ്‌ബുക്കിന് മാത്രം 674 മില്ല്യൺ ആസ്ട്രേലിയൻ ഡോളറിന്റെ പരസ്യം നൽകി എന്ന വസ്തുത അവർ ചൂണ്ടിക്കാണിക്കുന്നു.

റെഗുലേറ്റേഴ്സ് പറയുന്നത്, പരസ്യത്തിൽ നിന്നും ഈ സമൂഹമാധ്യമങ്ങൾ പണം സമ്പാദിക്കുന്നു എന്നു മാത്രമല്ല, വാർത്താ ദാതാക്കൾ എന്നനിലയിൽ സമൂഹത്തിൽ ഇവർ കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നു എന്നുമാണ്. മാത്രമല്ല, മറ്റ് വെബ്സൈറ്റുകളിലുള്ള സമൂഹമാധ്യമങ്ങളുടെ ലൈക്ക്, ഷെയർ ബട്ടണുകൾ വഴി ഉപഭോക്താക്കളുടെ സ്വഭാവം മനസ്സിലാക്കുവാനും അതുവഴി അനുയോജ്യമായ പരസ്യം നൽകുവാനും കഴിയുന്നു. ഇങ്ങനെ പലവിധത്തിലും ഇവർ ലാഭമുണ്ടാക്കുന്നുണ്ട്.

ഇതോടൊപ്പം, പരിഗണനയിലിരിക്കുന്ന പുതിയ നിയമത്തിൽ പറയുന്നത്, ഇപ്പോൾ അതീവ രഹസ്യമായി വച്ചിട്ടുള്ള, റാങ്കുകൾ നിശ്ചയിക്കുന്ന അൽഗൊരിതം കൂടുതൽ സുതാര്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതനുസരിച്ച്, അൽഗൊരിതത്തിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ 28 ദിവസങ്ങൾക്ക് മുൻപായി പബ്ലീഷർമാരെ അറിയിച്ചിരിക്കണം.

എന്നാൽ, ന്യുസ് ഫീഡിൽ ജനങ്ങൾ കാണുന്നതിന്റെ ചെറിയൊരു അംശം മാത്രമേ ന്യുസ് വരുന്നുള്ളു എന്നും അത് ഒരു പ്രധാന വരുമാന സ്രോതസല്ല എന്നുമാണ് ഫേസ്‌ബുക്ക് പറയുന്നത്. അതേസമയം 2020 ലെ ആദ്യ അഞ്ചു മാസങ്ങളിൽ മാത്രം വിവിധ ആസ്ട്രേലിയൻ വെബ്സൈറ്റുകളിലേക്കായി ഫേസ്‌ബുക്കിൽ നിന്നും പോയത് 2.3 ബില്ല്യൺ ക്ലിക്കുകളാണെന്നും ഇതിന് ഏകദേശം 200 മില്ല്യൺ ആസ്ട്രേലിയൻ ഡോളറിന്റെ മൂല്യമുണ്ടെന്നും അവർ ചൂണ്ടിക്കാണീക്കുന്നു.മാത്രമല്ല കഴിഞ്ഞവർഷം അമേരിക്കയിൽ ആരംഭിച്ച, ന്യുസുകൾക്ക് പബ്ലീഷർമാർക്ക് പണം നൽകുന്ന ഫേസ്‌ബുക്ക് ന്യുസും ആസ്ട്രേലിയയിൽ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും അവർ പറയുന്നു.

ഈ നിയമം നടപ്പിലായാൽ ഫേസ്‌ബുക്കിന് എത്ര അധിക ചെലവ് വരും എന്നകാര്യം ഇപ്പോൾ കണക്കാക്കാൻ ആകില്ല. കാരണം വിവിധ പബ്ലീഷിങ് കമ്പനികളുമായി അവർക്ക് വിലയുടെ കാര്യത്തിൽ നീണ്ട ചർച്ചകൾ ആവശ്യമായി വരും. മാത്രമല്ല, ഇത് ആസ്ട്രേലിയയിൽ നടപ്പിലായാൽ മറ്റ് പല രാജ്യങ്ങളും സമാനമായ നിയമം നടപ്പിലാക്കിയേക്കും. ഇത് ഫേസ്‌ബുക്കിന്റെ ആഗോളതലത്തിലെ ബിസിനസ്സിനെ തന്നെ ബാധിച്ചേക്കും. അതുകൊണ്ടാണ്. നിയമം നടപ്പിലാക്കിയാൽ ആസ്ട്രേലിയയെ ബ്ലാക്ക്ലിസ്റ്റ് ചെയ്യേണ്ടിവരുമെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുന്നത്.

പുതിയ നിയമം വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച ഗൂഗിൾ ലോകമെമ്പാടുമുള്ള യൂട്യുബ് ഉപഭോക്താക്കളോട് ഇതിനെതിരെ പ്രതികരിക്കാൻ ആഹ്വാനം നൽകിയിട്ടുണ്ട്. ഈ നിയമം നടപ്പിലാക്കുകയാണെങ്കിൽ ന്യുസ് മീഡിയ ബിസിനസ്സിനു മാത്രമാണ് ഗുണമുണ്ടാകുക എന്നും അവർ പറയുന്നു. എന്നിരുന്നാലും ഫേസ്‌ബുക്കിനെ പോലെ അറ്റക്കൈ പ്രയോഗത്തിന് ഗൂഗിൾ തയ്യാറായിട്ടില്ല.